Wednesday, October 27, 2010

Nilambur Teak Forest















പ്രസിദ്ധമായ നിലമ്പൂരിലെ തേക്ക് പ്ലാന്റേഷന്‍.. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച കാലത്ത് നിലമ്പൂരില്‍ നിന്നു ഒരുപാട് മരങ്ങള്‍ വെട്ടിക്കടത്തിയെന്നത് യാഥാര്‍ത്ഥ്യം തന്നെ.. അതിനുവേണ്ടിയായിരുന്നല്ലോ നിലമ്പൂരിലേക്കു റെയില്‍പ്പാത ഉണ്ടാക്കിയത്.. അല്ലാതെ നിലമ്പൂരിലെ ജനങ്ങള്‍ക്കു തീവണ്ടിയാത്രക്കു വേണ്ടിയായിരുന്നില്ലല്ലോ.. എന്നാല്‍ കൂട്ടത്തില്‍ കനോലി സായ്പ് ചിലതു നട്ടുപിടിപ്പിക്കുക കൂടി ചെയ്തിരുന്നു.. അതാണ് ഇന്നും നിലമ്പൂരിനും കേരളത്തിനും ഇന്ത്യക്കും മാതൃകയായ കനോലി തേക്ക് പ്ലന്റേഷന്‍.. 117 തേക്കുകളാണ് അവിടെ ഇപ്പോഴുള്ളത്.. ഒരു തേക്കിന്റെ ശരാശരി വ്യാപ്തം 8.9 ക്യുബിക് മീറ്ററാണന്നു അവിടെ എഴുതിവെച്ചിട്ടുണ്ട്.. മറ്റു ചില ചരിത്രങ്ങളും അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.. കനോലി സായ്പിനെ പൂക്കോട്ടൂരില്‍ വെച്ച് വധിച്ചതുള്‍പ്പെടെയുള്ള ചരിത്രത്തിന്റെ ഏടുകള്‍ കുറിച്ചുവെച്ചിരിക്കുന്നു..

നിലമ്പൂര്‍ ടൗണിനു അടുത്തായി സ്ഥിതി ചെയ്യുന്ന അരുവാക്കോട് (അവിടെയാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തേക്ക് ലേലം നടക്കുന്നത്) ഫോറസ്റ്റ് ഓഫീസില്‍ നിന്നും പ്രവേശന ടിക്കറ്റ് എടുക്കണം.. അവിടെ നിന്നും ഒരു അഞ്ചു മിനുട്ട് നടന്നെത്താവുന്ന ദൂരത്താണ് കനോലി പ്ലോട്ട്.. അതിനപ്പുറത്തേക്കു വാഹനം അനുവദിക്കില്ല..












കുറച്ചു നടക്കുമ്പോള്‍ തന്നെ ചാലിയാര്‍ പുഴ കാണാം.. അതു മുറിച്ചു കടക്കാന്‍ ഇപ്പോള്‍ തൂക്കുപാലം ഉണ്ട്.. മുന്‍പ് പുഴ ക്രോസ് ചെയ്യാന്‍ ഒരു തോണി മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അതിലെ യാത്ര നല്ലൊരു അനുഭവമാണ്.. വലത്തോട്ടു ചായുമ്പോള്‍ അതിനകത്തേക്കു വെള്ളം കയറുമോയെന്നു പേടിച്ച് അപ്പുറത്തേക്കു ചാഞ്ഞിരിക്കും.. അപ്പോള്‍ ആ വശത്തെ വക്ക് വെള്ളത്തിന്റെ നിരപ്പിലേക്കു തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലെത്തും.. യാത്രചെയ്തു പരിചയമില്ലാത്തവരാണെങ്കില്‍ ഈ അവസ്ഥ കൂടുതലാകും..

















ആ തൂക്കുപാലം കടന്നുചെന്നാല്‍ കനോലി പ്ലോട്ടിന്റെ കരയിലെത്തും.. പിന്നീടുള്ള നടത്തം മുഴുവന്‍ തേക്കുകള്‍ക്കും മറ്റു വന്‍ മരങ്ങള്‍ക്കും ഇടയിലൂടെയാണ്.. 117 തേക്കുകളും മറ്റു മരങ്ങളും നല്കുന്ന തണലും ശുദ്ധമായ വായുവും സുഖമുള്ളൊരു കാറ്റും ആസ്വദിച്ചുകൊണ്ടു അവിടെ കറങ്ങാം.. കൂട്ടത്തില്‍ ചീവീടുകളുടെ ശബ്ദവും അലയടിക്കും.. ആ പ്ലോട്ടിന്റെ ഒരു വശത്ത് ഏതോ മലനിരയില്‍ നിന്നിറങ്ങി വരുന്ന ഒരു പുഴ ഒഴുകിയെത്തി ചാലിയാറില്‍ ചേരുന്നുണ്ട്.. ചാലിയാര്‍ സമ്പുഷ്ടമാകുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ കൈവഴികള്‍ ചേരുമ്പോഴാണ്..

മന്ദാരം, കാഞ്ഞീരം, ചീനി, തവള തുടങ്ങി വിവിധയിനം മരങ്ങള്‍ അവിടെ കാണാം.. അതിന്റെയെല്ലാം ശാസ്ത്രീയനാമങ്ങളും അവിടെ എഴുതിവെച്ചിട്ടുണ്ട്.. എല്ലാം ചുറ്റിനടന്നു കാണുമ്പോള്‍ 23-ം നമ്പര്‍ തേക്കു കാണാന്‍ മറക്കരുത്.. കാരണം അതാണ് കൂട്ടത്തില്‍ വലിയത്.. 46.5 മീറ്റര്‍ നീളം.. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്നാണ് പറയുന്നത്.. അതു രണ്ടുപേര്‍ കൂടി കൈകോര്‍ത്തുപിടിച്ചാല്‍ പോലും വട്ടം ചുറ്റിപിടിക്കാന്‍ കഴിയില്ല.. അവിടെയെല്ലാം ചുറ്റിക്കറങ്ങിയതിനു ശേഷം കൈവഴിപ്പുഴയില്‍ ഇറങ്ങി.. അതിന്റെ അരികിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.. മുക്കാല്‍ ഭാഗവും നനവില്ലാതെ മണല്‍ മാത്രമായി കിടക്കുകയായിരുന്നു.. ചാലിയാറിലെത്തിയാല്‍ ആഴം കൂടും.. ആ കൈവഴിപ്പുഴയിലെ വെള്ളത്തിനു ഔഷധഗുണമുണ്ടെന്നു അവിടത്തെ ആളുകള്‍ പറയുന്നു.. പ്രകൃതി സംരക്ഷണത്തിന്റെയും മരങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റേയും ആവശ്യകത അവിടം സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിക്കും ബോധ്യപ്പെടുമെങ്കില്‍ വളരെ നല്ലത്.. വരും തലമുറയോടു ചെയ്യുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്..

No comments: