Thursday, October 14, 2010

ഇതു മസ്നഗുഡി…

തമിഴ്നാടിന്റെ അതിര്‍ത്തിപ്രദേശം.. മലപ്പുറത്തു നിന്നും ഏകദേശം 90 കിലോമീറ്റര്‍ ദൂരം മാത്രം.. പെട്ടെന്നു പോകണമെന്നു തോന്നിയാല്‍ ഏറ്റവും എളുപ്പത്തില്‍ ഉല്ലാസയാത്രയ്ക്കു തിരഞ്ഞെടുക്കാവുന്ന ഒരിടം.. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി തമിഴ്നാട് അതിര്‍ത്തി കടന്ന് ഗൂഡല്ലൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൈസൂര്‍ റൂട്ടില്‍ മുന്നോട്ട്.. (ഗൂഡല്ലൂരില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ഊട്ടി റൂട്ട് ആണ്).. കുറച്ചുദൂരം എത്തുമ്പോള്‍ തന്നെ ഇരുവശവും കാടുകള്‍ കണ്ടു തുടങ്ങും.. ഭാഗ്യമുണ്ടെങ്കില്‍ മൃഗങ്ങളെ (പ്രധാനമായും ആന, കാട്ടുപോത്ത്, മാന്‍, തുടങ്ങിയവ) വഴിയോരങ്ങളില്‍ തന്നെ കാണാം.. ഇപ്പോള്‍ രാത്രി യാത്രനിരോധനം ഉള്ളതിനാല്‍ മൃഗങ്ങള്‍ കുറച്ചുകൂടി സ്വതന്ത്രമായി വിഹരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.. കടുവ ഉണ്ടെങ്കിലും ഞങ്ങളുടെ രണ്ടു യാത്രയിലും കാണാനായില്ല.. മെയിന്‍ റൂട്ടില്‍ തൊപ്പക്കാട് എന്ന ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞു പോകണം.. അതു വഴിയും ഊട്ടിയിലേക്കു പോകാം.. നല്ല വേനലില്‍ ആണ് പോയതെന്നതു കൊണ്ട് ഹരിതഭംഗി വല്ലതെയൊന്നും ആസ്വദിക്കാനായില്ല.. ഏകദേശം മൂന്നര മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങളുടെ റിസോര്‍ട്ടില്‍ എത്തി..(അത്രയും സമയം വേണ്ട. ഞങ്ങള്‍ പോകുന്ന വഴിയില്‍ നിലമ്പൂര്‍ തേക്കിന്‍ കാട് കാണാന്‍ കുറേ സമയം ചെലവഴിച്ചു).. രണ്ടു തവണയും ഓരോ കുടുംബം ഞങ്ങളോടൊപ്പമുണ്ടായിരുന്നു..

ഇതു മസ്നഗുഡി ടൌണ്‍.. (ടൌണ്‍ എന്നു ഒരു ഗമയ്ക്കു പറയുകയാണ്)..

ഒരു കൊച്ചു അങ്ങാടി.. കുറച്ചു കടകള്‍, ടാക്സികള്‍, പോലീസ് സ്റ്റേഷന്‍, ട്യൂബ് വാള്‍ക്കനൈസിങ് ഷോപ്പ് തുടങ്ങി അത്യാവശ്യങ്ങള്‍ക്കുള്ള വകയെല്ലാമുണ്ട്.. ഞങ്ങളുടെ റിസോര്‍ട്ട് കാടിനോടടുത്താണ്.. ഇപ്പോള്‍ ആ പ്രദേശമെല്ലാം ടൈഗര്‍ റിസര്‍വ് കേന്ദ്രമായി പ്രഖ്യാപിച്ചു.. മറ്റിടങ്ങളില്‍ മഴ പെയ്യുന്ന കാലത്ത് കടുവയെ കൂടുതലായി ഇവിടെ കാണാമെന്നു നാട്ടുകാര്‍ പറയുന്നു.. ഈ കാടിന്റെ ഒരറ്റം വയനാടന്‍ കാടുകളും(കേരളം) മറ്റേ അറ്റം ബന്ദിപ്പൂര്‍ കാടുകളുമാണ് (കര്‍ണ്ണാടക).. ബന്ദിപ്പൂര്‍ വീരപ്പന്റെ താവളം എന്ന പേരില്‍ പ്രസിദ്ധമാണല്ലോ..

