Wednesday, July 24, 2013

വാള്‍പ്പാറ (Valaparai).. ഒരു സ്വപ്നയാത്ര..

ഒരു സ്വപ്നയാത്രകൂടി സഫലമായി.. കേരള അതിര്‍ത്തിയോട് ചേര്‍ന്ന വാള്‍പ്പാറ എന്ന ഹില്‍ സ്റ്റേഷന്‍..തമിഴ്‌നാട്ടിലെ ഒരു താലൂക്ക് ആണ് വാള്‍പ്പാറ.. ആനമല എന്ന മലനിരയുടെ ഭാഗമാണ് ഈ പ്രദേശം..അവിടേക്ക് രണ്ടു വഴികളിലൂടെ എത്താം.
ഒന്ന്, തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് ആളിയാര്‍ ഡാം വഴി 64km ദൂരം..
Hair-pin bends

രണ്ടാമത്തെത്, കേരളത്തിലെ ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വഴിയാണ്..130km യാത്ര വേണം.. ഇത് കാട്ടുപാതയാണ്.. അതുകൊണ്ട് തന്നെ രാവിലെ 9മണി മുതല്‍ 4മണി വരെ മാത്രമേ ഈ വഴിയിലൂടെ യാത്ര അനുവദിക്കുകയുള്ളൂ.. വാഴച്ചാല്‍ ചെക്ക്പോസ്റ്റില്‍ കേരള വനം വകുപ്പിന്റെ കര്‍ശന പരിശോധനയും ഉണ്ട്.. പിന്നീട് തമിഴ്‌നാട് അതിര്‍ത്തിയില്‍ മലക്കപ്പാറ ചെക്ക്പോസ്റ്റില്‍ അവരുടെ പരിശോധനയും.. വഴിയില്‍ സ്ഥിരമായി വന്യമൃഗങ്ങളെ കാണാം. ആന, കാട്ടുപോത്ത്, പുലി തുടങ്ങിയവ അപകടകാരികളാണെന്നാണ് പലരുടെയും അനുഭവസാക്ഷ്യം. അടുത്ത കാലത്ത് പോലും പുലികള്‍ ആളുകളെ പിടിച്ചു കൊന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഞങ്ങള്‍ പോയ ദിവസം കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്ന വാര്‍ത്തയും കണ്ടു.

2013 മാര്‍ച്ച് 9..
മലപ്പുറത്ത് നിന്ന് ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിന്റെ അന്തരീക്ഷത്തില്‍ നിന്ന് ഞങ്ങള്‍ ആറു സുഹൃത്തുക്കള്‍ (27 വര്‍ഷമായി തുടരുന്ന സൌഹൃദവും ഒപ്പം യാത്രയും ) കാലത്ത് ഏഴ് മണിക്ക് ഒരു ക്വാളിസ് വണ്ടിയില്‍ പുറപ്പെട്ടു. അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം വഴിയാണ് പോയത്.. കാടിനുള്ളിലൂടെയുള്ള യാത്ര തികച്ചും സാഹസികം തന്നെ.. കൂടാതെ അതിരപ്പിള്ളി കഴിഞ്ഞാല്‍ പിന്നെ കൊള്ളാവുന്ന ഭക്ഷണം കിട്ടാന്‍ വാള്‍പ്പാറ തന്നെ എത്തണം.. വഴിയരികില്‍ കാണുന്ന അരുവികളിലോ പുഴകളിലോ ഡാമിന്റെ പരിസരത്തോ ഇറങ്ങരുതെന്നാണ്  കല്പന.. എങ്കിലും കാഴ്ചകള്‍ കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ഇടയ്ക്കു നിര്‍ത്തിയിരുന്നു.. ഫോറസ്റ്റ് ജീവനക്കാര്‍ ജീപ്പില്‍ ഇടയ്ക്കു ആ വഴി കറങ്ങിക്കൊണ്ടിരുന്നത് കണ്ടു. പല ഭാഗത്തും നിറയെ കുരങ്ങുകള്‍. കറുത്ത മുഖവും ചാര നിറവും ഉള്ളവ.. പല തരാം പക്ഷികള്‍.. ഷോളയാര്‍ ഡാം പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.  അവിടെ നിന്ന് 25km കൂടി വേണം ലക്ഷ്യസ്ഥാനം എത്താന്‍.. വെള്ളം കുറവായിരുന്നെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശം റോഡരുകില്‍ നിന്ന് തന്നെ കാണാം.. നല്ലൊരു പ്രകൃതി ദൃശ്യം.. പോകുന്ന വഴിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കാണാം.. വീണ്ടും കാടിന് നടുവിലൂടെയുള്ള യാത്ര.. വല്ലപ്പോഴും ഒരു വാഹനം എതിര്‍ദിശയില്‍ നിന്നും വരും.. വയറിന്റെ വിളി ഓറഞ്ചു കൊണ്ട് ശമിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.. മൂന്നു മണിയോടെ വാള്‍പ്പാറ ടൌണില്‍ എത്തി. വളരെ ഇടുങ്ങിയ ഒരു തെരുവ്. വളരെ ചെറിയ ഒരു അങ്ങാടി.. ആദ്യം ഭക്ഷണം..ചെറിയ വിശ്രമം.. അപ്പോഴേക്കും ഇരുട്ടിത്തുടങ്ങി.. ചെറിയ സുഖകരമായ തണുപ്പ്.. സാധാരണ കോട മൂടുന്ന ഈ പ്രദേശം കൊടയോന്നും ഇല്ലാതെ തെളിഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത സമയം ശരിയായില്ല എന്ന് മനസ്സിലായി..പുറത്തിറങ്ങി അങ്ങാടി ഒന്ന് ചുറ്റിക്കറങ്ങി..നല്ല ചായപ്പൊടി എല്ലാവരും വാങ്ങി.. കൂടാതെ പുതച്ചു ഉറങ്ങാന്‍ കിട്ടിയ അവസരം എല്ലാവരും നന്നായി ഉപയുക്തമാക്കി..

Sholayar Dam


മാര്‍ച്ച് 10...
രാവിലെ തൊട്ടടുത്ത പുഴയില്‍ കുളിക്കാന്‍ പുറപ്പെട്ടു.. തട്ടുകടയില്‍ നിന്ന് ചുടുചായ കുടിച്ചപ്പോള്‍ കടക്കാരന്‍ തന്ന വിവരം അനുസരിച്ച് കൂലങ്കല്‍ പുഴ (Koolangal River) യിലേക്ക് പുറപ്പെട്ടു.. ഒരു പാട പോലെ മൂടിയ കോട പുതച്ച പച്ച പരവതാനി.. ഇത്രയും ഭംഗിയില്‍ തേയിലത്തോട്ടം ഞാന്‍ കണ്ടിട്ടില്ല. ഊട്ടി, മൂന്നാര്‍, വയനാട്, പറമ്പികുളം, നെല്ലിയാമ്പതി, കൊടൈക്കനാല്‍ തുടങ്ങിയ പച്ചപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായതും സവിശേഷമായതും ആയ ആകൃതിയും ഹരിതഭംഗിയും ഇവിടെ കാണാനായി.

 Koolangal River

ഇന്നലത്തെ നിരാശ പരിഹരിക്കാനുതകുന്ന കാഴ്ചകള്‍.. തൊട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു അരുവി.. (ഫോട്ടോ കാണുക).. അതാണ്‌ കൂലങ്കല്‍ പുഴ..! വെള്ളവും കുറവ്..!! വൃത്തിയും ഇല്ല..!!! ഏതായാലും പുഴയിലെ നീരാട്ട് ഉപേക്ഷിച്ചു.. അവിടെ നിന്ന് 15km മുന്നോട്ട് പോയാല്‍ നീരാര്‍ ഡാം.. അതിന്റെ Upstream ഉം Downstream ഉം കാണാം. മുകള്‍ഭാഗം ലക്‌ഷ്യം വച്ച് വാഹനം നീങ്ങി. വഴിയില്‍ ഒരു ചെക്ക്പോസ്റ്റ്.. ക്യാമറക്കും ആളുകള്‍ക്കും ചാര്‍ജ് നല്‍കി മുന്നോട്ട്.. വളരെ മോശം വഴി. (റോഡ്‌ എന്ന് പറയുന്നത് കടന്ന കയ്യാവും). സുന്ദര വര്‍ണ്ണങ്ങളില്‍ ഉള്ള കാട്ടുകോഴികള്‍ വാഹനത്തിനു മുന്നിലൂടെ രക്ഷ്പ്പെടുന്നുണ്ടായിരുന്നു. മറ്റു മൃഗങ്ങളെയൊന്നും കണ്ടില്ല.. നല്ല വെള്ളച്ചാട്ടവും പ്രതീക്ഷിച്ചു പ്രാതല്‍ പോലും കഴിക്കാതെ ഇത്രയും കഷ്ടപ്പെട്ട് നീരാര്‍ ഡാമിന്റെ അപ്പര്‍ സൈറ്റില്‍ എത്തിയപ്പോള്‍ ഉണങ്ങിക്കിടക്കുന്ന ഡാം.. വീണ്ടും ഞങ്ങള്‍ തിരഞ്ഞെടുത്ത സമയത്തെ പഴിച്ചു.. എന്നാല്‍ അവിടെ നിന്നും ഒരു കി.മീ. കൂടി പോയാല്‍ ചിന്നക്കല്ലാര്‍ എന്ന വെള്ളച്ചാട്ടം കാണാമായിരുന്നു. വഴിയില്‍ ഒരു ജീവനക്കാരന്‍ വണ്ടി തടഞ്ഞു. നടന്നു പോകണമെന്നും, കൂടാതെ 500 രൂപ കൂടി ഫീസ്‌ നല്‍കണമെന്നും പറഞ്ഞതിനാല്‍ തിരിച്ചു പോരാന്‍ നിര്‍ബന്ധിതരായി.വിശപ്പിന്റെ വിളി അസഹ്യമായതിനാല്‍ ഡാമിന്റെ ലോവര്‍ ഭാഗവും കണ്ടില്ല..
കുളിയും പ്രാതലും കഴിഞ്ഞു പത്തര മണിക്ക് വീണ്ടും കാഴ്ചകളിലേക്ക്.. തേയിലത്തോട്ടങ്ങളുടെ പച്ചവിരിപ്പ് കീറിയെടുത്ത വഴികളിലൂടെ വണ്ടി കയറാന്‍ തുടങ്ങി.. ക്യാമറക്ക്‌ വിശ്രമം ഉണ്ടായില്ല.. നാല് ദിക്കുകളിലും കൊതിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍.. വിസ്മയിപ്പിക്കുന്ന വര്ണ്ണകാഴ്ചകള്‍..(ഫോട്ടോ കാണുക).. ഏതു കലുഷ മനസ്സിനെയും ശാന്തമാക്കുന്ന ഹരിതാഭ.. കൊത്തിയുണ്ടാക്കിയ ശില്പങ്ങളെ പോലെ.. അവര്‍ണ്ണനീയം..!!!

 Cool view...


ആറു കി.മീ. കഴിയുമ്പോള്‍ സിദ്ധി വിനായകര്‍ ക്ഷേത്രം.. അതിസാധാരണ വാസ്തുശില്പ മാതൃക.. വീണ്ടും നാല് കി.മീ. മുകളിലേക്ക് പോയാല്‍ അവിടത്തെ ഉയര്‍ന്ന ഭാഗം "നല്ലമുടി പൂഞ്ചോല".. (ഫോട്ടോ കാണുക)..കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമല ഇവിടെ നിന്നും കാണാം. കാലു വിറയ്ക്കുന്ന ചെങ്കുത്തായ ഗര്ത്തവും.. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് വാള്‍പ്പാറ ഒരു അമൂല്യനിധിയാണ്.. അപൂര്‍വ്വം പൂക്കള്‍, മലമുഴക്കി വേഴാമ്പല്‍, വിവിധയിനം പക്ഷികള്‍, വന്യമൃഗങ്ങള്‍ തുടങ്ങി ഒട്ടേറെ സാധ്യതകള്‍.. മഴ തീരുന്നതോട് കൂടി യാത്ര പ്ലാന്‍ ചെയ്‌താല്‍ കൂടുതല്‍ പ്രയോജനപ്പെടും.. ബാലാജി ക്ഷേത്രം (15km ടൌണില്‍ നിന്ന്), വെള്ളമല ടണല്‍ (10km), നമ്പര്‍ പാറ (20km) എന്നിവ മറ്റു ടൂറിസ്റ്റ് പോയിന്റുകള്‍ ആണ്. ഓരോ സ്ഥലത്തും ടിക്കറ്റുമായി ജീവനക്കാര്‍ ഉണ്ടാകും. ഒരു ദിവസം ഏതെങ്കിലും ഒരു ഭാഗത്ത്‌ നിന്ന് ടിക്കറ്റ് എടുത്താല്‍ മതി. മുഴുവന്‍ സ്പോട്ടുകളും അതില്‍ ഉള്‍പ്പെടും..അത് അറിയാതെ ഓരോ ഭാഗത്ത്‌ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പണം നഷ്ടം..
 
 On the way to Nallamudi Pooncholai

 Anamala view from Nallamudi Pooncholai

ഉച്ചഭക്ഷണത്തിനു ശേഷം മടക്കയാത്ര.. ആളിയാര്‍ - പൊള്ളാച്ചി വഴി..അതിസുന്ദര ദൃശ്യങ്ങളുടെ മറ്റൊരു നിധിശേഖരത്തിലെക്കായിരുന്നു പ്രവേശിച്ചത്‌. പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകള്‍ വഴിയോരങ്ങളില്‍ ദൃശ്യമാണ്. 40 ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെടുന്ന ചുരം.. പല വളവുകളിലും വ്യൂ പോയിന്റുകള്‍ ഉണ്ട്. അതില്‍ ഏറ്റവും ആകര്‍ഷകമായത് 13 മത്തെ വളവിലാണ്..  ആളിയാര്‍ ഡാമിന്റെ ഉയരത്തില്‍ നിന്നുള്ള വിദൂര കാഴ്ച.. അവിടെ  നിന്നുള്ള ഹെയര്‍പിന്‍ വളവുകളുടെ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാഴ്ച എത്ര തവണ ദൃശ്യവത്കരിച്ചാലും മതിവരില്ല.. (ഫോട്ടോ കാണുക)..പറന്നിറങ്ങാന്‍ മോഹിപ്പിക്കുന്ന ഒരു മാസ്മരികത.. എല്ലാവരുടെയും ക്യാമറകളും മൊബൈലും ക്ലിക്ക് ശബ്ദം തുടരെ ഉണ്ടാക്കിക്കൊണ്ടിരുന്നു. വഴിയില്‍ സാധാരണയായി ആനകളെ കാണാമെന്നു നാട്ടുകാര്‍ പറഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് അന്ന് ആ ഭാഗ്യം ഉണ്ടായില്ല.. പിന്നീടുള്ള കാഴ്ചകള്‍ എല്ലാം പതിമൂന്നാം വളവിലെ കാഴ്ചയില്‍ അപ്രസക്തമായി. ആളിയാര്‍ ഡാമിന്റെയോ അതിനടുത്തുള്ള മങ്കി ഫാള്‍സ് (Monkey Falls) എന്നിവയൊന്നും കാണാന്‍ താല്പര്യം തോന്നിയില്ല.. പിന്നെ പൊള്ളാച്ചി, പാലക്കാട് വഴി നാട്ടിലേക്ക്..
(താമസം കഴിയുന്നതും ഉള്ഭാഗങ്ങളില്‍ മാത്രം തിരഞ്ഞെടുക്കുക.. കാലാവസ്ഥ ചോദിച്ചു ഉറപ്പിച്ചു യാത്ര തീരുമാനിക്കുക.. ഭക്ഷണം തയ്യാറാക്കി കിട്ടുന്ന റിസോര്‍ട്ടുകള്‍ തിരഞ്ഞെടുക്കുക.. നല്ല ക്യാമറ മറക്കാതെ കരുതുക..)
 View on the way to Pollachi

 View of Hills from Top

 Statue on the way

Wild flower

View from 13th HP bend

Sholayar Dam