Tuesday, October 12, 2010

കുടജാദ്രി...


കുടജാദ്രിയില്‍...

22 വര്‍ഷം മുന്‍പുള്ള ഒരു യാത്രയുടെ ഓര്‍മ്മ..
1988 മെയ് മാസം..
ഞങ്ങള് മൂന്നു സുഹൃത്തുക്കള് ഒരു യാത്ര തീരുമാനിച്ചു... ഹാരിസ്, സുരേഷ്,പിന്നെ ഞാനും..സ്ഥലത്തെപ്പറ്റി മൂന്നു അഭിപ്രായങ്ങള്..മൂന്നു പേരായതുകൊണ്ടു മൂന്നില് ഒതുങ്ങി.. മൈസൂര്, ബാംഗ്ലൂര്, കുടജാദ്രി.. നറുക്കെടുക്കാന് തീരുമാനമായി.. നറുക്കെടുത്തു..ബാംഗ്ലൂര്..!! ബാംഗ്ലൂരിലേക്കാണെങ്കില് ഞാനില്ലെന്നു കുടജാദ്രിക്കാരന് വാശി പിടിച്ചു.. അവസാനം വിട്ടുവീഴ്ചയുടെ ഭാഗമായി ഒരിക്കല് കൂടി നറുക്കെടുക്കാന് തീരുമാനമായി.. കുടജാദ്രിക്കാരന് തന്നെ നറുക്കെടുത്തു.. ബാംഗ്ലൂര് തന്നെ..!!! കുടജാദ്രിക്കാരന് വല്ലാത്ത വാശിക്കാരനായതുകൊണ്ടും മറ്റു രണ്ടുപേര്ക്കു മാത്രമായി യാത്രപോകാന് താല്പര്യമില്ലാത്തതുകൊണ്ടും കുടജാദ്രിയെന്നു ഉറപ്പിച്ചു.. ഒരു രാത്രിയില് കോഴിക്കോടു നിന്നും മംഗലാപുരത്തേക്കു തീവണ്ടി കയറി.. അഡ്വാന്സ് ബുക്കിംഗിനെക്കുറിച്ചൊന്നും അറിവില്ലാത്ത ആ സമയത്ത് ജനറല് കമ്പാര്ട്ട്മെന്റ് യാത്രയുടെ ദുരിതം മുഴുവന് പേറിക്കൊണ്ടാണു മംഗലാപുരത്തെത്തിയത്..
(തലയും ബാഗും ട്രെയിനിനു പുറത്തും കാലു മാത്രം അകത്തുമായി)

പ്രഭാതത്തിന്റെ സൌന്ദര്യമൊന്നും ഉള്ക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല മൂന്നു പേരും.. ഈ യാത്രയിലേക്കു നിബന്ധിച്ചാനയിച്ച കൂട്ടുകാരനോടുള്ള പ്രതിഷേധം ഇടക്കിടയ്ക്കു പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു..അവന്റെ മനസ്സിലും ചെറിയ കുറ്റബോധം ഉണ്ടായിരുന്നോ എന്നു സംശയം.. അവിടെ നിന്നു മൂകാംബികയിലേക്കു (കൊല്ലൂര്) ബസ്സില്.. സുഖമായി ഉറങ്ങിയതു ആ ബസ്സ് യാത്രയിലായിരുന്നു.. അവിടെയെത്തി രണ്ടോ മൂന്നോ അന്വേഷണങ്ങള്ക്കു ശേഷം സൌപര്ണ്ണീകാ നദിയുടെ അടുത്തായി ഒരു വീടിനോടു ചേര്ന്നുള്ള താമസം ലഭിച്ചു.. (ഇന്നത്തെ ഹോം സ്റ്റേ).. കുളിക്കാന് സൌപര്ണ്ണികയെ ആശ്രയിച്ചു.. ഞാനൊരു നദിയാണെന്നു ഉറപ്പിക്കാനായി മാറിലൂടെ ഒഴുകുന്ന തെളിനീര് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.. എങ്കിലും തണുപ്പിനു യാതൊരു കുറവുമുണ്ടായിരുന്നില്ല.. അന്നത്തെ ദിനകൃത്യങ്ങളില് വൈകീട്ടത്തെ മൂകാംബികക്ഷേത്ര ദര്ശനവും ഉള്പ്പെടുന്നു..അടുത്ത ദിവസം ആദ്യബസ്സിനു തന്നെ കുടജാദ്രിയിലേക്കു യാത്രയാവാനുള്ള പദ്ധതി രൂപപ്പെടുത്തി.. അതെല്ലാം ഹാരിസിന്റെ ഉത്തരവാദിത്വമായി..

സൂര്യനുണരുന്നതിനു മുന്പേ അതിരാവിലെ ഞങ്ങള് ഉണര്ന്നു..എന്നെ ഉണര്ത്തിയെന്നു പറയുന്നതാവും ഭംഗി..അതെന്നും അങ്ങിനെയാണ്.. (ഇനിയും അങ്ങിനെയാവും..) കിളികളുടെ ഇമ്പമാര്ന്ന സ്വരങ്ങളും ഉദിച്ചുവരുന്ന സൂര്യനേയും കാലങ്ങള്ക്കു ശേഷം കേള്‍ക്കാനും കാണാനുമായി എന്നതു വല്ലാത്ത ഒരു അനുഭൂതിയാണു നല്‍കിയത്.. അഞ്ചേകാലിനുള്ള ആദ്യബസ്സ് കിട്ടേണ്ടതു നിര്ബന്ധമായതിനാല് കുളി തല്ക്കാലത്തേക്കു മാറ്റിവെച്ചു.. ആദ്യബസ്സില് കയറിയപ്പോള് ഒരാശ്വാസം.. എന്റേയും സുരേഷിന്റേയും ബാധ്യത കഴിഞ്ഞു.. ഏകദേശം ഒന്നേമുക്കാല് മണിക്കൂര് നേരത്തെ യാത്രക്കുശേഷം കാട്ടിനുള്ളിലൂടെയുള്ള ഒരു മണ്പാതക്കു മുന്നില് ഇറങ്ങാനുള്ള വിസില് മുഴങ്ങി.. ഞങ്ങളോടൊപ്പം മൂന്നുപേര് കൂടി ഇറങ്ങി.. അവര് കോട്ടയത്തുകാരാണെന്നും നമ്പൂതിരിമാരാണെന്നും സൌഹൃദഭാഷണത്തിനുശേഷം വെളിപ്പെട്ടു.. ഞങ്ങളുടെ കൂട്ടത്തില് അവര്ക്കൊപ്പം നില്ക്കാന് മുട്ടുശാന്തിക്കു സുരേഷ് (നമ്പീശന്) മാത്രമാണുള്ളത്.. അവര് ഞങ്ങളുടെ പേര്‍ ചോദിച്ചപ്പോള് സുരേഷ്, ഹാരിസ്, ലത്തീഫ് എന്നാണു പറഞ്ഞതെങ്കിലും, അവര് ഉള്‍ക്കൊണ്ടത് സുരേഷ്, ഹരീഷ്, ലതീഷ് എന്നാണെന്നു കുറേ കഴിഞ്ഞപ്പോള് ബോധ്യമായി.. കണ്ടറിഞ്ഞു പേരിട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞപ്പോഴും ബോധ്യമായിരുന്നില്ല.. പിന്നീടു അവര് ഞങ്ങളെ വിളിച്ചതു ആ പേരുകളായിരുന്നു..അതു തിരുത്താന്‍ ശ്രമിച്ചതുമില്ല..

കാട്ടിനുള്ളിലൂടെയുള്ള യാത്ര ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു.. ജീപ്പു പോകുന്ന വീതിയിലുള്ള ആ വഴി ഒരു മണിക്കൂറോളം നടന്നപ്പോള് അവസാനിച്ചു.. പിന്നീടു നടപ്പാത മാത്രം.. ചീവീടുകളുടെ ഇരമ്പുന്ന ശബ്ദം കാറ്റിന്റെ ഗതിക്കനുസരിച്ചു മായുന്നതുപോലെ തോന്നി.. എവിടെയോ മുളങ്കൂട്ടങ്ങള് തമ്മില് ഉരയുന്നതിന്റെ ശബ്ദം.. പേടിയുള്ളവര് കേട്ടാല് ആന ദൂരെനിന്നു ചീറുന്നതുപോലെ തോന്നും.. പ്രത്യേകിച്ചും വഴിയില് ആനപ്പിണ്ടം കണ്ടതിന് ശേഷമാണെങ്കില്.. (ആനപ്പിണ്ടം കാ‍ണുകയും ചെറിയ പേടി ഉണ്ടാവുകയും ചെയ്തതിനാല്‍ എനിക്കു അങ്ങിനെ തോന്നി) പലര്ക്കും പാട്ടുകള് അറിയാതെ വരാന് തുടങ്ങിയിരുന്നു.. (പേടി കൊണ്ടായിരുന്നോ എന്നു എനിക്കറിയില്ല..) നമ്പൂതിരിമാര് ആ കാര്യത്തില് മുന്പന്തിയിലായിരുന്നു.. ഒരു സ്ഥലത്തു വലിയ പാമ്പിനെ കണ്ടതുകൊണ്ടു അതു പോകുന്നതുവരെ തങ്ങേണ്ടിവന്നു.. ഞാന് കല്ലെടുത്തപ്പോള് നമ്പൂതിരിമാര് തടഞ്ഞുകൊണ്ടു പറഞ്ഞത്, ഇതെല്ലാം ദേവിയുടെ ആളുകളാണ്.. അവരെ ദ്രോഹിക്കരുത് എന്നായിരുന്നു.. കാട്ടിനുള്ളില്‍ ചിലപ്പോള് നിശ്ശബ്ദത.. ചിലപ്പോള് ചീവീടുകള്.. തികച്ചും പുതിയ അനുഭവമായി ആ കാല്നടയാത്ര.. അത്ഭുതമെന്നു പറയട്ടെ.. ആ കാട്ടിനുള്ളിലും ഒരു ചായക്കട.. മറ്റാരുമല്ല ഒരു മലയാളി തന്നെ..!! (ചന്ദ്രനില് പോയപ്പോഴും കണ്ടുവെന്ന തമാശ ഓര്ത്തു).. രണ്ടു മലകള് താണ്ടിയ മൂന്നു മണിക്കൂര് യാത്രക്കൊടുവില് ഒരു കുത്തനെ കയറ്റത്തിലെത്തി.. കുടജാദ്രിയെന്ന ആ ലക്ഷ്യത്തിലേക്കു ഇനി കുറച്ചു കൂടി.. ആവേശത്തോടെ കയറി.. കിതപ്പോടെ ആ മുറ്റത്തെത്തി.. അവിടത്തെ ദേവീക്ഷേത്രത്തിന്റെ മേല്നോട്ടക്കാരായ ബ്രാഹ്മിണ്സിന്റെ വീടിനു മുന്നില്.. മുറ്റത്തുതന്നെ ഒരു കുളവും.. വീട്ടിലെ കോലായിലും ഉമ്മറത്തിണ്ടിലും താടിയും മുടിയും നീട്ടിയ ഏതാനും സന്യാസിമാര്.. ആ വീട്ടില് ഭക്ഷണം ലഭിക്കും.. ഭക്ഷണത്തിനു അവര് വില പറയില്ല.. നമ്മള് നല്കുന്നതു അവര് വാങ്ങും.. ഇത്രയും ദൂരം കൊണ്ടുവരുന്നതോര്ക്കുമ്പോള് കണക്കുനോക്കാതെ ആളുകള് വില നല്കുമായിരുന്നു..ഉപ്പുമാവും ചായയും ഓര്ഡര് ചെയ്തപ്പോള് കുളത്തില് മുങ്ങിക്കുളിച്ചു വരാന് പറഞ്ഞു.. സൌപര്ണ്ണികയിലേക്കു ഒഴുകിച്ചേരുന്ന ഔഷധമൂല്യമുള്ള ഏതാനും ഉറവകളുടെ സംഗമമാണു ആ കുളം.. അതില് മുങ്ങിയപ്പോള് കിട്ടിയ തണുപ്പില്നിന്നുള്ള ഊര്ജ്ജം അനിര്വചനീയമായിരുന്നു.. ഒരു പക്ഷേ ക്ഷീണത്തിന്റെ ആധിക്യം കൊണ്ടാകാം.. അല്ലെങ്കില് രാവിലെ കുളി ബാക്കിവെച്ചതുകൊണ്ടാവാം.. എന്തായാലും ഇത്രയും സുഖകരമായ, ഗുണകരമായ ഒരു കുളി അതുവരെ ഉണ്ടായിരുന്നില്ല, പിന്നീടും ഉണ്ടായിട്ടില്ല.. ഭക്ഷണത്തിനുശേഷം അതിനടുത്തായി കുത്തിവെച്ച വലിയ ശൂലം കാണാന് പോയി.. അതിനെക്കുറിച്ചും ഭദ്രകാളിയെ ബന്ധപ്പെടുത്തി ഒരു ഐതിഹ്യമുണ്ട്.. അവിടെ കുറവന്മാരുടെ ഒരു കുടില് ഉണ്ട്.. അവിടെ നോണ് വെജിറ്റേറിയന് ഭക്ഷണം ലഭിക്കും.. പക്ഷേ സുരേഷും ഹരീഷും ലതീഷും നമ്പൂതിരിമാരുടെ മുന്നില് ആ ആഗ്രഹം ഉപേക്ഷിച്ചു..

വീണ്ടും മലകയറാന് തീരുമാനിച്ചു.. ശങ്കരാചാര്യര് കയറിയ സര് വജ്ഞപീഠം കയറാന് വല്ലാത്ത മോഹം.. അങ്ങിനെയല്ലാതെ ഒരാചാര്യനാകാന് സാധ്യതയുമില്ല.. ഒന്നര മണിക്കൂറോളം വീണ്ടും നടത്തം.. ഭക്ഷണം കയ്യില് വയ്ക്കാന് ചില മലയാളി സന്യാസിമാര് നിര്ദ്ദേശിച്ചെങ്കിലും കാര്യമാക്കിയില്ല.. നമ്പൂതിരിമാരും ഞങ്ങളോടൊപ്പം.. ഇപ്പോള്‍ സര്വജ്ഞപീഠത്തിനു മുന്നില്.. ഹാ.. അപാരം..!! എന്തൊരു തണുപ്പ്..!! മേഘങ്ങള് ഞങ്ങളെ തൊട്ടുരുമ്മി നീങ്ങുമ്പോള് ശ്വാസം വലിയുന്നതു പോലെ..!! നിമിഷങ്ങള്ക്കകം ആകാശം മഞ്ഞുമൂടുകയും തെളിയുകയും ചെയ്യുന്നു..!! മഞ്ഞു മൂടുമ്പോള്‍ അടുത്തു നില്‍ക്കുന്നവരെ കൂടി കാണാനാവില്ല.. ഇടക്കു രണ്ടു തവണ ചാറ്റല് മഴ..!! എന്തൊരു അത്ഭുതപ്രതിഭാസം..!! സര്വജ്ഞപീഠമെന്ന കരിങ്കല് പീഠത്തിനു മുകളില് കയറി..ലോകം മുഴുവന് നമ്മുടെ കാല്ക്കീഴില്..!! എനിക്കു മുകളില് ഇനി ഒന്നുമില്ല.. ഇതു സത്യം..!! എല്ലാ മലനിരകളും എനിക്കു കീഴില് മാത്രം..!! വല്ലാത്തൊരു അനുഭവം..!! കുടജാദ്രിയിലേക്കു മാത്രമെന്നു നിര്ബന്ധിച്ച ഹാരിസിനു എല്ലാ സ്തുതിയും.. ആ അതിരുകളില് നിന്നു താഴേക്കു നോക്കിയാല് അംബാവനം പച്ചപ്പരവതാനി പോലെ പരന്നുകിടക്കുന്നു.. പിടിവിട്ടുപോയാല് പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്.. ആ ആഴത്തില്‍ നിന്നും മേഘങ്ങള്‍ ഞങ്ങളെത്തേടി ഉല്ലാസത്തോടെ മുകളിലേക്കു ഒഴുകിയെത്തുന്നതു കാണുമ്പോള്‍ താഴേക്കു മാടിവിളിക്കുന്നതായി തോന്നും.. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നവര്‍ ആ കാഴ്ച കാണാതിരിക്കുന്നതാവും നല്ലത്..

ആ നിരപ്പില് നിന്നു കുത്തനെ ഇറങ്ങുന്നതു ചിത്രമൂല എന്ന ഗുഹാമുഖത്തേക്ക്.. അള്ളിപ്പിടിച്ചു ചെടികളിലും വേരുകളിലും പിടിച്ചുവേണം ഇറങ്ങാന്.. അപകടകരമായ ഒരു ഇറക്കം.. പിടിവിട്ടുപോയാല് താഴെ വനത്തിലേക്ക്.. സവകാശം ഇറങ്ങി ചിത്രമൂലയിലെത്തി.. വെള്ളം ഇറ്റി വീണുകൊണ്ടിരിക്കുന്ന ഒരു ഗുഹ.. അതില് മൂന്നു പേര്ക്കു ഇരിക്കാം.. ഒരു സന്യാസി അവിടെ തപസിരിക്കുന്നു.. തപസ്സു മുടക്കാന് വന്ന ഞങ്ങളെ ആദ്യം ഗൌനിച്ചില്ലെങ്കിലും ഞങ്ങളുടെ മലയാളം അയാളുടെ തപസ്സു മുടക്കി..ആ സന്യാസി വര്യന് പരപ്പനങ്ങാടിക്കാരനായിരുന്നു
..പേരു ഓര്മയില്ല..ബാലകൃഷ്ണനോ ഗോപാലകൃഷ്ണനോ ആണെന്നു തോന്നുന്നു.. അദ്ദേഹം പട്ടാളത്തില് നിന്നു വിരമിച്ച വ്യക്തിയാണെന്നു പറഞ്ഞതോര്മ്മയുണ്ട്.. എന്തായാലും അദ്ദേഹത്തിന്റെ കയ്യില് നിന്നു ഇത്തിരി ശര്ക്കര ചേര്ത്ത അവില് ലഭിച്ചു.. അന്നാണു അവിലിനു അത്രയും സ്വാദുണ്ടെന്നു മനസ്സിലായത്.. ഉച്ചഭക്ഷണത്തിനു ശേഷം കുടജാദ്രിയില് നിന്നും മടങ്ങി.. അതേ കാട്ടിനുള്ളിലൂടെ തന്നെ.. പേടിയെല്ലാം മാറിയിരുന്നു.. വൈകീട്ട് മൂകാംബികയില് തിരിച്ചെത്തി.. അടുത്ത ലാവണമായ ധര്മ്മസ്ഥല ലക്ഷ്യം വെച്ചു നീങ്ങാനുള്ള പുറപ്പാടുമായി...

(ഇന്നു കുടജാദ്രി വരെ വാഹനം എത്തും.. അവിടം മുതല്‍ സര്വജ്ഞപീഠം വരെ നടന്നാല് മതി.. എം.ടി.യുടെ വാനപ്രസ്ഥം (സിനിമ തീര്‍ത്ഥാടനം) മുഴുവന് ആ സ്ഥലമാണ്.. ഒരിക്കല് കൂടി അവിടെ പോകണമെന്നു ആഗ്രഹമുണ്ട്..)

No comments: