Tuesday, October 12, 2010



കുടജാദ്രിപോലെ നെല്ലിയാമ്പതി...

കുടജാദ്രി പോലെ എന്നു പറയാനാവുന്ന തരത്തിലേക്കു എത്തുകയില്ലെങ്കിലും ഏകദേശം അതിന്റെ ഒപ്പമെത്തുന്ന ഒരു യാത്രയായിരുന്നു പാലക്കാടന്‍ മലനിരയായ നെല്ലിയാമ്പതി.. ഞാനും അഞ്ചു സുഹൃത്തുക്കളും.. 1986 മുതല്‍ ഒന്നിച്ചു ചേര്‍ന്ന ഞങ്ങള്‍ ഇന്നും വേര്‍പിരിയാതെ യാത്രകള്‍ തുടരുന്നു.. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന കുടുംബസമേതമുള്ള ഉല്ലാസയാത്രകളിലും ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നിച്ചുതന്നെ.. അതു ബന്ധുക്കളേക്കാള്‍ വലിയ ബന്ധമായി മാറിക്കഴിഞ്ഞു.. സോമന്‍(ഇന്‍ഷുറന്‍സില്‍ അസിസ്റ്റന്റ് അഡ്മിനിസ്ടേറ്റീവ് ഓഫിസര്‍), ഹാരിസ്(യൂണിവേഴ്സിറ്റിയില്‍ സെക്ഷന്‍ ഓഫീസര്‍), മനോജ്(ബാങ്കില്‍ അക്കൌണ്ടന്റ്), സഹദേവന്‍(കോ-ഓപ്പ. സൊസൈറ്റി സെക്രട്ടറി), ഹരിദാ‍സ്(ഇന്‍ഷുറന്‍സില്‍ അക്കൌണ്ടന്റ്), പിന്നെ ഞാനും(സ്റ്റേറ്റ് ധനകാര്യവകുപ്പില്‍ ഡിവിഷണല്‍ അക്കൌണ്ടന്റ്)..

പലപ്പോഴും ഞങ്ങളുടെ യാത്രകള്‍ പെട്ടെന്നു തട്ടിക്കൂട്ടുന്നവയായിരിക്കും.. എല്ലാവര്‍ക്കും ഒഴിവുകിട്ടുന്ന രണ്ടു ദിവസം ഉണ്ടായാല്‍ ഒരു യാത്ര പിറക്കും.. അത്തരത്തിലുള്ള ഒരു യാത്രയായിരുന്നു നെല്ലിയാമ്പതി യാത്ര..
2009 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന വേനലില്‍ നിന്നു രക്ഷതേടിയുള്ള ഒരു യാത്ര..

മലപ്പുറത്തുനിന്നു വാടകക്കെടുത്ത ഒരു സ്കോര്‍പ്പിയോയില്‍ കാലത്തു 8മണിക്കു പുറപ്പെട്ടു.. പരിചയമുള്ള ഡ്രൈവര്‍ ആയതുകൊണ്ടു ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു തടസ്സമുണ്ടായില്ല.. എല്ലാവരും സൂപ്പര്‍വൈസറി സ്വഭാവത്തിലുള്ള ജോലിയുടെ മടുപ്പില്‍ നിന്നു പുറത്തുചാടുന്നത് ഇത്തരത്തിലുള്ള വേളകളിലാണ്.. വാക്കുകള്‍ക്കോ നാക്കുകള്‍ക്കോ ശബ്ദങ്ങള്‍ക്കോ നിയന്ത്രണമില്ലാത്ത അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണു ഇത്തരം യാത്രകള്‍.. ഒറ്റപ്പാലത്തെ പ്രാതലിനുശേഷം യാത്ര പുനരാരംഭിച്ചു.. ഏകദേശം 12.30 ഓടെ താഴ്വാരത്തിലുള്ള ഡാം സൈറ്റില്‍ എത്തി.. അവിടെ കുറച്ചുനേരം കാഴ്ചകള്‍ കണ്ടു മലകയറ്റം തുടങ്ങി..(കുടജാദ്രി പോലെ കാല്‍നടയല്ല).. നല്ല റോഡിലൂടെയുള്ള സുഖകരമായ യാത്ര.. വളഞ്ഞും പുളഞ്ഞുമുള്ള റോഡ് മടൂപ്പിച്ചിരുന്നില്ല.. വഴിയോരക്കാഴ്ചകളിലെ പ്രകൃതിഭംഗി മനസ്സിനു കുളിരേകുന്നതായിരുന്നു.. മുകളിലേക്കു കയറിക്കൊണ്ടിരിക്കുമ്പോള്‍ ചൂടിനു ചെറിയ ആശ്വാസം അനുഭവപ്പെട്ടു.. മനസ്സില്‍ സങ്കല്പിച്ച തണുപ്പ് ഇനിയും എത്രയോ അകലെയാണെന്നു തോന്നി.. ഏകദേശം നാലര മണിക്കൂര്‍ നേരത്തെ ദുര്‍ഘടമല്ലാത്ത യാത്രക്കൊടുവില്‍ നെല്ലിയാമ്പതി ടൌണില്‍ (ഒരു ചെറിയ അങ്ങാടി) എത്തി.. അവിടെ ഒരു പഴം/പച്ചക്കറി സംസ്കരണശാല കണ്ടു.. ഏതാനും ചെറിയ കടകളും.. ആ സ്ഥലത്തു തന്നെയാണു കെ.ടി.ഡി.സി യുടെ ഹോട്ടലും കോട്ടേജുകളുമുള്ളത്.. അവിടെ നിന്നു വീണ്ടും കുത്തനെ ടാറിടാത്ത ഉരുളന്‍ കല്ലുകള്‍ പതിച്ച ദുര്‍ഘടമായ വഴികളിലൂടെ മലനിരകളുടെ മുകളിലേക്കു തന്നെ.. മിന്നമ്പാറ എസ്റ്റേറ്റ് ലക്ഷ്യമാക്കി മുന്നേറി.. ഓറഞ്ച് തോട്ടത്തിന്റേയും പേരറിയാത്ത മരങ്ങള്‍ ഇരുവശവും തിങ്ങിനിറഞ്ഞ വഴിയിലൂടെയും സ്കോര്‍പ്പിയോ ഇഴഞ്ഞു നീങ്ങി.. ജീപ്പുകളല്ലാതെ ഒരു വാഹനവും സാധാരണ ഗതിയില്‍ ആ വഴിയിലൂടെ പോകാറില്ലയെന്നു പിന്നീടറിഞ്ഞു.. രണ്ടു മണിയോടെ മിന്നമ്പാറ എസ്റ്റേറ്റിന്റെ ഗസ്റ്റ് ഹൌസിലെത്തി.. അവിടെയായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്.. സ്വകാര്യ എസ്റ്റേറ്റ് ആണെങ്കിലും മുന്‍ കൂട്ടി പറഞ്ഞാല്‍ അവിടെ താമസവും ഭക്ഷണവും ലഭ്യമാവും.. ഹരിദാസിന്റെ സുഹൃത്ത് വഴിയാണു ഞങ്ങള്‍ ബുക്ക് ചെയ്യുന്നത്.. മാനേജരോടു ഭക്ഷണം നേരത്തെ പറഞ്ഞിരുന്നതുകൊണ്ടു ഉച്ചഭക്ഷണം ലഭിച്ചു.. വിശപ്പു അങ്ങേയറ്റം എത്തിയിരുന്നതുകൊണ്ടു രുചിയൊന്നും ആസ്വദിക്കാന്‍ ശ്രമിചില്ല.. തണുത്ത വെള്ളത്തിലെ സുഖകരമായ കുളിക്കുശേഷം ഭക്ഷണം.. സത്യം പറഞ്ഞാല്‍ ആ ഭക്ഷണത്തിനു അപാരരുചിയായിരുന്നു.. (കുടജാദ്രിയില്‍ കഴിച്ച പ്രാതലിനൊപ്പം എത്തിയില്ലെങ്കിലും)..


പിന്നീടാണ് അവിടത്തെ തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങിയത്.. ചുട്ടുപൊള്ളുന്ന മലപ്പുറത്തെയും പാലക്കാട്ടേയും കാലാവസ്ഥയും, അവിടെനിന്നു കുറച്ചുദൂരത്തുള്ള നെല്ലിയാമ്പതിക്കുന്നിലെ തണുപ്പും അജഗജാന്തരമുണ്ടായിരുന്നു.. കുളിരുന്ന തണുപ്പായിരുന്നു അവിടെ.. തൊട്ടടുത്ത കുന്നുകളില്‍ മേഘങ്ങള്‍ (കോട) ഇറങ്ങി മൂടുന്നതു മുറ്റത്തു നിന്നാല്‍ കാണാം.. ആ കുന്നിന്‍ മുകളില്‍ നിന്നുള്ള താഴ്വാരത്തിന്റെ കാഴ്ച അതിസുന്ദരം.. അപാരമായ കാറ്റ്.. ശുദ്ധമായ വാ‍യു..

ഉന്മേഷവാന്മാരായി ആറുപേരും വനത്തിനകത്തേക്കു കാല്‍നടയായി പുറപ്പെട്ടു.. മൃഗങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്നു മാനേജര്‍ മുന്നറിയിപ്പു തന്നിരുന്നു.. ജീപ്പ് പോകുന്ന വഴിയിലൂടെ 20 മിനുട്ട് നടന്നപ്പോള്‍ കാടിനുള്ളിലേക്കു തിരിഞ്ഞുപോകുന്ന മറ്റൊരു വഴി കണ്ടു.. അതിലൂടെ പോകാനാണു ഭൂരിപക്ഷ തീരുമാനം.. അതിനിടയില്‍ വഴിയോരത്തു എസ്റ്റേറ്റ് തൊഴിലാളികളുടെ രണ്ടു കുടിലുകള്‍ മാത്രം കണ്ടു.. കാടിനകത്തേക്കു കയറുന്തോറും ചീവീടുകളുടെ തുളക്കുന്ന ശബ്ദം.. ചില ഭാഗങ്ങളില്‍ നിശ്ശബ്ദത.. കുറച്ചു നടന്നതിനു ശേഷം വിശാലമായ പാറപ്പുറം കണ്ടു.. മൂന്നു ഭാഗങ്ങള്‍ കാടുകളും ഒരു ഭാഗം അഗാധമായ ഗര്‍ത്തവും.. അതിനുമപ്പുറം ജീപ്പുകള്‍ പോകുന്ന വഴി കാണാം.. കുറെ നേരത്തിനു ശേഷം വളരെ ദൂരെ ഒരു ജീപ്പു പോകുന്നതു കാണാമായിരുന്നു.. ആ പാറപ്പുറത്ത് മലര്‍ന്നു കിടന്നും ഇരുന്നും വിശ്രമിച്ചപ്പോള്‍ മനോജിന്റെ പാട്ടുകള്‍ ആസ്വദിച്ചു.. കൂട്ടത്തില്‍ നല്ലൊരു ഗായകനാണു മനോജ്.. (ഇടവപ്പാതിക്കു കുടയില്ലാത്തെ ഇലഞ്ഞിപ്പൂമരച്ചോട്ടില്‍...., അകലെ അകലെ നീലാകാശം..) അവിടെ നിന്നും വിവിധ വര്‍ണ്ണങ്ങളിലുള്ള ഇലകള്‍ തിങ്ങിനില്ല്ക്കുന്ന മരങ്ങളുടെയടുത്തേക്ക്.. കുറേയേറെ ഉള്ളിലേക്കു പോയി.. ഒരാള്‍ മാത്രം പാറപ്പുറത്തുതന്നെ വിശ്രമിക്കുകയാണെന്നു പറഞ്ഞതിനാല്‍ കൂടെവരാന്‍ നിര്‍ബന്ധിച്ചില്ല.. പാറപ്പുറത്തെ വെയിലിനു പോലും ചൂടില്ലായിരുന്നു.. ചുകപ്പും പച്ചയും ഇലകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ പ്രകൃതിയുടെ വരദാനമായി നിറഞ്ഞു നില്‍ക്കുന്നു.. ഏതോ ധൈര്യത്തില്‍ നടന്നുകൊണ്ടേയിരുന്നു.. നടന്നു ക്ഷീണിച്ചപ്പോള്‍ മടങ്ങി.. പാറപ്പുറത്തുള്ള കൂട്ടുകാരനേയും കൂട്ടി വന്ന വഴിയിലൂടെ മടക്കം.. രസകരമായ അനുഭവമാണു ലഭിച്ചത്.. ഒരു മൃഗത്തെ പോലും കാണാനായില്ലയെന്നതു നിരാശയുളവാക്കി.. ആകെ കണ്ടത് ജീവന്‍ പോയ ഒരു മുള്ളന്‍പന്നിയെ മാത്രം.. ആനയുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒരു ചേന പോലും കണ്ടില്ലല്ലോ എന്നെല്ലാം വാചകമടിച്ചു പോന്നു.. പോയ സ്ഥലത്തിന്റെ വിവരണം മാനേജരോടു പറയേണ്ട താമസം, അദ്ദേഹം പറഞ്ഞത് ആ പാറക്കെട്ടിന്റെ അടുത്തേക്കു വൈകുന്നേരങ്ങളില്‍ പോയാല്‍ പുലിയുണ്ടാകാറുണ്ടെന്നും, അവിടേക്കു പോകുന്നവരെ ഫോറസ്റ്റുകാര്‍ തടയുമെന്നുമായിരുന്നു.. ഞങ്ങള്‍ കാടിനുള്ളിലേക്കു പോയപ്പോള്‍ പാറപ്പുറത്തു ഒറ്റക്കു കിടന്ന സുഹൃത്ത് ശ്വാസം ഒന്നു വലിച്ചുവിട്ടു.. മറ്റൊരു കാര്യം കൂടി പറഞ്ഞു.. ഞങ്ങള്‍ താമസിക്കുന്ന ഗസ്റ്റ് ഹൌസിനു മുന്നില്‍ മഴപെയ്തു തുടങ്ങിയാല്‍ പുലി, കാട്ടുപോത്ത്, മാന്‍, ആന എന്നിവ വരാറുണ്ടത്രേ.. അതുകൊണ്ടുതന്നെ ഇരുട്ടു പരന്നതിനു ശേഷം മുറ്റത്തുനിന്നു ആരും പുറത്തു പോയില്ല..

മുറ്റത്തെ കൊച്ചുപാറയില്‍ ഇരുന്നു നല്ലൊരു അസ്തമയം കണ്ടു.. പേരറിയാത്ത പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍, ചെടികള്‍, ഓറഞ്ച് ഇല്ലാത്ത ഓരഞ്ചു മരം, ഭംഗിയുള്ള കാട്ടുമരങ്ങള്‍ എന്നിവ നല്ലൊരു കാഴ്ചയേകി.. തണുപ്പും കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. ചൂടു സഹിക്കാനാവാതെ മിന്നമ്പാറയിലെത്തിയ ഞങ്ങള്‍ തണുത്തു വിറച്ചു.. രാത്രിയാകുന്നതിനു മുന്‍പേ മറ്റൊരു ഗ്യാങ് കൂടി അവിടെയെത്തി.. പാലക്കാട് ബാങ്കില്‍ നിന്നുള്ള സുഹൃത്തുക്കളുടെ സംഘം.. പന്ത്രണ്ടിലധികം ആളുകള്‍ ഉണ്ടായിരുന്നു.. സ്ഥിരം സന്ദര്‍ശകരാണെന്ന്‍ അറിഞ്ഞു.. രാത്രി ക്യാമ്പ് ഫയര്‍ ഒരുക്കി.. അവര്‍ “അസാമാന്യപാടവത്തോടെ” താളമില്ലാതെ ഈണമില്ലാതെ ഗാനവിലാപം നടത്തിക്കൊണ്ടിരുന്നു.. എല്ലാം പഴയ മലയാളം സിനിമാഗാനങ്ങളായിരുന്നു.. വരികളെല്ലാം നല്ല നിശ്ചയവും.. പിന്നെ കാത്തുനിന്നില്ല, മനോജിനെ ഞങ്ങള്‍ രംഗത്തിറക്കി.. ഞങ്ങളുടെ കൂട്ടത്തില്‍ ബാക്കിയുള്ളവരും മറ്റേ ഗ്യാങ്ങിനെ അപേക്ഷിച്ച് നന്നായി പാടുന്നവര്‍ തന്നെ.. പാട്ടു മുറുകിയതോടെ അവര്‍ ആവേശപൂര്‍വ്വം മനോജിന്റെ കൂടെ ചേര്‍ന്നു.. നല്ലൊരു കമ്പനിയെ കൂടി കിട്ടി.. ഭക്ഷണവും കഴിഞ്ഞു ക്ഷീണിതരായി കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ എന്തൊരു സുഖമായിരുന്നു..



രാവിലെ എഴുന്നേറ്റു അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിലായി.. വാഹനത്തില്‍ തന്നെ.. ഡ്രൈവര്‍ക്കു ആ റോഡില്‍ വണ്ടി കൊണ്ടുപോകാന്‍ ചെറിയ ഒരു മടിയുണ്ട്.. പക്ഷെ അയാള്‍ക്കും കാണാന്‍ ആഗ്രഹവുമുണ്ട്.. അതുകൊണ്ടു തന്നെ പുറപ്പെട്ടു.. കുറച്ചുദൂരം തലേദിവസം നടന്ന വഴിയാണ്.. ഇടുങ്ങിയ വഴിയാണ്.. മറ്റൊരു വണ്ടി വന്നാല്‍ സൈഡ് കൊടുക്കാന്‍ പോലും എല്ലാ ഭാഗത്തും വീതിയില്ലാത്ത ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയായിരുന്നു.. (ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവസാനഭാഗങ്ങളില്‍ ജീപ്പ് ഓടിച്ചു പോകുന്ന സ്ഥലം).. ഒരു ഭാഗം കുത്തനെ പാറകളും മറുഭാഗം ഗര്‍ത്തങ്ങളും.. ഒന്നു തെറ്റിയാല്‍ പിന്നെ പൊടിപോലുമുണ്ടാകില്ല.. വളരെ സാവകാശം നിരങ്ങി നീങ്ങി മുന്നോട്ട്.. വളഞ്ഞും തിരിഞ്ഞും പോകുന്ന, തലേ ദിവസം പാറപ്പുറത്തിരുന്നു വിദൂരകാഴ്ചയായി കണ്ട വഴിയിലൂടെയുള്ള യാത്ര ഡ്രൈവര്‍ക്കു തന്നെ ഭയമുണ്ടാക്കുന്നതായി തോന്നി.. (അയാള്‍ പിന്നീടതു തുറന്നു പറഞ്ഞു).. കാരണം പോകുന്ന വഴിയില്‍ വാഹനം തിരിക്കാന്‍ പോലും കഴിയുമായിരുന്നില്ല.. കുറേ ദൂരം താണ്ടിയതിനുശേഷം കുറച്ചു വിസ്താരമുള്ള ഒരിടം എത്തി..


അവിടെ ഒരു കല്‍മണ്ഡപവും തിരി കത്തിച്ചുവെച്ചതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.. ആ ഭാഗത്തുനിന്നും തൊട്ടടുത്ത കുന്നിന്‍ ചെരുവിലേക്കു നടന്നു കയറാനുള്ള സാധ്യത ഒരാളൊഴികെ എല്ലാവരും ഉപയോഗപ്പെടുത്തി.. ആ കുന്നിന്‍ ചെരുവില്‍ നില്‍ക്കുമ്പോള്‍ ഇപ്പോള്‍ വീഴുമെന്ന തോന്നല്‍ മനസ്സില്‍ തള്ളിക്കയറി വന്നുകൊണ്ടിരുന്നു.. ശക്തിയായി വീശിയ കാറ്റ് ഞങ്ങളേയും കൊണ്ടുപോകുമോ എന്നു ഭയപ്പെട്ടു.. സാവകാശം അവിടെനിന്നു ഇറങ്ങി പ്രതലത്തിയെത്തിയപ്പോള്‍ രക്ഷപ്പെട്ട സന്തോഷം.. അതിനിടയില്‍ ആകെ ഒരു ജീപ്പ് മാത്രമാണു എതിര്‍ ദിശയില്‍ ഞങ്ങളെ കടന്നുപോയത്.. ഇനിയും മുന്നോട്ടു പോകാന്‍ ഭൂരിഭാഗം പേര്‍ക്കും ധൈര്യമില്ലാതിരുന്നതിനാലാവണം, ഇനിയും പോയാല്‍ അവിടെ കാര്യമായൊന്നും കാണാനില്ലെന്ന സ്വയം വ്യാഖ്യാനവുമായി മൂന്നു സുഹൃത്തുക്കള്‍ മടങ്ങാന്‍ വെമ്പല്‍ കൊണ്ടു.. മടക്കയാത്ര ആരംഭിച്ചു.. താഴ്വാരം താണ്ടിയതോടെ ചൂടും ആരംഭിച്ചു.. വീണ്ടും പഴയ തിരക്കുകളിലേക്ക്...

(ഇപ്പോള്‍ മിന്നമ്പാറ ഉള്‍പ്പെടുന്ന പ്രദേശം, ഞങ്ങള്‍ വിശ്രമിച്ച പാറപ്പുറം, മറ്റു ഭാഗങ്ങള്‍ എന്നിവ ടൈഗര്‍ റിസര്‍വോയര്‍ ആയി പ്രഖ്യാപിച്ചതിനാല്‍ അവിടെ സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്..)

No comments: