Tuesday, October 19, 2010

കോടനാട്.. തട്ടേക്കാട്

കോടനാട്…തട്ടേക്കാട്…


എറണാകുളത്തുനിന്നും കോതമംഗലം വഴി മൂന്നാര്‍ റൂട്ടിലൂടെ പോയി രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലമാണ് തട്ടേക്കാട് പക്ഷിസങ്കേതം.. പോകുന്ന വഴിയില്‍ നിന്നു വലത്തോട്ടു തിരിഞ്ഞു പോയാല്‍ മൂന്നാറിലേക്ക്.. കോതമംഗലത്തിനടുത്തുള്ള മറ്റൊരു ടൂറിസ്റ്റ് സ്പോട്ട് കോടനാട്.. 8 മണിക്കു അവിടെയെത്തിയാല്‍ ആനകളെ കുളിപ്പിക്കുന്നതുള്‍പ്പെടെ ആനകളെ വളരെ അടുത്തുനിന്നു കാണാനാവുമെന്നാണ് പറഞ്ഞറിഞ്ഞത്.. ഇതൊക്കെയായിരുന്നു യാത്രക്കു മുന്‍പുള്ള സങ്കല്പം.. എല്ലാം ഏര്‍പ്പാടാക്കിയത് എറണാകുളത്ത് താമസിച്ചിരുന്ന ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാ ഒരു കുടുംബമാണ്..

രാവിലെ 7 മണിക്കു പുറപ്പെട്ടു.. കോടനാട് 8 മണിക്കെത്തുകയെന്നത് തെറ്റിച്ചില്ല.. അതുകൊണ്ടു തന്നെ കേട്ടറിഞ്ഞ സങ്കല്പങ്ങളും തെറ്റിയില്ല.. രണ്ടു കുഞ്ഞു ആനകള്‍ ഉള്‍പ്പെടെ 4 എണ്ണം സുഖകരമായ ആറാട്ടിലായിരുന്നു.. പാപ്പാന്മാര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.. പാപ്പാന്മാര്‍ ചകിരി കൊണ്ട് ശരീരം വൃത്തിയാക്കിക്കൊടുക്കുന്നു.. ആദ്യപേടി മാറിയ ടൂറിസ്റ്റുകളില്‍ ചിലര്‍ പുഴയിലിറങ്ങി ആനകളെ കുളിപ്പിക്കുന്നു.. ചെറിയ പേടി ബാക്കിയുള്ളവര്‍ കരയില്‍ നിന്നു ആസ്വദിക്കുന്നു.. എന്റെ ചെറിയ മോള്‍ക്കും

കൂടെയുള്ള രണ്ടു കുഞ്ഞുങ്ങള്‍ക്കും പുഴയില്‍ ഇറങ്ങി ആനയുടെ അടുത്ത് പോകാന്‍ താല്പര്യമുണ്ടായിരുന്നു.. പക്ഷേ ഇറങ്ങിയില്ല..അവിടത്തെ കാഴ്ചകള്‍ ക്യാമറയില്‍ ഞങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു..


അതിനിടയില്‍ രണ്ട് ആനകള്‍ കുളി കഴിഞ്ഞു കയറി വന്നു.. കൂട്ടത്തില്‍ വലിയതാണ് ആദ്യമെത്തിയത്.. പലരും പേടിച്ചു വഴിയോരത്തേക്കു മാറി.. പിന്നീട് കുഞ്ഞു ആന എത്തിയപ്പോഴേക്കും പാപ്പാന്‍ പകര്‍ന്ന ധൈര്യത്തില്‍ ഞങ്ങളുടെ രണ്ടു കുടുംബമുള്‍പ്പെടെ കുറച്ചുപേര്‍ ആനയെ തൊടാനും അതിനെ പിടിച്ചുനിന്നു ഫോട്ടോ എടുക്കാനും ധൈര്യം കാണിച്ചു.. കുറച്ചു നിമിഷങ്ങള്‍ക്കകം ആനക്കുട്ടിയുമായി (അതിന്റെ പേര്‍ ആശ) എല്ലാവരും ഇണങ്ങുകയും ചങ്ങാത്തത്തിലാവുകയും ചെയ്തു..ബാക്കി രണ്ടെണ്ണം (പാര്‍വതി,

ഞ്ജന) കൂടി നീരാട്ട് കഴിഞ്ഞു കയറി. കോടനാട് നിന്നു പെട്ടെന്നു മടങ്ങണമെന്ന മുന്‍ ധാരണയെല്ലാം തെറ്റി.. ആനക്കുട്ടിയുടെ കൂട്ട് കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരു പുതിയ അനുഭവം, ജീവിതത്തിലെ ആദ്യത്തെ അനുഭവം നല്‍കിയപ്പോള്‍ സമയം പ്രശ്നമായില്ല.. കുറേ സമയം ആനയുടെയടുത്ത് ചെലവഴിച്ചു.. ഇതിനേക്കാള്‍ കൂടുതല്‍ ആനകളെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനപ്പന്തിയില്‍ കണ്ടിട്ടുണ്ട്.. അതു നല്‍കുന്നത് മറ്റൊരു ആസ്വാദനമാണ്.. പിന്നീട് കോടനാട് ആനപ്പന്തിയോട് ചേര്‍ന്ന് ഒരു കൊച്ചു കാഴ്ചബംഗ്ലാവ്.. ഏതാനും മൃഗങ്ങളും കുറച്ചു പക്ഷികളും.. ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക്.. അവിടെ നിന്നു കുട്ടികളെ നിര്‍ബന്ധിച്ച് വണ്ടിയില്‍ കയറ്റി അടുത്ത കേന്ദ്രത്തിലേക്ക്.. ഏകദേശം 10മണി.. വഴിയില്‍ പ്രാതലിനു കുറച്ചു സമയം.. യാത്ര തുടര്‍ന്നു..


തട്ടേക്കാടിലീക്കുള്ള വഴിയോരങ്ങള്‍ വയനാട്/മസ്നഗുഡി തുടങ്ങിയ യാത്രകളുടെ ദൃശ്യഭംഗി നല്‍കുന്നതല്ല.. വിരസമായ വഴിയോരങ്ങള്‍.. സാധാരണ കാഴ്ചകള്‍.. അപ്പോഴും ഞങ്ങള്‍ക്ക് എത്താന്‍ പോകുന്ന സ്ഥലത്തിന്റെ ഒരു ഭൂമിശാസ്ത്രവും അറിയില്ലായിരുന്നു. കാരണം ഞങ്ങളുടെ കൂടെയുള്ള സുഹൃത്തുക്കള്‍ അവരുടെ സുഹൃത്തുക്കളില്‍ നിന്നു കേട്ടറിഞ്ഞ വിവരണത്തിന്റെ ഭംഗിയിലാണ് ഞങ്ങള്‍ അവിടേക്കു പോകുന്നത്.. ഏകദേശം 12 മണിയോടു കൂടി ഞങ്ങള്‍ ഉദ്ദേശിച്ച ബേഡ്സ് ലഗൂണ്‍ എന്ന റിസോര്‍ട്ടിന്റെ ബോര്‍ഡ് വഴിയോരങ്ങളില്‍ കാണാന്‍ തുടങ്ങി.. ഇടക്കു ചില ജംഗ്ഷനുകള്‍ വരുമ്പോള്‍ റിസോര്‍ട്ടില്‍ വിളിക്കും.. ഏതായാലും ഒരു മണിയോടടുത്ത് റിസോര്‍ട്ടില്‍ എത്തി.. വിശാലമായ ഇടം.. ഒരു ഭാഗത്ത് കായലില്‍ നിന്നു തള്ളി നില്‍ക്കുന്ന വെള്ളം.. വിവിധ ഭാഗങ്ങളിലായി പല തരത്തിലുള്ള കോട്ടേജുകള്‍.. ഞങ്ങള്‍ക്ക് കിട്ടിയത് മൈനയും കിങ്ഫിഷറും (കോട്ടേജിന്റെ പേരാണ്).. കായല്പരപ്പു നല്‍കുന്ന സുന്ദരമായ കാഴ്ച.. റിസോര്‍ട്ട് കോമ്പൌണ്ടില്‍ ഒരു കുളം, പിന്നെ കിഡ്സ് പൂള്‍, ഷട്ടില്‍ കോര്‍ട്ട്, ചീനവല, മീന്‍ പിടിക്കാനുള്ള സൌകര്യം.. നമ്മളുടെ കയ്യില്‍ ചൂണ്ടയുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലത്.. കാരണം അവര്‍ നല്‍കുന്ന ചൂണ്ട വലിയ മത്സ്യങ്ങള്‍ക്കുള്ള കൊളുത്താണ്.. ചെറിയ കൊളുത്തായിരുന്നെങ്കില്‍ എന്തായാലും മീന്‍ കിട്ടുമായിരുന്നു.. ചീനവല ഉപയോഗിച്ചു മീന്‍ പിടിക്കുന്നത് നമുക്കു പരീക്ഷിക്കാം.. പത്തോളം കുഞ്ഞു മീനുകള്‍ ഞങ്ങള്‍ക്കും കിട്ടി..

അവിടത്തെ ഭക്ഷണവും നല്ലതായിരുന്നു.. വൈകീട്ട് ഒരു വലിയവള്ളത്തില്‍ ഞങ്ങളും അവിടെ താമസത്തിനെത്തിയ വേറൊരു കുടുംബവും കൂടി പെരിയാര്‍ മുറിച്ചുകടന്നു ഇഞ്ചത്തൊട്ടി എന്ന വനത്തിന്റെ ഭാഗത്തേക്കു യാത്രതിരിച്ചു.. ശരിക്കും ഭയങ്കരമായ വീതിയിലുള്ള പെരിയാറിനു നടുവിലെത്തുമ്പോള്‍ പല ചിന്തകള്‍ മനസ്സിലൂടെ കടന്നുപോവും.. ഫൈറോസിനാണെങ്കില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഭയങ്കര പേടിയാണ്.. ഞങ്ങള്‍ പോകുന്നതിനു കുറച്ചു മുന്‍പായിരുന്നു തട്ടേക്കാട്ബോട്ടപകടം..കുറേവിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയുംചെയ്തിരുന്നു.. ആ പെരിയാറിലൂടെയാണ് യാത്രയെന്നത് ഏതു പേടിയില്ലാത്തവനേയും ചെറുതായി ഭയപ്പെടുത്തുന്നതായിരുന്നു.. വലിയ മുള കൊണ്ടു കുത്തിത്തുഴയുന്ന വഞ്ചിയായിരുന്നു.. ഇഞ്ചത്തൊട്ടി വനത്തിന്റെ ഉള്‍ഭാഗത്തേക്കു എത്തിയപ്പോള്‍ ഭയമെല്ലാം മാറി.. കാടിനു ഒരു പ്രത്യേക സൗന്ദര്യം.. ആ ഭാഗത്ത് മലയണ്ണാനെ കണ്ടു.. ആനകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ധാരാളമാണ്.. കാ

രണം ഇല്ലിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു അത്.. ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ തിരിച്ചു റിസോര്‍ട്ടില്‍തിരിച്ചെത്തി.. അതിനു ശേഷം ശ്വാസം വിട്ടവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു..

അടുത്ത ദിവസം രാവിലെ ഷട്ടില്‍ കളി.. കുളത്തിലെ കുളി.. മീന്‍പിടുത്തം വിവിധ വിധത്തില്‍ പരീക്ഷിച്ചെങ്കിലും ചീനവലയില്‍ മാത്രമാണ് കുറച്ചു മീന്‍ (കുഞ്ഞുമീന്‍) കിട്ടിയത്.. വന്‍ മീനുകള്‍ ഒരു കുട്ട നിറയെ കിട്ടിയില്ല.. കേവലം പത്തെണ്ണം മാത്രം.. അതിനുശേഷം വീണ്ടും അവിടമെല്ലാം ചുറ്റിനടന്നു കണ്ടു.. തട്ടേക്കാട് പക്ഷിസങ്കേതം കാണണമെന്നു കരുതിയിരുന്നെങ്കിലും എവിടേയും പോയില്ല.. സമ്പൂര്‍ണ്ണ വിശ്രമം.. അതിനു പറ്റിയ കേന്ദ്രമായിരുന്നു ബേഡ്സ് ലഗൂണ്‍.. ഉച്ചഭക്ഷണത്തിനു ശേഷം മടക്കയാത്ര.. അപ്പോഴേക്കും ഒരു കുടുംബയോഗത്തിനായി നേരത്തെ ബുക്ക് ചെയ്ത ഒരു കുടുംബക്കൂട്ടം എത്തിയിരുന്നു.. പക്ഷേ കുട്ടികള്‍ അപ്പോഴേക്കും മൂഡ് ഓഫ് ആയി.. അതു പിന്നെ അങ്ങിനെയാണ്.. അവര്‍ക്കു എവിടെപ്പോയാലും തിരിച്ചുപോരുമ്പോള്‍ അങ്ങിനെയാണ്.. എന്തായാലും നല്ലൊരു അനുഭവത്തോടെ ഞങ്ങള്‍ മടങ്ങി..

No comments: