Friday, October 25, 2013

സാഗരറാണിയില്‍ ഒരു യാത്ര..

സാഗരറാണി..
2013 മേയ് 28..
മക്കളുടെ വേനല്‍ അവധി തീരുന്നതിനു മുന്‍പ്‌ എന്റെ കൂടെ കൊച്ചിയില്‍ 5 ദിവസം ഒന്നിച്ചുണ്ടായിരുന്നു. പല തവണ വന്നിട്ടുണ്ടെങ്കിലും കൊച്ചിയെ അടുത്തറിയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ശ്രമിച്ചിട്ടുമില്ല.. ഇത്തവണ ഉപയുക്തമാക്കാന്‍ തീരുമാനിച്ചു. തൃപ്പൂണിത്തുറ ഹില്‍ പാലസ്, പുതുവൈപ്പിന്‍, ഫോര്‍ട്ട്‌ കൊച്ചി, മറൈന്‍ഡ്രൈവ്, സുഭാഷ് പാര്‍ക്ക്, ലുലു മാള്‍.. പിന്നെ സാഗരറാണി എന്ന Cruise Vessel  യാത്രയും.. ഇതില്‍ അവസാനം പറഞ്ഞതാണ്‌ ഇവിടെ പങ്കു വയ്ക്കുന്നത്.

Kerala Inland & Navigatioin Corporation നടത്തുന്ന ഒരു കായല്‍-കടല്‍ യാത്ര. മുതിര്‍ന്നവര്‍ക്ക് 250 രൂപ (ലഘുഭക്ഷണം ഉള്‍പ്പെടെ). കുട്ടികള്‍ക്ക് ഇളവുണ്ട്. പല പാക്കേജുകള്‍ KINC പ്രദാനം ചെയ്യുന്നുണ്ട്. ബോട്ട് പൂര്‍ണ്ണമായും ബുക്ക് ചെയ്യാം. മുഴുദിന പരിപാടികള്‍ ആവാം.. പാര്‍ട്ടികള്‍ നടത്താനും കോണ്‍ഫറന്‍സ് നടത്താനും ലഭ്യമാണ്. മുകള്‍ത്തട്ടില്‍ 75 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്. താഴെ തട്ടില്‍ കോണ്‍ഫറന്‍സ് ഹാള്‍ ഡൈനിംഗ് റൂം കിച്ചണ്‍ എന്നിവയും.. കൃത്യം 5.30 നു മറൈന്‍ഡ്രൈവില്‍ നിന്നും യാത്ര തുടങ്ങി. കൊച്ചിയുടെ ലഘു ചരിത്രം വിവരിച്ചു കൊണ്ട് ഒരു ഗൈഡും.. കൊച്ചഴി എന്നത് കൊച്ചിയായി രൂപാന്തരപ്പെട്ടത് ഉള്‍പ്പെടെ.. തുടക്കത്തില്‍ യാത്രക്കാരെ പല തരത്തില്‍ പങ്കാളികളാക്കാന്‍ അയാള്‍ ശ്രമിച്ചുവെങ്കിലും പ്രതികരണം മോശമായിരുന്നു. ഞങ്ങളാണെങ്കില്‍ നിങ്ങള്‍ക്ക് നല്‍കാനുള്ള ഫോട്ടോക്ക് വേണ്ടി ക്യാമറയില്‍ ശ്രദ്ധിക്കുകയായിരുന്നു..:) വിവരണത്തിനിടയില്‍ ഇടയ്ക്കു കരോക്കെ ഗാനങ്ങളും..

ആദ്യം ഷിപ്പ് യാര്‍ഡ്‌.. കപ്പലുകള്‍ക്ക് അടുത്ത് കൂടി സാവകാശം നീങ്ങി... അതിനു ശേഷം ഗോശ്രീ പാലത്തിന്റെ ദൂരകാഴ്ച.. അതിന്റെ സവിശേഷതകളും പ്രാധാന്യവും മറ്റും ഗൈഡ് ചോദ്യമായും ഉത്തരമായും പറഞ്ഞുകൊണ്ടേയിരുന്നു. യാത്ര തുടങ്ങി കുറച്ചു ആയപ്പോഴേക്കും  ആകാശം കറുത്തിരുണ്ടു. മഴ പെയ്യുമെന്ന അവസ്ഥ.. ബോട്ടിലെ ജീവനക്കാര്‍ ആദ്യമേ നിര്‍ദ്ദേശം നല്‍കിയത്, മഴ പെയ്താല്‍ താഴെ തട്ടിലേക്ക് പോകാം. അല്ലാതെ എല്ലാവരും കൂടി ഒരു ഭാഗത്തേക്ക് ഓടി കൂടരുത് എന്നായിരുന്നു. എന്തായാലും മഴ പെയ്തില്ല എന്നത് എല്ലാവര്ക്കും ആശ്വാസമായി.

വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍, അവിടെ വന്ന കപ്പലില്‍ നിന്നും കണ്ടെയിനറുകള്‍ ഇറക്കുന്നത്‌, വെല്ലിംഗ്ടണ്‍ അയലന്‍ഡ്, ബോള്‍ഗാട്ടി പാലസും അതിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടലും, ഇടതുഭാഗത്തെ നേവല്‍ ബേസ്, പഴയ താജ് ഗ്രൂപ്പിന്റെ നക്ഷത്രഹോട്ടല്‍, വൈപ്പിന്‍. മട്ടാഞ്ചേരി ഫെറി, LNG ഗ്യാസ് ടെര്‍മിനല്‍.. എല്ലാറ്റിനെ കുറിച്ചും പൊതുവിവരണം നല്കുന്നുണ്ടായിരുന്നു. ഫെറികളുംചീനവലകളും കടലിന്റെയും കായലിന്റെയും ഗന്ധങ്ങളും..ഉപ്പുരസവുമായി തഴുകുന്ന കാറ്റ് പലപ്പോഴും കണ്ണടയുടെ കാഴയ്ക്ക് മംഗല എല്പിച്ചുകൊണ്ടിരുന്നു.. പിന്നെ ഫോര്‍ട്ട് കൊച്ചിയിലെ അഴിമുഖം.. അഴിമുഖത്ത് കായലും കടലും ആകാശവും നീല വര്‍ണ്ണത്തില്‍ സംഗമിക്കുന്ന അവര്‍ണ്ണനീയവും അതിസുന്ദരവുമായ കാഴ്ച.. (ഫോട്ടോ കാണുക).. അതുകാണാന്‍ മുന്‍ഭാഗത്തെ അറ്റത്തേക്ക് 12 പേരെ വീതം അനുവദിച്ചു. (ടൈറ്റാനിക്കിലെ നായകനും നായികയും നിന്നത് പോലെ ചിലര്‍ അനുകരിക്കുന്നുണ്ടായിരുന്നു). തുടര്‍ന്ന് അഴിമുഖവും കടന്നു കടലിലേക്ക്‌..

അതുവരെ ഉണ്ടായിരുന്ന യാത്രയില്‍ നിന്നും വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങി. ഇളക്കവും ആട്ടവും കൂടി. കടലില്‍ തിരകളെ മുറിച്ചു കടന്നു കുറച്ചു കൂടി ഉള്ളിലേക്ക് പോയി.. അസ്തമയം കാണിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം.. അന്നത്തെ ദിവസം മാനം മേഘാവൃതം ആയിരുന്നതിനാല്‍ അത് നടന്നില്ല. അവിടെ നിന്നും മടക്ക യാത്ര തുടങ്ങി..
അതിനിടയില്‍ ഏതാനും ഹിന്ദി-മലയാളം സിനിമാഗാനങ്ങളും, രണ്ടു സിനിമാറ്റിക് ഡാന്‍സും..ചായയും ലഘുഭക്ഷണവും.. ഒരു മണിക്കൂറിലധികം കഴിഞ്ഞു മടക്കയാത്ര തുടങ്ങിയതോടെ യാത്രക്കാര്‍ പാടുന്നവരുടെ കൂടെ കൂടാന്‍ തുടങ്ങി. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും ഒപ്പം ചേരാനും ആവേശമായി. ആവേശം കൂടി കൂടി പാരമ്യത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ ജെട്ടിയില്‍ തിരിച്ചു എത്തിയിരുന്നു.
കൃത്യം രണ്ടു മണിക്കൂര്‍ ഒരു പുതിയ അനുഭവവും..