ഇതു ഊട്ടിയുടെ താഴ്വാരം..

മഴയില്ലാത്ത കുന്നിന്‍താഴ്വാരം.. എന്നെങ്കിലും ഒരു ചാറ്റല്‍മഴ ഉണ്ടാകുമെന്നാണ് അവിടത്തെ സ്ഥിരം അന്തേവാസികള്‍ പറയുന്നത്.. അല്ലാതെ സ്ഥിരം മഴയെന്ന പ്രതിഭാസം ആ താഴ്വാരത്തിനു അന്യമാണത്രേ.. ഏതു വേനല്‍ക്കാലത്തും ഒരു സുഖമുള്ള തണുപ്പ് അവിടെ ചുറ്റിപ്പറ്റിയുണ്ടാകും.. തണുപ്പിനും മസ്നഗുഡിയെ അത്രയ്ക്കു ഇഷ്ടമാണ്.. ഞങ്ങള്‍ ആദ്യതവണ താമസിച്ച ബ്ലൂ വാലി റിസോര്‍ട്ടിലെ പാര്‍ക്കില്‍ ഇരുന്നാല്‍ തന്നെ മനം മയക്കുന്ന പ്രകൃതിയുടെ സൌന്ദര്യം ചുറ്റിലും കാണാം.. അപാര ദൃശ്യവി

രുന്നേകുന്ന നീല മലകളും പച്ച നിറഞ്ഞ താഴ്വരകളും എല്ലാ സംഘര്‍ഷങ്ങളേയും തുടച്ചുനീക്കി മനസ്സിനെ തണുപ്പിക്കും.. മറ്റൊന്നും മനസ്സിലേക്കു കടക്കുകയില്ല.. സുഖകരമായ കാലാവസ്ഥ.. സൂര്യന്‍ ചക്രവാളത്തില്‍ നിന്നു അകന്നു കൊണ്ടിരിക്കുമ്പോള്‍, പച്ചക്കാടുകളില്‍ ഒളിച്ചിരുന്ന തണുപ്പ് സൂര്യന്റെ വിടവാങ്ങലിനനുസരിച്ച് കയറിവന്നുകൊണ്ടിരിക്കും.. രാത്രിയില്‍ പുതപ്പിനുള്ളില്‍ കയറാതെ രക്ഷയില്ലാതായി.. ആ റിസോര്‍ട്ട് കോമ്പൌണ്ടില്‍ പോലും ആനയും മാനും കാട്ടുപന്നിയും എത്താറുണ്ട് എന്നു അവിടത്തെ സ്റ്റാഫ് പറഞ്ഞു.

രാത്രി പടക്കം പൊട്ടുന്ന ശബ്ദം കേട്ടാല്‍ പുറത്തിറങ്ങരുതെന്നും പറഞ്ഞു. ആന കയറിയാല്‍ അതിനെ ഓടിക്കാനാണത്രെ പടക്കം പൊട്ടിക്കുന്നത്.. അന്നു രാത്രി പടക്കം പൊട്ടിച്ചിരുന്നുവെന്ന് അടുത്ത ദിവസം രാവിലെ സ്റ്റാഫ് പറഞ്ഞു.. അവരുടെ കോമ്പൌണ്ടില്‍ കുറച്ചു വിട്ട് താമസത്തിനുള്ള ഒരു ബംഗ്ലാവ് ഉണ്ട്.. അവിടെ ആന വന്നതായിരുന്നു എന്നു പറഞ്ഞു. ആരറിയാന്‍..? ആ സുഖകരമായ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങുന്നതിന്റെ സുഖം അനുഭവിക്കുമ്പോഴേ അറിയൂ.. അതും ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നു രക്ഷപ്പെട്ടു പോന്നവര്‍.. പിന്നെന്തു പടക്കം..?!! പിന്നെന്തു ആന..?!!സഫാരിക്കു പോകാനുള്ള സാധ്യത ഉണ്ടായിരുന്നു.. ട്രക്കിംഗിനും സൌകര്യമൊരുക്കാമെന്നു പറഞ്ഞു.. പക്ഷേ ആര്‍ക്കും എവിടേക്കും പോകേണ്ട.. സമയാസമയം ഭക്ഷണവും അവിടെ ലഭിക്കും.. അതുകൊണ്ടു തന്നെ സമ്പൂര്‍ണ്ണമായും ആ റിസോര്‍ട്ടില്‍ തങ്ങി.. കുട്ടികള്‍ക്കാണെങ്കില്‍ കളി

ക്കാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് അവരും ഹാപ്പി..

..

പിറ്റേന്ന് കാലത്ത് മഞ്ഞും കോടയുമില്ലാതെ തെളിഞ്ഞ മലകളുടെ ദൃശ്യം അനിര്‍വചനീയ അനുഭവമേകി..

തൊട്ടടുത്ത അരുവിക്കരയില്‍ പോയി.. കുട്ടികള്‍ നല്ല തണുപ്പുള്ള വെള്ളത്തില്‍ ഇറങ്ങി കളിച്ചു.. അതിനടുത്ത് ഒരു പാമ്പ് സാവകാശം മരത്തിന്റെ പൊത്തിലേക്ക് ഇഴഞ്ഞുപോകുന്നത് കുറച്ചുപേര്‍ കണ്ടു.. അവിടേക്കു പോകുന്ന വഴിയിലാണ് ഹിന്ദി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ റിസോര്‍ട്ട് മൊണാര്‍ക്..

രണ്ടാം വരവ് മറ്റൊരു റിസോര്‍ട്ടില്‍.. മിസ്റ്റി വാലി.. ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണാന്‍ അന്നാണ് കറങ്ങിയത്.. വൈകിട്ട് കാടിനുള്ളിലൂടെ രണ്ടു ഡാം സൈറ്റുകളിലേക്ക്.. കൂട്ടത്തില്‍ ഒരു കോവിലും.. വഴിയില്‍ പലയിടത്തായി പുള്ളീമാനുകള്‍, കലമാന്‍, കാട്ടുപോത്ത്, ആ

ന എന്നിവയെ

കണ്ടു.. ഒരേ പുഴയില്‍ നിന്നും പലയിടങ്ങളി

ലായി വെള്ളം തടഞ്ഞു ഹൈഡ്രോ പ്രോജക്റ്റ് നിര്‍മ്മിച്ചിരിക്കുന്നു.. ഉപയോഗത്തിനു ശേഷം ആ വെള്ളം അതേ പുഴയിലേക്കു തന്നെ ഒ

ഴുക്കി വിടുന്നു.. (ഇതു കേരളത്തിലായാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദ്ധതിയായേനെ).. അടുത്ത ദിവസം മറ്റൊരു ഡാമില്‍ നിന്നു പുറംതള്ളുന്ന വെള്ളം പുഴയിലേക്ക് എത്തുന്ന ഭാഗം കൂടി ക

ണ്ടു.. അവിടെ നിന്നു ഊട്ടിയിലേക്കു കയറാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും സൌകര്യപ്പെടാത്തതിനാല്‍ അന്നു ഉച്ചയോടെ നാട്ടിലേക്കു തിരിച്ചു.. (ദൃശ്യങ്ങള്‍ ഇതോടൊപ്പം കാണാം)



No comments: