Saturday, October 22, 2011

ഹൈദരാബാദ് - പഴമയും പുത്തന്‍ വിശേഷങ്ങളും (ഭാഗം 3)

ഏപ്രില്‍ 9 (മൂന്നാം ദിനം)
സലാര്‍ ജംഗ് മ്യൂസിയത്തിലൂടെയുള്ള ഒരു ഓട്ട പ്രദക്ഷിണത്തിനു ശേഷം, വൈകിട്ട് ലുംബിനി പാര്‍ക്കില്‍.. അവിടെയായിരുന്നു ബോംബ്‌ സ്ഫോടനം നടന്നത്. കര്‍ശനമായ ചെക്കിംഗിനു ശേഷമാണ് കടത്തി വിടുന്നത്. പഴങ്ങള്‍ തൊലി ചെത്താന്‍ ഒരാളുടെ ഹാന്‍ഡ് ബാഗില്‍ വെച്ചിരുന്ന പിച്ചാത്തി പോലും പിടിച്ചു വെച്ചതിനു ശേഷമാണ് കടത്തി വിട്ടത്.. Children's പാര്‍ക്കില്‍ കുട്ടികള്‍ കളിച്ചു. കനലില്‍ ചുട്ട കമ്പക്കുല വാങ്ങിക്കഴിച്ചു. ഇരുട്ടിയതിനു ശേഷം നടക്കുന്ന ലേസര്‍ ഷോ കണ്ടു. ഹൈദരാബാദിന്റെ ചരിത്രം വിശദമാക്കുന്ന കമന്ററിയോട് കൂടിയ ലേസര്‍ ഷോ, കൂട്ടത്തില്‍ ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ ആന്ധ്ര നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തുന്ന മറ്റൊന്നും ഉണ്ടായിരുന്നു.. ഗ്യാലറി നിറഞ്ഞിരുന്നു.. സ്ക്രീന്‍ പോലും ഇല്ലാതെ ഉള്ള ആ പ്രദര്‍ശനം നല്ലൊരു അനുഭവമേകി..

പിന്നെ തൊട്ടടുത്തുള്ള ഹൊസൈന്‍ സാഗര്‍ തടാകം. രണ്ടു തവണ സിറ്റിയിലൂടെ കറങ്ങിയപ്പോള്‍ വെറും കാഴ്ചയായി കണ്ടിരുന്നു. അതിനു നടുവില്‍ മാര്‍ബിളില്‍ തീര്‍ത്ത ഒരു വലിയ ബുദ്ധ പ്രതിമ. രാത്രിയില്‍ തെളിഞ്ഞു നില്‍ക്കുന്ന ബുദ്ധന്‍ ആരും ശ്രദ്ധിച്ചു പോകും.. ആ തടാകത്തിലൂടെ ഒരു ബോട്ട് യാത്രയും. മാര്‍ബിള്‍ ബുദ്ധനെ ചുറ്റിയുള്ള യാത്ര. ബോട്ടില്‍ യാത്രക്കാര്‍ക്ക് ആനന്ദമേകാന്‍ ചടുല സംഗീതത്തിനൊപ്പം രണ്ടു യുവാക്കളും രണ്ടു യുവതികളും സമ്മാനിക്കുന്ന ഡിസ്കോയും.. അതുകൂടി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മതിയായി.. അന്ന് ഞങ്ങളുടെ ട്രാവല്‍ ഏജ ന്റ്  (ഫൈസല്‍) സവിശേഷമായ ഹൈദരാബാദ് ബിരിയാണിയാണ് ഞങ്ങള്‍ക്ക് തയ്യാറാക്കിയത്.. (കോഴിക്കോടന്‍ ബിരിയാണിയുടെ രുചിയോളം എത്തില്ലെന്നാണ് എന്റെ അഭിപ്രായം).. ഭക്ഷണത്തിന് മുന്പ് ഒരു ക്യാമ്പ് ഫയറും അവര്‍ ഒരുക്കിയിരുന്നു. ഭക്ഷണവും കഴിഞ്ഞു റൂമില്‍ എത്താന്‍ തിരക്കായി..

നാലാം ദിനം (ഏപ്രില്‍ 10)
സെക്കന്തരബാദില്‍ നിന്ന് 7 കി.മീ. യാത്ര ചെയ്‌താല്‍ എത്തുന്ന ഒരു മന്ദിരമാണ് ആണ് ബിര്‍ള മന്ദിര്‍. ദല്‍ഹി, കൊല്‍ക്കത്ത, വാരാണസി, ഭോപാല്‍, കുരുക്ഷേത്ര, ജൈപൂര്‍, പാറ്റ്ന തുടങ്ങി ഇന്ത്യയില്‍ 11 പട്ടണങ്ങളില്‍ ഇതുപോലുള്ള വ്യത്യസ്ത ദൈവപ്രതിഷ്ടകള്‍ ഉള്ള മന്ദിരങ്ങള്‍ ബിര്‍ള ഫൌണ്ടേഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിനകത്ത് ഇതു മതസ്ഥര്‍ക്കും പ്രവേശിക്കാം. സമ്പൂര്‍ണ്ണമായും വെള്ള മാര്‍ബിളില്‍ ആണ് ഇതെല്ലാം നിര്‍മ്മിച്ചിട്ടുള്ളത്. വെങ്കിടേശ്വര പ്രതിഷ്ഠയുള്ള ഹൈദരാബാദിലെ ബിര്‍ള മന്ദിര്‍ നിര്‍മ്മാണത്തിന് 2000 ടണ്‍ വെള്ള മാര്‍ബിള്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. രാജസ്ഥാനി ക്ഷേത്ര മാതൃകയുടെ രൂപകല്പനയാണ് സ്വീകരിച്ചിട്ടുള്ളത്. ആന്ധ്ര സ്വദേശിയായ സുഹൃത്ത് ശ്രീ.രമണ ഞങ്ങളെ സന്ദര്‍ശിക്കാന്‍ അവിടെ വന്നിരുന്നു. (മലപ്പുറത്ത്‌ കൃഷി ഓഫീസര്‍ ആണ്.. ഇപ്പോള്‍ ലീവില്‍).. അദ്ദേഹം പറഞ്ഞത് നിലാവുള്ള രാത്രിയില്‍ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ മന്ദിരം കാണാന്‍ അപാര സൌന്ദര്യമാണത്രേ.. അതുകൊണ്ട് അതിനായി ഇനി ഒരു വരവ് കൂടി നടത്തിയാലും നഷ്ടമാവില്ല എന്നായിരുന്നു.

തൊട്ടടുത്ത്‌ തന്നെ ബിര്‍ള പ്ലാനറ്റെറിയം. ചരിത്രത്തെയും ശാസ്ത്രത്തെയും പുനരവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍, ശാസ്ത്ര തത്വങ്ങളുടെ പ്രായോഗികത ലളിതമായി ബോധ്യപ്പെടുത്തുന്ന കുറെ വസ്തുക്കള്‍.. ഊര്‍ജ്ജതന്ത്രം അടിസ്ഥാനമാക്കിയതാണ് കൂടതല്‍.. പിന്നെ ജീവശാസ്ത്രവും.. ആനയുടെ തലയോട്ടി, പല്ലുകള്‍, തിമിംഗലത്തിന്റെ എല്ലുകള്‍ തുടങ്ങി പലതും.. ദിനോസറിന്റെ സ്കെലറ്റന്‍ ആയിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. കുട്ടികള്‍ക്കും അത് ഒരു അത്ഭുത കാഴ്ചയായി. അവരെല്ലാം ജുറാസ്സിക് പാര്‍ക്ക് എന്ന സിനിമ പല തവണ കണ്ടവരാണ്. മുതിര്‍ന്നവരും മോശമായിരുന്നില്ല. പിന്നെ കുട്ടികളുടെ ഇടയില്‍ അങ്ങിനെയങ്ങ് കാണിക്കാനാവില്ലല്ലോ.. ഞങ്ങള്‍ ഇത് കുറെ കണ്ടതാണെന്ന മട്ടില്‍ ആയിരുന്നു നില്പ്.. അതും നല്ല പ്രയോജനകരമായി. ഭക്ഷണശേഷം റൂമില്‍ പോയി മടക്കയാത്രക്കായി എല്ലാം പാക്ക് ചെയ്തു. വൈകീട്ട് 6 മണിക്ക് ട്രെയിന്‍ കയറണം. ഹോട്ടലില്‍ നിന്ന് റോഡു ക്രോസ് ചെയ്‌താല്‍ ട്വിന്‍ സിറ്റിയിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ ആയ സെക്കന്ദരാബാദ് ആണ്.

ഉച്ചക്ക് ശേഷം കുറച്ചു തുണിത്തരങ്ങള്‍, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍, ഫൈസല്‍ ഞങ്ങളെ ഒരു വ്യാപാര മേഖലയില്‍ തുറന്നു വിട്ടു. ഇത്ര സമയത്തിനുള്ളില്‍ തിരിച്ചു വരണം എന്ന നിബന്ധന മാത്രം. കാരണം ആറു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തണം. പിന്നെ ആ തെരുവില്‍ പൊള്ളുന്ന വെയിലില്‍ കറങ്ങുകയായിരുന്നു. സാരി, ചുരിദാര്‍ ബിറ്റുകള്‍, ബാഗ്, ചപ്പല്‍ തുടങ്ങി പലതും പലരും വാങ്ങി. തിരിച്ചു റൂമിലേക്ക്‌.. അവിടെ നിന്നും റെയില്‍വേ സ്റ്റെഷനിലേക്ക്.. സ്റ്റേഷനില്‍ എത്തുമ്പോള്‍ ട്രെയിന്‍ എത്തിയിരുന്നില്ല. ഇനിയും ഒട്ടേറെ കാണാന്‍ ബാക്കി വെച്ചു കൊണ്ട്, കണ്ടത് തന്നെ മതിയാവോളം ആസ്വദിച്ചു കാണാതെ ഞങ്ങള്‍ ഹൈദരാബാദിനോട് വിടചൊല്ലി...

ഏപ്രില്‍ 11 നു രാവിലെ ചെന്നൈയില്‍ ട്രെയിന്‍ ഇറങ്ങി. അവിടെ നിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ തിരൂരിലേക്ക്.. രാത്രി 11 മണിയോടെ തിരൂരില്‍.. 12 മണിയോടെ ഓരോരുത്തരും സ്വന്തം വീടുകളില്‍..
തിരൂരിലേക്ക്.. രാത്രി 11 മണിയോടെ തിരൂരില്‍.. 12 മണിയോടെ ഓരോരുത്തരും സ്വന്തം വീടുകളില്‍..

ലേസര്‍ ഷോ ..

ഹോസൈന്‍ സാഗര്‍ തടാകത്തിലെ ബുദ്ധ പ്രതിമ..

ബോട്ടിലെ ഡിസ്ക്കോ..

ബിര്‍ള മന്ദിര്‍ ..

ബിര്‍ള പ്ലാനറ്റെറിയം.. ദിനോസര്‍ സ്കേലറ്റന്‍..

Thursday, October 20, 2011

ഹൈദരാബാദ് - രാജഭരണത്തിന്റെ ശേഷിപ്പുകള്‍ (ഭാഗം 2)

മൂന്നാം ദിനം.. (2008 ഏപ്രില്‍ 9)
വെയില്‍ ചൂടാകും മുന്പ് ഇറങ്ങി.. ഹൈദരാബാദ് സിറ്റിയുടെ 11 കി.മീ. പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗോല്‍ക്കൊണ്ട ഫോര്‍ട്ട് കാണാന്‍.. കാക്കതീയ വംശം നിര്‍മ്മിച്ച ഈ കോട്ട, പിന്നീട് ഖുതുബ് ഷാഹി വംശം പുനര്‍നിര്‍മ്മിച്ചത് വടക്ക് നിന്നുള്ള മുഗള്‍ അധിനിവേശം തടയാനായിരുന്നു എന്ന് ചരിത്രം.. കോട്ടയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന കവാടത്തില്‍ നിന്ന് കൈ കൊട്ടിയാല്‍ 300 അടി ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗത്ത്‌ കേള്‍ക്കാം എന്നത് ഈ കോട്ടയുടെ ഒരു സവിശേഷതയാണ്.. ആട്ടിടയന്റെ കുന്ന് എന്നര്‍ത്ഥമുള്ള ഗോല്‍കൊണ്ട നില്‍ക്കുന്നത് ഒരു ഗ്രാനൈറ്റ് കുന്നിലാണ്.. കവാടത്തില്‍ നിന്ന് കല്‍പടവുകള്‍ കയറി വേണം 300 അടി മുകളില്‍ എത്താന്‍.. അതിനിടയില്‍ വിശ്രമിക്കാം.. കുട്ടികള്‍ അമിതാവേശത്തോടെ കയറുന്നുണ്ടായിരുന്നു. പകുതി എത്തിയപ്പോള്‍ ഫൈറോസിന് കിതപ്പും ഒരു നെഞ്ചുവേദനയും അനുഭവപ്പെട്ടു. കുറച്ചു വിശ്രമിച്ചു വീണ്ടും കയറി. ഇടയ്ക്കു കാരാഗൃഹം പോലെ ഒരിടം.. അതിനകത്ത് വെയില്‍ ഇല്ല. അവിടെ കയറിയപ്പോള്‍ നല്ല തണുപ്പ്.. എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ.. ഇനിയും മുകളിലേക്ക് തന്നെ.. കോട്ടക്കുള്ളിലൂടെ വിവിധോദ്ദേശ നിര്‍മ്മിതികള്‍ക്കിടയിലൂടെ വളരെ സാവകാശം മുകളിലെത്തി.. മുകളില്‍ നിന്ന് ആ പട്ടണത്തിന്റെ ഒരു വിഹഗ വീക്ഷണം കിട്ടും. മേല്‍ക്കൂര ഇല്ലാത്ത കോട്ടയുടെ മുകളില്‍ കത്തുന്ന സൂര്യന്റെ ചൂട് അറിയാത്ത വിധം നല്ല കാറ്റ്.. വിവിധ കോണുകളിലൂടെ ഉള്ള കാഴ്ചകളും വിശ്രമവും ഒരുമിച്ചു തന്നെ.. ശേഷം ഇറങ്ങിയത്‌ മറ്റൊരു വഴിയിലൂടെ. ആര്‍ച്ച് രൂപത്തിലുള്ള ചില ഭാഗങ്ങള്‍, ഹാളുകള്‍, ആയോധന പരിശീലനങ്ങള്‍ക്കുള്ള ഇടങ്ങള്‍, അന്തപ്പുരത്തിലെ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ തയ്യാറാക്കിയ സ്ഥലം, ജലസംഭരണി  ഉള്‍പ്പെടെ ഒട്ടേറെ പഴയ ശില്പ ചാരുതയുടെ വിസ്മയക്കാഴ്ചകള്‍ കണ്ടു. രാജാവ് യോഗം നടത്തുന്ന സ്ഥലം ഗൈഡ് (ഫൈസല്‍) കാണിച്ചു തന്നു. അതിനുള്ളില്‍ നടത്തുന്ന സ്വകാര്യ സംഭാഷണം പോലും നല്ല ശബ്ദത്തില്‍ കേള്‍ക്കുന്ന സംവിധാനമാണെന്ന് വായിച്ചിട്ടുണ്ട്. ചില ഗുഹകളിലൂടെയും മറ്റും താഴെ എത്തി. ഈ കോട്ടയില്‍ നിന്ന് ചാര്‍മിനാറിലേക്കും മറ്റു ചില ഭാഗത്തേക്കും തുരങ്കം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ വകുപ്പ് ഇതിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്നുണ്ട്.. രാത്രില്‍ പ്രകാശ വിന്യാസത്തോടെ നടക്കുന്ന കോട്ടയെ കുറിച്ചുള്ള വിവരണം ഏറ്റവും രസകരമാണെന്ന് അറിഞ്ഞിരുന്നു. ഓരോ ഭാഗത്തേക്ക് മാത്രം സ്പോട്ട് ലൈറ്റ് നല്‍കി അതിന്റെ പ്രാധാന്യം വിവരിക്കുന്ന രീതി.. പക്ഷെ ഞങ്ങള്‍ക്ക് സമയം പരിമിതമായിരുന്നു.

അതിനു ശേഷം ഞങ്ങള്‍ സ്നോ വേള്‍ഡ് എന്ന പുതിയ സാങ്കേതത്തിലേക്ക്.. ഹിമാലയന്‍ കാലാവസ്ഥ പുനരവതരിപ്പിച്ചിരിക്കുന്ന ഒരിടം.. ഹിമസാഗരത്തിലൂടെ ഒരു യാത്ര.. അവര്‍ നല്‍കുന്ന വൂളന്‍ കോട്ടും പാന്റും ജംഗിള്‍ ഷൂവും ധരിച്ചു കഴിഞ്ഞാല്‍ അതിനുള്ളിലേക്ക്‌ കടക്കാം.. അകത്തു ഐസ് കട്ടകള്‍, സിനിമകളില്‍ മാത്രം കണ്ട മഞ്ഞു മഴ, കാല്‍പാദം മൂടുന്ന വിധം പൊടിമഞ്ഞു നിറഞ്ഞിരിക്കുന്നു. കുറച്ചു വാരി കൂടെയുള്ളവരുടെ കോട്ടിനുള്ളിലേക്ക് ഇടുന്നുണ്ടായിരുന്നു. അതിനകത്ത് പിള്ളേരുടെ കളിയായിരുന്നു. ചുരുക്കം ചിലര്‍ തണുപ്പ് സഹിക്കാതെ പുറത്തു കടന്നു. പുറത്തെ പൊള്ളുന്ന ചൂടും അകത്തെ വിറയ്ക്കുന്ന തണുപ്പും..പുതിയൊരു അനുഭവം.. ചരിത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഇവിടെയാണ്‌..

ഉച്ചക്ക് സലാര്‍ ജംഗ് മ്യൂസിയം.. കാകതിയ രാജവംശത്തിന്റെയും ഖുതുബ് ഷാഹി വംശത്തിന്റെയും ഭരണത്തിന്റെയും പരിഷ്കാരത്തിന്റെയും ചരിത്രം അവതീര്‍ണ്ണമാകുന്ന കുറിപ്പുകള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍, വൈരങ്ങള്‍ തുടങ്ങി പലതും.. അമൂല്യമായ രത്നങ്ങള്‍ വരെ.. ലോഹ നിര്‍മ്മിതമായ (brass) ഒരു പഴയ ക്ലോക്ക് കണ്ടു. ഓരോ മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഘടികാരത്തിനുള്ളില്‍ നിന്ന് ഒരു ഭടന്‍ (ലോഹനിര്‍മ്മിതി) പുറത്തിറങ്ങി മണിയടിക്കുന്നു. (ഇപ്പോള്‍ അതിനു പകരം കിളികള്‍ പുറത്ത് വന്നു ശബ്ദിച്ചു പോകുന്ന ക്ലോക്കുകള്‍ സര്‍വ്വസാധാരണം, ഇത് ഏതു കാലഘട്ടമാണെന്ന്   ഓര്‍ക്കണം..) അത് കാണാന്‍ മണിക്കൂര്‍ തികയുന്ന സമയം കണക്കാക്കി സന്ദര്‍ശകര്‍ കാത്തിരിക്കും.. അവിടെ ഏതാനും മാര്‍ബിള്‍ ശില്പങ്ങള്‍ മാത്രമുള്ള ഒരു ഭാഗമുണ്ട്.. ശരിക്കും ജീവന്‍ തുടിക്കുന്ന മനുഷ്യ രൂപങ്ങള്‍. നനഞ്ഞ ചേല ചുറ്റിയ ഒരു സ്ത്രീരൂപം ഉണ്ട്. കലയുടെ പൂര്‍ണ്ണത വെളിവാക്കുന്ന സൃഷ്ടി.. അതിനകത്തെ പ്രദര്‍ശന വസ്തുക്കളെ ചരിത്രവുമായി ബന്ധപ്പെടുത്തി ഉള്‍ക്കൊള്ളാന്‍ തുനിഞ്ഞിരുന്നു എങ്കില്‍ അന്ന് അവിടെ നിന്ന് മടങ്ങിപ്പോരാന്‍ കഴിയുമായിരുന്നില്ല.. (ഇനിയും സ്ഥലങ്ങള്‍ ഒരു പാട് ബാക്കി.. പക്ഷെ ദിവസം ഒന്ന് കൂടിയേ ബാക്കിയുള്ളൂ..)




Golconda 1

Golconda 2

Golconda 3 മുകളില്‍ നിന്നുള്ള കാഴ്ച ..



Golconda 4 കാരാഗൃഹം..

Golconda 5

സലാര്‍ ജംഗ് മ്യൂസിയം..


Monday, October 17, 2011

ഹൈദരാബാദ് - ചരിത്രവും ശില്പഭംഗിയും.. (ഭാഗം-1 )

2008 ഏപ്രില്‍ 6 .. ഞങ്ങള്‍ അഞ്ചു കുടുംബങ്ങള്‍ ഹൈദരാബാദിലെക്ക്..ഒരു conducted tour .. ഞങ്ങളുടെ സുഹൃത്ത്‌ ഫൈസലിന്റെ സ്ഥാപനം..(താമസം,ഭക്ഷണം,കാഴ്ചകള്‍ എല്ലാം അവര്‍ arrange ചെയ്തു)..
എന്റെ മുന്‍ യാത്രാ കുറിപ്പില്‍ പരാമര്‍ശിച്ച ആറ് സുഹൃത്തുക്കളില്‍ ഒരു കുടുംബം ഇല്ലായിരുന്നു..
അങ്ങാടിപ്പുറത്ത് നിന്ന് ഉച്ചക്ക് 1 മണിക്ക് തീവണ്ടിയില്‍ ഷോര്‍ണൂര്‍ വരെ.. അവിടെ നിന്ന് 2.20 നു ഹൈദരാബാദിലേക്ക് ശബരി എക്സ്പ്രസില്‍.. ശീതീകരിച്ച കോച്ച് വെയിലിന്റെ കത്തുന്ന ചൂടിനു രക്ഷയായി.. അടുത്ത ദിവസം (7-4-08) ഉച്ചക്ക് 1 മണിക്ക് ഹൈദരാബാദില്‍ ട്രെയിന്‍ ഇറങ്ങി. നേരെ ഹോട്ടലില്‍..
കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം, കാഴ്ചകളുടെ പൂരങ്ങള്‍ക്കായി ഒരു മിനി ബസ്സില്‍ യാത്ര തുടങ്ങി. ചന്ദ്രബാബു നായിഡു എന്ന മുഖ്യമന്ത്രിയുടെ "നേട്ടമായി" പറയുന്ന ഐ.ടി. സിറ്റിയുടെ നിറവിലൂടെ സാവകാശം.. ഇടത്തും വലത്തും നിരനിരയായി വിവിധ ഐ.ടി. കമ്പനികളുടെ പളപളപ്പാര്‍ന്ന സൌധങ്ങള്‍.. ചില്ലുകൂടാരങ്ങള്‍.. (ഇത്രയൊക്കെ 'ഹൈടെക് വികസനം' കൊണ്ട് വന്നിട്ടും അദ്ദേഹം പരാജയപ്പെട്ടത് കൂടുതല്‍ വോട്ടുള്ള സാധാരണക്കാരന് ഭക്ഷണത്തിനുള്ള വക ഉണ്ടായില്ല എന്നതാണ്).. അവിടെ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക്..
ശില്പാരാമം.. 4 മണിയോടെ അവിടെയെത്തി.. കുറച്ചു നിര്‍മ്മിതികള്‍, മണ്‍ശില്പങ്ങള്‍, ജീവന്‍ തുടിക്കുന്ന മെഴുകു ശില്പങ്ങള്‍, കൊച്ചു പാര്‍ക്ക്, അരയന്നങ്ങള്‍ നീന്തുന്ന ഒരു ചെറിയ തടാകം.. വെറുതെ കണ്ടു നടക്കാം.. അത്രമാത്രം.. ആകെ ഒരു അത്ഭുതമായത് ഒരു കൌതുകത്തിന് അവിടെ നിര്‍ത്തിയിരിക്കുന്ന അപാര ഉയരമുള്ള ഒരു മനുഷ്യന്‍..രണ്ടു മണിക്കൂര്‍ കറക്കത്തിന്‌ ശേഷം അവിടെ നിന്ന് NTR പാര്‍ക്കിലേക്ക്.. പാര്‍ക്ക് കുട്ടികള്‍ക്ക് കൂടുതല്‍ രസകരം ആകുമായിരുന്നു. ജലത്തിന്റെ വിവിധ സാധ്യതകള്‍ ഉപയോഗിച്ചു പ്രകാശ വര്‍ണ്ണങ്ങള്‍ കലര്‍ത്തി ഉണ്ടാക്കിയ വ്യത്യസ്ത രൂപങ്ങള്‍.. പക്ഷെ ഞങ്ങള്‍ എത്തിയപ്പോള്‍ കൂടുതല്‍ ഇരുട്ടിയിരുന്നു. അതിനകത്ത് ചില കാഴ്ചകള്‍ക്ക് പ്രത്യേക ടിക്കറ്റ് വേണം.. പേടിപ്പിക്കുന്ന ഗുഹകള്‍, ബാറ്ററി വെഹിക്കിള്‍സ് എന്നിവ.
അവിടെ നിന്നും തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക്.. കുറച്ചു സാധനങ്ങള്‍ വാങ്ങി. കൂടാതെ അവിടെയുള്ള ഒരു 3D ഷോ കാണാനും കയറി. പിന്നെ ഒരു കണ്ണാടിക്കൂട്ടില്‍.. അകത്തു കയറിയാല്‍ പുറത്തിറങ്ങാന്‍ കുറച്ചു പാടുപെടും.. ഓരോന്നിനും പ്രത്യേകം ടിക്കറ്റ് വേണം..

ഏപ്രില്‍ 8  (രണ്ടാം ദിനം)..
രാമോജി ഫിലിം സിറ്റി.. ടിക്കറ്റെടുത്ത് വസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു അകത്തേക്ക്.. അതൊരു പ്രത്യേക ലോകം തന്നെ..വൈകുന്നേരം വരെ കണ്ടാലും തീരാത്ത അത്രയും വിസ്തൃതം.. ഒരു സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാം അവിടെ ഉണ്ട്.. ഉദയനാണ് താരം എന്ന ചിത്രം അവിടെയാണ് ഷൂട്ട് ചെയ്തത്.. ആദ്യം അവരുടെ ബസ്സില്‍ (ഉദയനാണ് താരം എന്ന സിനിമയില്‍ കാണുന്ന ബസ്) പ്രധാന ഭാഗങ്ങളിലൂടെ ഒരു പ്രദക്ഷിണം.. കൊട്ടാരങ്ങള്‍, നഗരങ്ങള്‍, ഗ്രാമം, ചരിത്ര സ്മാരകങ്ങളെ അനുസ്മരിപ്പിക്കുന്ന നിര്‍മ്മിതികള്‍, വിവിധ കെട്ടിടങ്ങള്‍, ഉദ്യാനങ്ങള്‍, അജന്ത എല്ലോറ ഗുഹകളുടെ മാതൃക, ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള ലോകാത്ഭുതങ്ങളുടെ ചെറു രൂപങ്ങള്‍ (ക്യാമറ വിരുതിലൂടെ യഥാര്‍ത്ഥമെന്നു തോന്നിക്കാന്‍ കഴിയുന്നവ), ജലധാരകള്‍, തീവണ്ടി, വിമാനം തുടങ്ങി എല്ലാം ..നാല് വശങ്ങള്‍ ഉള്ള  ഒരു കെട്ടിടം ഗൈഡ് കാണിച്ചു തന്നു. ഒരു വശം ലൈബ്രറി, മറ്റൊരു വശം ക്ഷേത്രം, മൂന്നാമത്തേത്‌ എയര്‍പോര്‍ട്ട്, നാലാമത്തേത് ആശുപത്രി. (നായകനും നായികയും ലൈബ്രറിയില്‍ പ്രണയം, സ്വകാര്യമായി ക്ഷേത്രത്തില്‍ കല്യാണം, രക്ഷപ്പെടാന്‍ എയര്‍പോര്‍ട്ട്, പിന്നെ പ്രസവത്തിനു ആശുപത്രി എല്ലാം ഒരൊറ്റ സ്പോട്ടില്‍ ചിത്രീകരിക്കാം എന്നാണു ഗൈഡ് പറഞ്ഞത്..) അവിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ലൈവ് ഷോ ഉണ്ടായിരുന്നു. ഒരു ചെറു രംഗം ഷൂട്ട് ചെയ്തു സിനിമയാക്കി കാണിച്ചു തന്നു സിനിമാ ഷൂട്ടിങ്ങിന്റെ സാങ്കേതികത ബോധ്യപ്പെടുത്തി. ചില സര്‍ക്കസ് രംഗങ്ങളുടെ പ്രദര്‍ശനം, "അജന്ത-എല്ലോറ" ഗുഹയിലൂടെ യാത്ര.. എന്തായാലും ഞങ്ങള്‍ക്ക് ഒരു പാട് ലക്ഷ്യങ്ങള്‍ ബാക്കിയുള്ളതിനാല്‍ കുട്ടികളുടെ പ്രതിഷേധം വകവയ്ക്കാതെ 4 മണിയോടെ മടങ്ങി..ചുട്ടു പൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ വിരളമായ തണലുകളിലേക്ക് രക്ഷ തേടുന്നവര്‍ ആയിരുന്നു അധികവും..
അടുത്ത ലക്‌ഷ്യം ചരിത പ്രാധാന്യമുള്ള ചാര്‍മിനാര്‍..മെക്കാ മസ്ജിദിലും ലുംബിനി പാര്‍ക്കിലും സ്ഫോടനം നടന്ന സമയമായതിനാല്‍, ശില്പ കലയുടെ ചാരുത വേണ്ടുവോളം ഉള്ള ഈ ചരിത്ര സൌധത്തിന്റെ അകത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.. എങ്കിലും അതിന്റെ പകല്‍ രൂപവും, പ്രകാശപൂരിതമായ രാത്രി രൂപവും കണ്ടു.. അതിനിടയില്‍ തൊട്ടടുത്ത മെക്ക മസ്ജിദും കണ്ടു. മസ്ജിദിന്റെ മുറ്റത്ത്‌ ധാരാളം പ്രാവുകള്‍ (അമ്പല പ്രാവുകള്‍ എന്ന് മലപ്പുറത്തുകാര്‍ പറയുന്ന) ഉണ്ടായിരുന്നു. ആളുകളുടെ സാമീപ്യം അവ ശ്രദ്ധിക്കുന്നില്ലായിരുന്നു. അവിടെ ഒരു മഖാം (ഖബറിടം) ഉണ്ട്. അപ്പോഴേക്കും ഇരുട്ട് പരന്നു കഴിഞ്ഞു. തൊട്ടടുത്തുള്ള pearl shop ല്‍ പ്രസിദ്ധമായ ഹൈദരാബാദ് പേള്‍സ്.. എല്ലാവരും ബന്ധുക്കള്‍ക്ക് വിതരണം ചെയ്യാനുള്ള തോത് കണക്കാക്കി വാങ്ങി. പരിശുദ്ധി ബോധ്യപ്പെടുത്താന്‍ കത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു. (അവിടത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തുന്നതാണ്‌ ഷോപ്പുകള്‍.. ഒന്നുകില്‍ തെരുവ് കച്ചവടം, അല്ലെങ്കില്‍ Branded items ..) മധ്യവര്‍ഗ്ഗം എന്ന വിഭാഗം കുറവാണെന്ന് അവിടത്തെ ആളുകള്‍ പറയുന്നു. ഭക്ഷണ ശേഷം വീണ്ടും ഹോട്ടലില്‍..


ഐ.ടി.സിറ്റിയിലൂടെ..

ശില്പാരാമം..

NTR പാര്‍ക്ക്..

രാമോജി പ്രവേശനകവാടം..

രാമോജിക്കകത്തെ നിര്‍മ്മിതികള്‍..

രാമോജി ദൃശ്യം..


ചാര്‍മിനാര്‍.. പകല്‍ ദൃശ്യം..

ചാര്‍മിനാര്‍... രാത്രിയില്‍ പ്രകാശപൂരിതമായി ജനങ്ങളുടെ തിരക്കിനു നടുവില്‍ ..

മെക്ക മസ്ജിദിനു മുന്നിലെ പ്രാവുകള്‍..