Saturday, October 22, 2011

ഹൈദരാബാദ് - പഴമയും പുത്തന്‍ വിശേഷങ്ങളും (ഭാഗം 3)

ഏപ്രില്‍ 9 (മൂന്നാം ദിനം)
സലാര്‍ ജംഗ് മ്യൂസിയത്തിലൂടെയുള്ള ഒരു ഓട്ട പ്രദക്ഷിണത്തിനു ശേഷം, വൈകിട്ട് ലുംബിനി പാര്‍ക്കില്‍.. അവിടെയായിരുന്നു ബോംബ്‌ സ്ഫോടനം നടന്നത്. കര്‍ശനമായ ചെക്കിംഗിനു ശേഷമാണ് കടത്തി വിടുന്നത്. പഴങ്ങള്‍ തൊലി ചെത്താന്‍ ഒരാളുടെ ഹാന്‍ഡ് ബാഗില്‍ വെച്ചിരുന്ന പിച്ചാത്തി പോലും പിടിച്ചു വെച്ചതിനു ശേഷമാണ് കടത്തി വിട്ടത്.. Children's പാര്‍ക്കില്‍ കുട്ടികള്‍ കളിച്ചു. കനലില്‍ ചുട്ട കമ്പക്കുല വാങ്ങിക്കഴിച്ചു. ഇരുട്ടിയതിനു ശേഷം നടക്കുന്ന ലേസര്‍ ഷോ കണ്ടു. ഹൈദരാബാദിന്റെ ചരിത്രം വിശദമാക്കുന്ന കമന്ററിയോട് കൂടിയ ലേസര്‍ ഷോ, കൂട്ടത്തില്‍ ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ ആന്ധ്ര നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തുന്ന മറ്റൊന്നും ഉണ്ടായിരുന്നു.. ഗ്യാലറി നിറഞ്ഞിരുന്നു.. സ്ക്രീന്‍ പോലും ഇല്ലാതെ ഉള്ള ആ പ്രദര്‍ശനം നല്ലൊരു അനുഭവമേകി..

പിന്നെ തൊട്ടടുത്തുള്ള ഹൊസൈന്‍ സാഗര്‍ തടാകം. രണ്ടു തവണ സിറ്റിയിലൂടെ കറങ്ങിയപ്പോള്‍ വെറും കാഴ്ചയായി കണ്ടിരുന്നു. അതിനു നടുവില്‍ മാര്‍ബിളില്‍ തീര്‍ത്ത ഒരു വലിയ ബുദ്ധ പ്രതിമ. രാത്രിയില്‍ തെളിഞ്ഞു നില്‍ക്കുന്ന ബുദ്ധന്‍ ആരും ശ്രദ്ധിച്ചു പോകും.. ആ തടാകത്തിലൂടെ ഒരു ബോട്ട് യാത്രയും. മാര്‍ബിള്‍ ബുദ്ധനെ ചുറ്റിയുള്ള യാത്ര. ബോട്ടില്‍ യാത്രക്കാര്‍ക്ക് ആനന്ദമേകാന്‍ ചടുല സംഗീതത്തിനൊപ്പം രണ്ടു യുവാക്കളും രണ്ടു യുവതികളും സമ്മാനിക്കുന്ന ഡിസ്കോയും.. അതുകൂടി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മതിയായി.. അന്ന് ഞങ്ങളുടെ ട്രാവല്‍ ഏജ ന്റ്  (ഫൈസല്‍) സവിശേഷമായ ഹൈദരാബാദ് ബിരിയാണിയാണ് ഞങ്ങള്‍ക്ക് തയ്യാറാക്കിയത്.. (കോഴിക്കോടന്‍ ബിരിയാണിയുടെ രുചിയോളം എത്തില്ലെന്നാണ് എന്റെ അഭിപ്രായം).. ഭക്ഷണത്തിന് മുന്പ് ഒരു ക്യാമ്പ് ഫയറും അവര്‍ ഒരുക്കിയിരുന്നു. ഭക്ഷണവും കഴിഞ്ഞു റൂമില്‍ എത്താന്‍ തിരക്കായി..

നാലാം ദിനം (ഏപ്രില്‍ 10)
സെക്കന്തരബാദില്‍ നിന്ന് 7 കി.മീ. യാത്ര ചെയ്‌താല്‍ എത്തുന്ന ഒരു മന്ദിരമാണ് ആണ് ബിര്‍ള മന്ദിര്‍. ദല്‍ഹി, കൊല്‍ക്കത്ത, വാരാണസി, ഭോപാല്‍, കുരുക്ഷേത്ര, ജൈപൂര്‍, പാറ്റ്ന തുടങ്ങി ഇന്ത്യയില്‍ 11 പട്ടണങ്ങളില്‍ ഇതുപോലുള്ള വ്യത്യസ്ത ദൈവപ്രതിഷ്ടകള്‍ ഉള്ള മന്ദിരങ്ങള്‍ ബിര്‍ള ഫൌണ്ടേഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിനകത്ത് ഇതു മതസ്ഥര്‍ക്കും പ്രവേശിക്കാം. സമ്പൂര്‍ണ്ണമായും വെള്ള മാര്‍ബിളില്‍ ആണ് ഇതെല്ലാം നിര്‍മ്മിച്ചിട്ടുള്ളത്. വെങ്കിടേശ്വര പ്രതിഷ്ഠയുള്ള ഹൈദരാബാദിലെ ബിര്‍ള മന്ദിര്‍ നിര്‍മ്മാണത്തിന് 2000 ടണ്‍ വെള്ള മാര്‍ബിള്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. രാജസ്ഥാനി ക്ഷേത്ര മാതൃകയുടെ രൂപകല്പനയാണ് സ്വീകരിച്ചിട്ടുള്ളത്. ആന്ധ്ര സ്വദേശിയായ സുഹൃത്ത് ശ്രീ.രമണ ഞങ്ങളെ സന്ദര്‍ശിക്കാന്‍ അവിടെ വന്നിരുന്നു. (മലപ്പുറത്ത്‌ കൃഷി ഓഫീസര്‍ ആണ്.. ഇപ്പോള്‍ ലീവില്‍).. അദ്ദേഹം പറഞ്ഞത് നിലാവുള്ള രാത്രിയില്‍ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ മന്ദിരം കാണാന്‍ അപാര സൌന്ദര്യമാണത്രേ.. അതുകൊണ്ട് അതിനായി ഇനി ഒരു വരവ് കൂടി നടത്തിയാലും നഷ്ടമാവില്ല എന്നായിരുന്നു.

തൊട്ടടുത്ത്‌ തന്നെ ബിര്‍ള പ്ലാനറ്റെറിയം. ചരിത്രത്തെയും ശാസ്ത്രത്തെയും പുനരവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍, ശാസ്ത്ര തത്വങ്ങളുടെ പ്രായോഗികത ലളിതമായി ബോധ്യപ്പെടുത്തുന്ന കുറെ വസ്തുക്കള്‍.. ഊര്‍ജ്ജതന്ത്രം അടിസ്ഥാനമാക്കിയതാണ് കൂടതല്‍.. പിന്നെ ജീവശാസ്ത്രവും.. ആനയുടെ തലയോട്ടി, പല്ലുകള്‍, തിമിംഗലത്തിന്റെ എല്ലുകള്‍ തുടങ്ങി പലതും.. ദിനോസറിന്റെ സ്കെലറ്റന്‍ ആയിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. കുട്ടികള്‍ക്കും അത് ഒരു അത്ഭുത കാഴ്ചയായി. അവരെല്ലാം ജുറാസ്സിക് പാര്‍ക്ക് എന്ന സിനിമ പല തവണ കണ്ടവരാണ്. മുതിര്‍ന്നവരും മോശമായിരുന്നില്ല. പിന്നെ കുട്ടികളുടെ ഇടയില്‍ അങ്ങിനെയങ്ങ് കാണിക്കാനാവില്ലല്ലോ.. ഞങ്ങള്‍ ഇത് കുറെ കണ്ടതാണെന്ന മട്ടില്‍ ആയിരുന്നു നില്പ്.. അതും നല്ല പ്രയോജനകരമായി. ഭക്ഷണശേഷം റൂമില്‍ പോയി മടക്കയാത്രക്കായി എല്ലാം പാക്ക് ചെയ്തു. വൈകീട്ട് 6 മണിക്ക് ട്രെയിന്‍ കയറണം. ഹോട്ടലില്‍ നിന്ന് റോഡു ക്രോസ് ചെയ്‌താല്‍ ട്വിന്‍ സിറ്റിയിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ ആയ സെക്കന്ദരാബാദ് ആണ്.

ഉച്ചക്ക് ശേഷം കുറച്ചു തുണിത്തരങ്ങള്‍, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍, ഫൈസല്‍ ഞങ്ങളെ ഒരു വ്യാപാര മേഖലയില്‍ തുറന്നു വിട്ടു. ഇത്ര സമയത്തിനുള്ളില്‍ തിരിച്ചു വരണം എന്ന നിബന്ധന മാത്രം. കാരണം ആറു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തണം. പിന്നെ ആ തെരുവില്‍ പൊള്ളുന്ന വെയിലില്‍ കറങ്ങുകയായിരുന്നു. സാരി, ചുരിദാര്‍ ബിറ്റുകള്‍, ബാഗ്, ചപ്പല്‍ തുടങ്ങി പലതും പലരും വാങ്ങി. തിരിച്ചു റൂമിലേക്ക്‌.. അവിടെ നിന്നും റെയില്‍വേ സ്റ്റെഷനിലേക്ക്.. സ്റ്റേഷനില്‍ എത്തുമ്പോള്‍ ട്രെയിന്‍ എത്തിയിരുന്നില്ല. ഇനിയും ഒട്ടേറെ കാണാന്‍ ബാക്കി വെച്ചു കൊണ്ട്, കണ്ടത് തന്നെ മതിയാവോളം ആസ്വദിച്ചു കാണാതെ ഞങ്ങള്‍ ഹൈദരാബാദിനോട് വിടചൊല്ലി...

ഏപ്രില്‍ 11 നു രാവിലെ ചെന്നൈയില്‍ ട്രെയിന്‍ ഇറങ്ങി. അവിടെ നിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ തിരൂരിലേക്ക്.. രാത്രി 11 മണിയോടെ തിരൂരില്‍.. 12 മണിയോടെ ഓരോരുത്തരും സ്വന്തം വീടുകളില്‍..
തിരൂരിലേക്ക്.. രാത്രി 11 മണിയോടെ തിരൂരില്‍.. 12 മണിയോടെ ഓരോരുത്തരും സ്വന്തം വീടുകളില്‍..

ലേസര്‍ ഷോ ..

ഹോസൈന്‍ സാഗര്‍ തടാകത്തിലെ ബുദ്ധ പ്രതിമ..

ബോട്ടിലെ ഡിസ്ക്കോ..

ബിര്‍ള മന്ദിര്‍ ..

ബിര്‍ള പ്ലാനറ്റെറിയം.. ദിനോസര്‍ സ്കേലറ്റന്‍..

Thursday, October 20, 2011

ഹൈദരാബാദ് - രാജഭരണത്തിന്റെ ശേഷിപ്പുകള്‍ (ഭാഗം 2)

മൂന്നാം ദിനം.. (2008 ഏപ്രില്‍ 9)
വെയില്‍ ചൂടാകും മുന്പ് ഇറങ്ങി.. ഹൈദരാബാദ് സിറ്റിയുടെ 11 കി.മീ. പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗോല്‍ക്കൊണ്ട ഫോര്‍ട്ട് കാണാന്‍.. കാക്കതീയ വംശം നിര്‍മ്മിച്ച ഈ കോട്ട, പിന്നീട് ഖുതുബ് ഷാഹി വംശം പുനര്‍നിര്‍മ്മിച്ചത് വടക്ക് നിന്നുള്ള മുഗള്‍ അധിനിവേശം തടയാനായിരുന്നു എന്ന് ചരിത്രം.. കോട്ടയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന കവാടത്തില്‍ നിന്ന് കൈ കൊട്ടിയാല്‍ 300 അടി ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗത്ത്‌ കേള്‍ക്കാം എന്നത് ഈ കോട്ടയുടെ ഒരു സവിശേഷതയാണ്.. ആട്ടിടയന്റെ കുന്ന് എന്നര്‍ത്ഥമുള്ള ഗോല്‍കൊണ്ട നില്‍ക്കുന്നത് ഒരു ഗ്രാനൈറ്റ് കുന്നിലാണ്.. കവാടത്തില്‍ നിന്ന് കല്‍പടവുകള്‍ കയറി വേണം 300 അടി മുകളില്‍ എത്താന്‍.. അതിനിടയില്‍ വിശ്രമിക്കാം.. കുട്ടികള്‍ അമിതാവേശത്തോടെ കയറുന്നുണ്ടായിരുന്നു. പകുതി എത്തിയപ്പോള്‍ ഫൈറോസിന് കിതപ്പും ഒരു നെഞ്ചുവേദനയും അനുഭവപ്പെട്ടു. കുറച്ചു വിശ്രമിച്ചു വീണ്ടും കയറി. ഇടയ്ക്കു കാരാഗൃഹം പോലെ ഒരിടം.. അതിനകത്ത് വെയില്‍ ഇല്ല. അവിടെ കയറിയപ്പോള്‍ നല്ല തണുപ്പ്.. എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ.. ഇനിയും മുകളിലേക്ക് തന്നെ.. കോട്ടക്കുള്ളിലൂടെ വിവിധോദ്ദേശ നിര്‍മ്മിതികള്‍ക്കിടയിലൂടെ വളരെ സാവകാശം മുകളിലെത്തി.. മുകളില്‍ നിന്ന് ആ പട്ടണത്തിന്റെ ഒരു വിഹഗ വീക്ഷണം കിട്ടും. മേല്‍ക്കൂര ഇല്ലാത്ത കോട്ടയുടെ മുകളില്‍ കത്തുന്ന സൂര്യന്റെ ചൂട് അറിയാത്ത വിധം നല്ല കാറ്റ്.. വിവിധ കോണുകളിലൂടെ ഉള്ള കാഴ്ചകളും വിശ്രമവും ഒരുമിച്ചു തന്നെ.. ശേഷം ഇറങ്ങിയത്‌ മറ്റൊരു വഴിയിലൂടെ. ആര്‍ച്ച് രൂപത്തിലുള്ള ചില ഭാഗങ്ങള്‍, ഹാളുകള്‍, ആയോധന പരിശീലനങ്ങള്‍ക്കുള്ള ഇടങ്ങള്‍, അന്തപ്പുരത്തിലെ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ തയ്യാറാക്കിയ സ്ഥലം, ജലസംഭരണി  ഉള്‍പ്പെടെ ഒട്ടേറെ പഴയ ശില്പ ചാരുതയുടെ വിസ്മയക്കാഴ്ചകള്‍ കണ്ടു. രാജാവ് യോഗം നടത്തുന്ന സ്ഥലം ഗൈഡ് (ഫൈസല്‍) കാണിച്ചു തന്നു. അതിനുള്ളില്‍ നടത്തുന്ന സ്വകാര്യ സംഭാഷണം പോലും നല്ല ശബ്ദത്തില്‍ കേള്‍ക്കുന്ന സംവിധാനമാണെന്ന് വായിച്ചിട്ടുണ്ട്. ചില ഗുഹകളിലൂടെയും മറ്റും താഴെ എത്തി. ഈ കോട്ടയില്‍ നിന്ന് ചാര്‍മിനാറിലേക്കും മറ്റു ചില ഭാഗത്തേക്കും തുരങ്കം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ വകുപ്പ് ഇതിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്നുണ്ട്.. രാത്രില്‍ പ്രകാശ വിന്യാസത്തോടെ നടക്കുന്ന കോട്ടയെ കുറിച്ചുള്ള വിവരണം ഏറ്റവും രസകരമാണെന്ന് അറിഞ്ഞിരുന്നു. ഓരോ ഭാഗത്തേക്ക് മാത്രം സ്പോട്ട് ലൈറ്റ് നല്‍കി അതിന്റെ പ്രാധാന്യം വിവരിക്കുന്ന രീതി.. പക്ഷെ ഞങ്ങള്‍ക്ക് സമയം പരിമിതമായിരുന്നു.

അതിനു ശേഷം ഞങ്ങള്‍ സ്നോ വേള്‍ഡ് എന്ന പുതിയ സാങ്കേതത്തിലേക്ക്.. ഹിമാലയന്‍ കാലാവസ്ഥ പുനരവതരിപ്പിച്ചിരിക്കുന്ന ഒരിടം.. ഹിമസാഗരത്തിലൂടെ ഒരു യാത്ര.. അവര്‍ നല്‍കുന്ന വൂളന്‍ കോട്ടും പാന്റും ജംഗിള്‍ ഷൂവും ധരിച്ചു കഴിഞ്ഞാല്‍ അതിനുള്ളിലേക്ക്‌ കടക്കാം.. അകത്തു ഐസ് കട്ടകള്‍, സിനിമകളില്‍ മാത്രം കണ്ട മഞ്ഞു മഴ, കാല്‍പാദം മൂടുന്ന വിധം പൊടിമഞ്ഞു നിറഞ്ഞിരിക്കുന്നു. കുറച്ചു വാരി കൂടെയുള്ളവരുടെ കോട്ടിനുള്ളിലേക്ക് ഇടുന്നുണ്ടായിരുന്നു. അതിനകത്ത് പിള്ളേരുടെ കളിയായിരുന്നു. ചുരുക്കം ചിലര്‍ തണുപ്പ് സഹിക്കാതെ പുറത്തു കടന്നു. പുറത്തെ പൊള്ളുന്ന ചൂടും അകത്തെ വിറയ്ക്കുന്ന തണുപ്പും..പുതിയൊരു അനുഭവം.. ചരിത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഇവിടെയാണ്‌..

ഉച്ചക്ക് സലാര്‍ ജംഗ് മ്യൂസിയം.. കാകതിയ രാജവംശത്തിന്റെയും ഖുതുബ് ഷാഹി വംശത്തിന്റെയും ഭരണത്തിന്റെയും പരിഷ്കാരത്തിന്റെയും ചരിത്രം അവതീര്‍ണ്ണമാകുന്ന കുറിപ്പുകള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍, വൈരങ്ങള്‍ തുടങ്ങി പലതും.. അമൂല്യമായ രത്നങ്ങള്‍ വരെ.. ലോഹ നിര്‍മ്മിതമായ (brass) ഒരു പഴയ ക്ലോക്ക് കണ്ടു. ഓരോ മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഘടികാരത്തിനുള്ളില്‍ നിന്ന് ഒരു ഭടന്‍ (ലോഹനിര്‍മ്മിതി) പുറത്തിറങ്ങി മണിയടിക്കുന്നു. (ഇപ്പോള്‍ അതിനു പകരം കിളികള്‍ പുറത്ത് വന്നു ശബ്ദിച്ചു പോകുന്ന ക്ലോക്കുകള്‍ സര്‍വ്വസാധാരണം, ഇത് ഏതു കാലഘട്ടമാണെന്ന്   ഓര്‍ക്കണം..) അത് കാണാന്‍ മണിക്കൂര്‍ തികയുന്ന സമയം കണക്കാക്കി സന്ദര്‍ശകര്‍ കാത്തിരിക്കും.. അവിടെ ഏതാനും മാര്‍ബിള്‍ ശില്പങ്ങള്‍ മാത്രമുള്ള ഒരു ഭാഗമുണ്ട്.. ശരിക്കും ജീവന്‍ തുടിക്കുന്ന മനുഷ്യ രൂപങ്ങള്‍. നനഞ്ഞ ചേല ചുറ്റിയ ഒരു സ്ത്രീരൂപം ഉണ്ട്. കലയുടെ പൂര്‍ണ്ണത വെളിവാക്കുന്ന സൃഷ്ടി.. അതിനകത്തെ പ്രദര്‍ശന വസ്തുക്കളെ ചരിത്രവുമായി ബന്ധപ്പെടുത്തി ഉള്‍ക്കൊള്ളാന്‍ തുനിഞ്ഞിരുന്നു എങ്കില്‍ അന്ന് അവിടെ നിന്ന് മടങ്ങിപ്പോരാന്‍ കഴിയുമായിരുന്നില്ല.. (ഇനിയും സ്ഥലങ്ങള്‍ ഒരു പാട് ബാക്കി.. പക്ഷെ ദിവസം ഒന്ന് കൂടിയേ ബാക്കിയുള്ളൂ..)




Golconda 1

Golconda 2

Golconda 3 മുകളില്‍ നിന്നുള്ള കാഴ്ച ..



Golconda 4 കാരാഗൃഹം..

Golconda 5

സലാര്‍ ജംഗ് മ്യൂസിയം..


Monday, October 17, 2011

ഹൈദരാബാദ് - ചരിത്രവും ശില്പഭംഗിയും.. (ഭാഗം-1 )

2008 ഏപ്രില്‍ 6 .. ഞങ്ങള്‍ അഞ്ചു കുടുംബങ്ങള്‍ ഹൈദരാബാദിലെക്ക്..ഒരു conducted tour .. ഞങ്ങളുടെ സുഹൃത്ത്‌ ഫൈസലിന്റെ സ്ഥാപനം..(താമസം,ഭക്ഷണം,കാഴ്ചകള്‍ എല്ലാം അവര്‍ arrange ചെയ്തു)..
എന്റെ മുന്‍ യാത്രാ കുറിപ്പില്‍ പരാമര്‍ശിച്ച ആറ് സുഹൃത്തുക്കളില്‍ ഒരു കുടുംബം ഇല്ലായിരുന്നു..
അങ്ങാടിപ്പുറത്ത് നിന്ന് ഉച്ചക്ക് 1 മണിക്ക് തീവണ്ടിയില്‍ ഷോര്‍ണൂര്‍ വരെ.. അവിടെ നിന്ന് 2.20 നു ഹൈദരാബാദിലേക്ക് ശബരി എക്സ്പ്രസില്‍.. ശീതീകരിച്ച കോച്ച് വെയിലിന്റെ കത്തുന്ന ചൂടിനു രക്ഷയായി.. അടുത്ത ദിവസം (7-4-08) ഉച്ചക്ക് 1 മണിക്ക് ഹൈദരാബാദില്‍ ട്രെയിന്‍ ഇറങ്ങി. നേരെ ഹോട്ടലില്‍..
കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം, കാഴ്ചകളുടെ പൂരങ്ങള്‍ക്കായി ഒരു മിനി ബസ്സില്‍ യാത്ര തുടങ്ങി. ചന്ദ്രബാബു നായിഡു എന്ന മുഖ്യമന്ത്രിയുടെ "നേട്ടമായി" പറയുന്ന ഐ.ടി. സിറ്റിയുടെ നിറവിലൂടെ സാവകാശം.. ഇടത്തും വലത്തും നിരനിരയായി വിവിധ ഐ.ടി. കമ്പനികളുടെ പളപളപ്പാര്‍ന്ന സൌധങ്ങള്‍.. ചില്ലുകൂടാരങ്ങള്‍.. (ഇത്രയൊക്കെ 'ഹൈടെക് വികസനം' കൊണ്ട് വന്നിട്ടും അദ്ദേഹം പരാജയപ്പെട്ടത് കൂടുതല്‍ വോട്ടുള്ള സാധാരണക്കാരന് ഭക്ഷണത്തിനുള്ള വക ഉണ്ടായില്ല എന്നതാണ്).. അവിടെ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക്..
ശില്പാരാമം.. 4 മണിയോടെ അവിടെയെത്തി.. കുറച്ചു നിര്‍മ്മിതികള്‍, മണ്‍ശില്പങ്ങള്‍, ജീവന്‍ തുടിക്കുന്ന മെഴുകു ശില്പങ്ങള്‍, കൊച്ചു പാര്‍ക്ക്, അരയന്നങ്ങള്‍ നീന്തുന്ന ഒരു ചെറിയ തടാകം.. വെറുതെ കണ്ടു നടക്കാം.. അത്രമാത്രം.. ആകെ ഒരു അത്ഭുതമായത് ഒരു കൌതുകത്തിന് അവിടെ നിര്‍ത്തിയിരിക്കുന്ന അപാര ഉയരമുള്ള ഒരു മനുഷ്യന്‍..രണ്ടു മണിക്കൂര്‍ കറക്കത്തിന്‌ ശേഷം അവിടെ നിന്ന് NTR പാര്‍ക്കിലേക്ക്.. പാര്‍ക്ക് കുട്ടികള്‍ക്ക് കൂടുതല്‍ രസകരം ആകുമായിരുന്നു. ജലത്തിന്റെ വിവിധ സാധ്യതകള്‍ ഉപയോഗിച്ചു പ്രകാശ വര്‍ണ്ണങ്ങള്‍ കലര്‍ത്തി ഉണ്ടാക്കിയ വ്യത്യസ്ത രൂപങ്ങള്‍.. പക്ഷെ ഞങ്ങള്‍ എത്തിയപ്പോള്‍ കൂടുതല്‍ ഇരുട്ടിയിരുന്നു. അതിനകത്ത് ചില കാഴ്ചകള്‍ക്ക് പ്രത്യേക ടിക്കറ്റ് വേണം.. പേടിപ്പിക്കുന്ന ഗുഹകള്‍, ബാറ്ററി വെഹിക്കിള്‍സ് എന്നിവ.
അവിടെ നിന്നും തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക്.. കുറച്ചു സാധനങ്ങള്‍ വാങ്ങി. കൂടാതെ അവിടെയുള്ള ഒരു 3D ഷോ കാണാനും കയറി. പിന്നെ ഒരു കണ്ണാടിക്കൂട്ടില്‍.. അകത്തു കയറിയാല്‍ പുറത്തിറങ്ങാന്‍ കുറച്ചു പാടുപെടും.. ഓരോന്നിനും പ്രത്യേകം ടിക്കറ്റ് വേണം..

ഏപ്രില്‍ 8  (രണ്ടാം ദിനം)..
രാമോജി ഫിലിം സിറ്റി.. ടിക്കറ്റെടുത്ത് വസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു അകത്തേക്ക്.. അതൊരു പ്രത്യേക ലോകം തന്നെ..വൈകുന്നേരം വരെ കണ്ടാലും തീരാത്ത അത്രയും വിസ്തൃതം.. ഒരു സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാം അവിടെ ഉണ്ട്.. ഉദയനാണ് താരം എന്ന ചിത്രം അവിടെയാണ് ഷൂട്ട് ചെയ്തത്.. ആദ്യം അവരുടെ ബസ്സില്‍ (ഉദയനാണ് താരം എന്ന സിനിമയില്‍ കാണുന്ന ബസ്) പ്രധാന ഭാഗങ്ങളിലൂടെ ഒരു പ്രദക്ഷിണം.. കൊട്ടാരങ്ങള്‍, നഗരങ്ങള്‍, ഗ്രാമം, ചരിത്ര സ്മാരകങ്ങളെ അനുസ്മരിപ്പിക്കുന്ന നിര്‍മ്മിതികള്‍, വിവിധ കെട്ടിടങ്ങള്‍, ഉദ്യാനങ്ങള്‍, അജന്ത എല്ലോറ ഗുഹകളുടെ മാതൃക, ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള ലോകാത്ഭുതങ്ങളുടെ ചെറു രൂപങ്ങള്‍ (ക്യാമറ വിരുതിലൂടെ യഥാര്‍ത്ഥമെന്നു തോന്നിക്കാന്‍ കഴിയുന്നവ), ജലധാരകള്‍, തീവണ്ടി, വിമാനം തുടങ്ങി എല്ലാം ..നാല് വശങ്ങള്‍ ഉള്ള  ഒരു കെട്ടിടം ഗൈഡ് കാണിച്ചു തന്നു. ഒരു വശം ലൈബ്രറി, മറ്റൊരു വശം ക്ഷേത്രം, മൂന്നാമത്തേത്‌ എയര്‍പോര്‍ട്ട്, നാലാമത്തേത് ആശുപത്രി. (നായകനും നായികയും ലൈബ്രറിയില്‍ പ്രണയം, സ്വകാര്യമായി ക്ഷേത്രത്തില്‍ കല്യാണം, രക്ഷപ്പെടാന്‍ എയര്‍പോര്‍ട്ട്, പിന്നെ പ്രസവത്തിനു ആശുപത്രി എല്ലാം ഒരൊറ്റ സ്പോട്ടില്‍ ചിത്രീകരിക്കാം എന്നാണു ഗൈഡ് പറഞ്ഞത്..) അവിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ലൈവ് ഷോ ഉണ്ടായിരുന്നു. ഒരു ചെറു രംഗം ഷൂട്ട് ചെയ്തു സിനിമയാക്കി കാണിച്ചു തന്നു സിനിമാ ഷൂട്ടിങ്ങിന്റെ സാങ്കേതികത ബോധ്യപ്പെടുത്തി. ചില സര്‍ക്കസ് രംഗങ്ങളുടെ പ്രദര്‍ശനം, "അജന്ത-എല്ലോറ" ഗുഹയിലൂടെ യാത്ര.. എന്തായാലും ഞങ്ങള്‍ക്ക് ഒരു പാട് ലക്ഷ്യങ്ങള്‍ ബാക്കിയുള്ളതിനാല്‍ കുട്ടികളുടെ പ്രതിഷേധം വകവയ്ക്കാതെ 4 മണിയോടെ മടങ്ങി..ചുട്ടു പൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ വിരളമായ തണലുകളിലേക്ക് രക്ഷ തേടുന്നവര്‍ ആയിരുന്നു അധികവും..
അടുത്ത ലക്‌ഷ്യം ചരിത പ്രാധാന്യമുള്ള ചാര്‍മിനാര്‍..മെക്കാ മസ്ജിദിലും ലുംബിനി പാര്‍ക്കിലും സ്ഫോടനം നടന്ന സമയമായതിനാല്‍, ശില്പ കലയുടെ ചാരുത വേണ്ടുവോളം ഉള്ള ഈ ചരിത്ര സൌധത്തിന്റെ അകത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.. എങ്കിലും അതിന്റെ പകല്‍ രൂപവും, പ്രകാശപൂരിതമായ രാത്രി രൂപവും കണ്ടു.. അതിനിടയില്‍ തൊട്ടടുത്ത മെക്ക മസ്ജിദും കണ്ടു. മസ്ജിദിന്റെ മുറ്റത്ത്‌ ധാരാളം പ്രാവുകള്‍ (അമ്പല പ്രാവുകള്‍ എന്ന് മലപ്പുറത്തുകാര്‍ പറയുന്ന) ഉണ്ടായിരുന്നു. ആളുകളുടെ സാമീപ്യം അവ ശ്രദ്ധിക്കുന്നില്ലായിരുന്നു. അവിടെ ഒരു മഖാം (ഖബറിടം) ഉണ്ട്. അപ്പോഴേക്കും ഇരുട്ട് പരന്നു കഴിഞ്ഞു. തൊട്ടടുത്തുള്ള pearl shop ല്‍ പ്രസിദ്ധമായ ഹൈദരാബാദ് പേള്‍സ്.. എല്ലാവരും ബന്ധുക്കള്‍ക്ക് വിതരണം ചെയ്യാനുള്ള തോത് കണക്കാക്കി വാങ്ങി. പരിശുദ്ധി ബോധ്യപ്പെടുത്താന്‍ കത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു. (അവിടത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തുന്നതാണ്‌ ഷോപ്പുകള്‍.. ഒന്നുകില്‍ തെരുവ് കച്ചവടം, അല്ലെങ്കില്‍ Branded items ..) മധ്യവര്‍ഗ്ഗം എന്ന വിഭാഗം കുറവാണെന്ന് അവിടത്തെ ആളുകള്‍ പറയുന്നു. ഭക്ഷണ ശേഷം വീണ്ടും ഹോട്ടലില്‍..


ഐ.ടി.സിറ്റിയിലൂടെ..

ശില്പാരാമം..

NTR പാര്‍ക്ക്..

രാമോജി പ്രവേശനകവാടം..

രാമോജിക്കകത്തെ നിര്‍മ്മിതികള്‍..

രാമോജി ദൃശ്യം..


ചാര്‍മിനാര്‍.. പകല്‍ ദൃശ്യം..

ചാര്‍മിനാര്‍... രാത്രിയില്‍ പ്രകാശപൂരിതമായി ജനങ്ങളുടെ തിരക്കിനു നടുവില്‍ ..

മെക്ക മസ്ജിദിനു മുന്നിലെ പ്രാവുകള്‍..

Thursday, September 1, 2011

കുടകെന്ന മടിക്കേരി...

1985 മുതല്‍ ഒരു പാരലല്‍ കോളേജില്‍ ഒന്നിച്ചു കൂടിയ 6 സുഹൃത്തുക്കള്‍... വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഒന്നിച്ചു തന്നെ മുന്നേറുന്നു.. ഞങ്ങളുടെ ജീവിതത്തില്‍ സഹയാത്രികരായി എത്തിയവരും ആ കൂട്ടായ്മയുടെ ഭാഗമായി.. പല തവണ ഞങ്ങള്‍ 6 കുടുംബങ്ങള്‍ ഒന്നിച്ചു യാത്രകള്‍ നടത്തിയിട്ടുണ്ട്..

അതില്‍ ഒരു  യാത്രയായിരുന്നു കുടകിലെക്കുള്ളത്.. എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഏപ്രില്‍ മാസത്തിലായിരുന്നു യാത്ര.. കൃത്യമായി പറഞ്ഞാല്‍ 2007 ഏപ്രില്‍ 7 നു.. കുടകിലെ വസന്തത്തെ കുറിച്ചും മഞ്ഞു നിറഞ്ഞ മാമലകളെ കുറിച്ചും കേട്ടറിഞ്ഞ വിവരങ്ങളും അതിലേറെ സങ്കല്പങ്ങളുമായിട്ടാണ് യാത്ര.. "ചന്ദ്രബിംബം നെഞ്ചിലേറ്റും ...." എന്ന ഗാനത്തിലെ "കുടകിലെ വസന്തമായി..." എന്ന വര്‍ണ്ണനയും എല്ലാം നെഞ്ചിലേറ്റിയുള്ള യാത്ര മലപ്പുറത്ത്‌ നിന്ന് കാലത്ത് 6 മണിക്ക് തുടങ്ങി.. ഒരു മിനി ബസ്സില്‍.. കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍..  ബസ്സിന്റെ അവസ്ഥ തൃപ്തികരമായിരുന്നില്ല.. മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-വയനാട് വഴിയായിരുന്നു പോയത്.. വയനാട് ചുരത്തില്‍ കുരിശു ചുമന്നു ഒട്ടേറെ വിശ്വാസികള്‍ കാല്‍നടയായി കയറുന്നുണ്ടായിരുന്നു..
വയനാടിന്റെ ഓരത്ത്കൂടി ബസ്സ്‌ നിരങ്ങി നീങ്ങി.. ഉച്ചഭക്ഷണം വയനാട്ടില്‍ നിന്ന്.. തുടര്‍ന്ന് വയനാടന്‍ കാടുകളുടെ ഭാഗത്ത്‌ കൂടി.. ഉണങ്ങി വരണ്ടിരുന്നെങ്കിലും ഏതാനും മാനുകളെ വഴിയരികില്‍ കണ്ടു.. അരുവികള്‍ എല്ലാം മെലിഞ്ഞിരുന്നു.. ആരോ വലിച്ചു കൊണ്ടുപോകുന്നത് പോലെയുള്ള വണ്ടി കുടക് ടൌണില്‍ എത്തുമ്പോള്‍ 5 മണിയോട് അടുത്തിരുന്നു.. ഒപ്പം എല്ലാവര്ക്കും മടുത്തിരുന്നു.. നേരത്തെ ബുക്ക് ചെയ്ത ഹോട്ടലില്‍ കയറി fresh ആയി.. അന്ന് പൂര്‍ണ്ണ വിശ്രമം..

അടുത്ത ദിവസം രാവിലെ തലക്കാവേരി... കാവേരി നദിയുടെ ഉത്ഭവം അവിടെയാണ്.. ഒരു മണിക്കൂറിലധികം യാത്ര.. ഒരു കുന്നിന്‍ മുകളില്‍... അതുമായി ബന്ധപ്പെടുത്തി ഒരു ക്ഷേത്രവും അവിടെ ഉണ്ട്.. പൊള്ളുന്ന വെയില്‍... സങ്കല്പത്തിലെ കുടക് പൂര്‍ണ്ണമായും മായ്ച്ചു കളയുന്ന അനുഭവം.. ഉത്ഭവ സ്ഥാനത്ത് കാര്യമായ ഉറവയോന്നും കാണുന്നുണ്ടായിരുന്നില്ല.. അവിടെ നിന്ന് കുന്നിന്‍ മുകളിലെക്ക് പോകാന്‍ കുറെ പടവുകള്‍ ഉണ്ട്.. പലരും കയറുന്നുണ്ടായിരുന്നെങ്കിലും, ആ വെയിലില്‍ ഞങ്ങള്‍ ആരും അവിടെ പോകാന്‍ തുനിഞ്ഞില്ല.. അവിടെ നിന്ന് പെട്ടെന്നു മടങ്ങി..

വൈകുന്നേരം തൊട്ടടുത്തുള്ള രാജാസ് സീറ്റ് കാണാന്‍... Rajas Tomb ഉം അവിടെ തന്നെ.. ഒരു കൊച്ചു പാര്‍ക്ക്.. കുട്ടികള്‍ സജീവമായി.. തണുപ്പ് ചെറുതായി അരിച്ചു കയറുന്ന കാലാവസ്ഥയും.. കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ അവിടെ സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്.. അവിടെ കുറെ ആളുകള്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നു.. തൊട്ടടുത്ത്‌ തന്നെ നടന്നു പോകാന്‍ കഴിയുന്ന ഒരു മുനമ്പ്‌.. അറ്റത്ത്‌ കുറച്ചു പാറക്കൂട്ടങ്ങളും.. ഇരുട്ട് പറക്കുന്നത് വരെ അവിടെ തങ്ങി.. തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു..

അടുത്ത ദിവസം നേരത്തെ പുറപ്പെട്ടു.. ബൈലക്കുപ്പയായിരുന്നു ലക്‌ഷ്യം.. ഒരു ടിബറ്റന്‍ മൊണാസ്ട്രി.. അതായിരുന്നു ശരിക്കും ഗുണകരമായത്.. സ്വര്‍ണ്ണ നിറത്തിലുള്ള സ്തൂപങ്ങളും കമാനങ്ങളും നിര്‍മ്മിതികളും ടിബറ്റന്‍ ജനതയും എല്ലാം ചേര്‍ന്ന് ഒരു പുതുമയുള്ള നഗരം സൃഷ്ടിച്ചിരിക്കുന്നു.. കുഞ്ഞു സന്യാസിമാരും വലിയ സന്യാസിമാരും വളരെ ശാന്തരായി അവരവരുടെ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നു.. അതിനകത്ത് ആര്‍ക്കും കയറാം.. അവിടെ നിശ്ശബ്ദരായി ഇരിക്കാം.. ധാരാളം പ്രതിമകള്‍.. വൈവിധ്യമാര്‍ന്ന തോരണങ്ങള്‍.. വര്‍ണ്ണ പ്രപഞ്ചം തന്നെ.. പ്രാര്‍ത്ഥനകളില്‍ അല്ലെങ്കില്‍ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന വലിയ Drums മൂന്നെണ്ണം തൂക്കിയിട്ടിരിക്കുന്നു.. അവിടെ കുറച്ചു ദിവസം നില്‍ക്കാന്‍ തോന്നിപ്പോകുന്ന അന്തരീക്ഷം .. ഒരു കുഞ്ഞു സന്യാസിയുടെ(ലാമ) കൂടെ എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്തു.. അവിടെ നിന്ന് മടങ്ങുന്ന വഴി ഒരു സ്ഥലം കൂടെ കാണാന്‍ പോയി..

അബ്ബി വെള്ളച്ചാട്ടം... റോഡില്‍ നിന്ന് കുറച്ചു നടക്കണം.. വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത്‌ ഒരു തൂക്കു പാലം ഉണ്ട്.. അതില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തില്‍ നിന്നുണ്ടാകുന്ന water spray ഉണ്ടാകേണ്ടതാണ് .. അതും നിരാശപ്പെടുത്തി.. ഒരു നീരുറവ പോലെ ഒഴുകുന്ന ആ വെള്ള രേഖയെ വെള്ളച്ചാട്ടം എന്ന് വിളിക്കുന്നത്‌ കുറച്ചു കടന്ന കയ്യാകും.. ഫോട്ടോകളില്‍ ബോധ്യമാകും..

അന്ന് ഭക്ഷണവും കഴിഞ്ഞു മടക്ക യാത്ര.. രാത്രി വൈകി വീടുകളില്‍.. (എന്റെ സുഹൃത്തുക്കള്‍ പോകുന്നുവെങ്കില്‍ കാലാവസ്ഥ കൂടി നോക്കി പോകുക.. ഇല്ലെങ്കില്‍ കുടക് മടുപ്പിക്കും..)


പോകുന്ന വഴി-വയനാട്..

തലക്കാവേരി...

രാജാസ് സീറ്റ്..

ടിബറ്റന്‍ മൊണാസ്ട്രി.. പ്രവേശന കവാടം..

ടിബറ്റന്‍ മൊണാസ്ട്രി.. അകത്തളം..

കൊച്ചു ലാമയുടെ കൂടെ ...

അബ്ബി വെള്ളച്ചാട്ടം..

Wednesday, August 24, 2011

ഒരു മഴക്കാലയാത്ര.. രണ്ട് (മിനി ഊട്ടി)

16-7-11 ശനി..
വൈകുന്നേരം 5 മണിക്ക് ഒരു യാത്ര.. "മിനി ഊട്ടി" എന്നറിയപ്പെടുന്ന കൊച്ചുസ്ഥലം കാണാന്‍.. നല്ല മഴ.. മലപ്പുറം ടൌണിനു അടുത്തുള്ള പൂക്കോട്ടൂരിനും അറവങ്കരക്കും ഇടയിലുള്ള അരിമ്പ്ര റോഡിലൂടെ ചെറിയ കയറ്റം കയറി ഏകദേശം 4 കി.മീ. തെങ്ങിന്‍ തോപ്പിലൂടെയും നാടന്‍ തോട്ടങ്ങളുടെയും ഇടയിലൂടെ യാത്ര ചെയ്‌താല്‍ ഇവിടെയെത്താം..  അരിമ്പ്ര റോഡില്‍ നിന്ന് ഇടത്തോട്ട് വീതി കുറഞ്ഞ ഒരു diversion road ലേക്ക് തിരിഞ്ഞു പോകണം.. കുറച്ചു കഴിഞ്ഞാല്‍ റോഡ്‌ നിരപ്പായതാണ്.. റോഡിന്റെ സൈഡില്‍ മൂന്നു view points മാത്രം.. പക്ഷെ മഴയില്‍ അത് കാണുന്നതും അല്ലാതെ കാണുന്നതും ഭയങ്കര വ്യത്യാസമുണ്ട്.. ഇതോടൊപ്പം ചേര്‍ത്ത ഫോട്ടോകള്‍ അത് സാക്ഷ്യപ്പെടുത്തും.. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എടുത്ത ഫോട്ടോയാണിത്..ഫൈറോസിന്റെ പേരുള്ള ഫോട്ടോകള്‍ മഴയത്ത് എടുത്തതും.. എന്റെ പേരിലുള്ളത് മഴയില്ലാത്തപ്പോള്‍ എടുത്തതും.. ഒരേ സ്ഥലത്തിന്റെ രണ്ട് കാഴ്ചകള്‍ ഫോട്ടോയില്‍ കാണാം.. കാഴ്ചകളെ പോലെ നേരിട്ടുണ്ടാകുന്ന അനുഭവവും തികച്ചും വ്യത്യസ്തമാണ്..

സാധാരണ ഇവിടെ (മഴയില്ലാതപ്പോള്‍) കുറെ ആളുകള്‍ ഉണ്ടാകാറുണ്ട്.. എന്നാല്‍ ഈ ദിവസം ഞങ്ങള്‍ മാത്രം..

"മിനി ഊട്ടി" യുടെ കോടയില്‍ മുങ്ങിയ കാഴ്ച അതിസുന്ദരം.. പെട്ടെന്ന് കോട മാറുകയും നമ്മെ മുട്ടിയുരുമ്മി കുളിരണിയിച്ചു കോടമഞ്ഞ്‌ മുകളിലേക്ക് ഒഴുകുന്നതും അപൂര്‍വ്വ അനുഭവമാണ്.. മഴയില്‍ കുട ചൂടി കോടയിലൂടെ റോഡിലൂടെ കാഴ്ച കണ്ടു നടന്നു.. കോട വരുന്നതും മായുന്നതും വളരെ പെട്ടെന്നാവും.. (ഇച്ചുവിന്റെ രണ്ട് ഫോട്ടോകളില്‍ അത് വ്യക്തമാകും).. ഒരു വശം നല്ല താഴ്ച.. മറുവശം നല്ല ഉയരം.. വാഹനം റോഡരുകില്‍ നിര്‍ത്തിയിടണം.. ഇത് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളായതിനാല്‍ രൂപമാറ്റം ഏതു സമയത്തും വരാം.. ദൂരെ മലകള്‍. താഴ്വാരം.. വെറുതെ പടര്‍ന്ന പാഴ്ചെടികള്‍.. എല്ലാം ചേര്‍ന്ന് സുന്ദരമായ ദൃശ്യം കാണാം.. അടുത്ത സ്പോട്ടിലേക്ക്‌ എത്തുമ്പോള്‍ ഒന്നിച്ചു മൂടിയതിനാല്‍ കാഴ്ച പൂര്‍ണ്ണമായില്ല.. എന്നാലും മഴയാത്രയുടെ അപൂര്‍വ്വ സൌന്ദര്യം, ചിലപ്പോള്‍ വന്യ സൌന്ദര്യം വളരെ നന്നായി ആസ്വദിക്കാനായി.. വയനാട് യാത്രയുടെ അത്രയില്ലെങ്കിലും അതിനെ supplement ചെയ്യാന്‍ ഈ യാത്ര ധാരാളമാണ്..


2. ഇത് മഴയുള്ള ദിവസം.. ചിത്രം 1 ല്‍ കണ്ട സ്ഥലം..

3. റോഡിന്റെ മറുവശം.. ഉയര്‍ന്ന ഭാഗം.. മഴയില്ലാത്ത്തപ്പോള്‍..

4. ചിത്രം 3 ലെ ഭാഗം മഴയും കോടയും ഉള്ളപ്പോള്‍..

5. കോട മൂടിയ താഴ്വാരം..

6. കോടയും മഴയും റോഡിന്റെ വളവിനപ്പുറം അവ്യക്തമാക്കുന്നു ..

7. ചിത്രം 6 ലെ കാഴ്ച 5 മിനിട്ടിനുള്ളില്‍ കോട മാറിയ ദൃശ്യം..

1. ഇത് മഴയില്ലാത്ത ദിവസം... മലകളുടെ വ്യക്തതയാര്‍ന്ന കാഴ്ച.. കുത്തനെയുള്ള ഭാഗം..



Friday, August 19, 2011

ഒരു മഴക്കാലയാത്ര.. (വയനാട്)

കുറെ കാലമായി മനസ്സില്‍ ഉള്ള ആഗ്രഹമായിരുന്നു മഴയിലൂടെ ഒരു യാത്ര..
ഫൈറോസിനും മക്കള്‍ക്കും നൂറുസമ്മതം.. തലേ ദിവസം രാത്രി തീരുമാനിച്ചു..
കാലത്ത് സാഹിലിനെ (Sahil Areacode) വിളിച്ചു.. ഈ കുറഞ്ഞ സമയത്തില്‍ കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളും എത്താനെടുക്കുന്ന സമയവും ചോദിച്ചു ധാരണയിലെത്തി.. 1000 തവണ പോയ സാഹിലാണ് വിവരങ്ങള്‍ ലഭിക്കാന്‍ നല്ല വഴി..
2011 ജൂലായ്‌ 12 ഉച്ചക്ക് 12 മണിക്ക് മലപ്പുറത്ത് നിന്ന് മഞ്ചേരി-അരീക്കോട്-മുക്കം വഴി ഒന്നര മണിക്കൂര്‍ കൊണ്ട് താമരശ്ശേരി എത്തി.


ഭക്ഷണത്തിന് ശേഷം അടിവാരം-താമരശ്ശേരി ചുരം... 9 ഹെയര്‍ പിന്‍ വളവുകള്‍.. രണ്ടു ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമാലയിലെ "S" നു പുറമേ ഒരു വളവു കൂടിയുണ്ട്.. കയറ്റം തുടങ്ങുന്നതിനു മുന്പ് തന്നെ മഴ തുടങ്ങിയിരുന്നു( Double speedല്‍ വൈപ്പര്‍ അടിക്കാവുന്ന മഴ)‍.. ഇടത്തും വലത്തും പച്ചപ്പുകളും മലകളും.. മലകളില്‍ നിന്ന് ഉയരുന്ന കോടമഞ്ഞ്‌ ആകാശത്തിന്റെ അതിരുകളെ ഇല്ലാതാക്കുന്നു.. കോട മാറുന്ന ഭാഗങ്ങളില്‍ കൊച്ചു കൊച്ചു നീരൊഴുക്കുകള്‍ ദൂരെ വെള്ളിരേഖ പോലെ കാണാമായിരുന്നു.. ഹെയര്‍ പിന്‍ വളവുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ത്തി.. കൂട്ടത്തില്‍ സുന്ദരമായ കാഴ്ചകള്‍ മതിയാവോളം കാണാനും.. കുറച്ചു മേലെ എത്തിയതോടെ ഒരു ഭാഗം അഗാധമായ താഴ്ച.. മറുഭാഗം വളരെ ഉയരത്തിലും.. പോകുന്ന വഴിയില്‍ ചില view points ഉണ്ട്.. മുകളില്‍ നിന്നാല്‍ താഴെ വരെയുള്ള  മൊത്തം ചുരം റോഡിന്റെ ഒരു കാഴ്ച (bird's eye-view) കാണാം..അവിടെയും ഇറങ്ങി.. അപ്പോള്‍ ചാറ്റല്‍ മഴ മാത്രം..  പക്ഷെ ഒന്നും കാണാന്‍ പറ്റുന്ന അന്തരീക്ഷം ആയിരുന്നില്ല.. ആകെ മഞ്ഞു മൂടി ഒന്നും കാണാനാവാത്ത അവസ്ഥ.. അഗാധമായ ആ താഴ്ചയില്‍ കോടമഞ്ഞ്‌ നിറഞ്ഞു മുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു.. റോഡില്‍ ഒരു 20 മീറ്ററിനു അപ്പുറത്തുള്ള ഒന്നും കാണാനാവുന്നില്ല.. വളരെ സാവകാശം അവിടെ നിന്ന് മുന്നോട്ടു നീങ്ങി.. അവിടെ തന്നെ സമ്പൂര്‍ണ്ണ അസ്തമയം കാണാനാവുന്ന ഒരു point കൂടിയുണ്ടെന്ന് അവിടെയുളളവരില്‍ നിന്ന് അറിഞ്ഞു.. അതല്ലല്ലോ ഞങ്ങളുടെ ലക്‌ഷ്യം.. മഴയാത്രയല്ലേ..


പല യാത്രകള്‍ ഞങ്ങള്‍ നടത്തിയുട്ടുണ്ടെങ്കിലും ഇതൊരു നവ്യാനുഭവമായി.. വളരെ സാവകാശം വയനാടിലേക്ക് കയറി.. KTDC യുടെ സ്വാഗത കവാടം കടന്നു കുറച്ചു പോയാല്‍ വൈത്തിരി.. ധാരാളം റിസോര്‍ട്ടുകളും ഹോം സ്റ്റെയും വൈത്തിരിയില്‍ ലഭ്യമാണ്.. ഞങ്ങളുടെ അടുത്ത ലക്ഷ്യമായ പൂക്കോട് തടാകത്തിലേക്ക്.. അപ്പോഴും ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു.. മഴക്കാലമായാല്‍ വയനാട്ടിലെ മറ്റൊരു പ്രധാന spot ആയ കുറുവാ ദ്വീപ്‌ അടച്ചിടും.. ടിക്കറ്റെടുത്ത് pookkod Lake ലേക്ക്.. Row Boat, Pedal Boat, എന്നിവയുണ്ട്.. 7 പേര്‍ക്ക് കയറാവുന്ന Row Boat ല്‍ ഞങ്ങളോടൊപ്പം ഒരു ചെന്നൈ couple ഉം.. അര മണിക്കൂര്‍ യാത്ര.. തേക്കടി ബോട്ട് ദുരന്തത്തിന് ശേഷം ഇവിടത്തെ ബോട്ടുകള്‍ എല്ലാം മറിച്ചിടാനാവാത്ത തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നു തുഴക്കാരന്‍ പറഞ്ഞു തന്നു.. ആമ്പല്‍ പൂക്കള്‍ ഇടക്കെല്ലാം കാണാം.. ഭുമിക്കടിയിലെ  ഉറവകളില്‍ നിന്നാണ് ഈ തടാകത്തില്‍ വെള്ളം ഉണ്ടാകുന്നതെന്നും ഈ തടാകം artificial അല്ല Natural ആണെന്നും അയാള്‍ പറഞ്ഞു.. സമുദ്ര നിരപ്പില്‍ നിന്നും 2200 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.. ഈ തടാകത്തില്‍ നിന്നാണ് കബനി നദിയുടെ ഉത്ഭവമെന്നും അയാള്‍ പറഞ്ഞു.. ചില ഭാഗങ്ങളില്‍ 100 അടി ആഴമുണ്ട്.. കേരളത്തിലെ ശുദ്ധജലതടാകം എന്ന് പറയാന്‍ ഇപ്പോള്‍ ഇത് മാത്രം.. ശാസ്താംകോട്ട polluted ആയിക്കഴിഞ്ഞു.. ഫിഷറീസ് വകുപ്പ് അതില്‍ മീന്കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട്.. വലിയ മത്സ്യങ്ങള്‍ അതില്‍ ഉണ്ട്.. ആ തടാകം 7 മലകളാല്‍ ചുറ്റ പ്പെട്ടിരിക്കുന്നുവെന്നും തടാകത്തില്‍ നിന്ന് ദൂരക്കാഴ്ച കാണുന്ന  ഒരു മല ചെമ്പ്രമലയാണ് എന്നും പറഞ്ഞു.. ചെമ്പ്ര peak എന്ന Tourist spot അവിടെയാണ്.. ഈ തടാകം മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഇന്ത്യന്‍ ഭൂപടം പോലെയാണ്..
അത് ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്.. ഈ ലിങ്ക് കാണുക..https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMK6CCPm7CkRhmfkbltgKgyE7rA9owwc4Ht31Xf9BlD19130wcSpH1vxG8bJlyJHyW_ROatEX5A6yIXDVywQnm8WS9n8wWoEGqAECM4ZFvh0mjb668y9CdEAcdLWc8TamTrObU3GdLkg7-/s1600-h/po1.jpg

നവ്യാനുഭാവവുമായി 7 മണിക്ക് മടക്കയാത്ര.. രാത്രി 9:45 നു മലപ്പുറത്ത്‌ മടങ്ങിയെത്തി..















Saturday, May 21, 2011

കരിയാത്തന്പാറയും കക്കയവും (Kariyathanpara & Kakkayam)

ആലപ്പുഴ യാത്ര കഴിഞ്ഞു മെയ് 8 നാണ് തിരിച്ചെത്തിയത്..വീണ്ടും ഒരു യാത്ര..!!!
അതെ.. മേയ് 14 നു.. മഞ്ചേരി-അരീക്കോട്-മുക്കം-ഓമശ്ശേരി വഴി ഒന്നര മണിക്കൂര്‍ യാത്ര.. കൊടുവള്ളിയില്‍ ബഷീര്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍..

ബഷീറിന്റെയും കുടുംബത്തിന്റെയും കൂടെ ഉച്ചക്കു കരിയാത്തന്‍പാറ ലക്ഷ്യമാക്കി തിരിച്ചു. ബഷീറിന്റെ സുഹൃത്ത് സാഹില്‍ അരീക്കോടും കൂട്ടത്തില്‍.. സാഹില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്.. കൂടാതെ ഈ സ്ഥലങ്ങളെക്കുറിച്ചെല്ലാം നല്ല അവഗാഹവും ഉണ്ട്.. അതുകൊണ്ടു ഏതെല്ലാം സ്പോട്ടുകളിലാണ് വണ്ടി നിര്‍ത്തേണ്ടതെന്നു സാഹിലിനറിയാമായിരുന്നു.. യാത്രയില്‍ അത്തരമൊരാള്‍ കൂടെയുള്ളത് വലിയ ആശ്വാസമാണ്.. ഫൈറോസിന്റെ ക്യാമറക്കും വിശ്രമമുണ്ടായിരുന്നില്ല.





വിവിധ വഴിയോരക്കാഴ്ചകളും റിസര്‍വോയറിന്റെ വിദൂര കാഴ്ചകളും കണ്ടുകൊണ്ട് അര മണിക്കൂര്‍ യാത്ര.. ഒരു മല കയറുകയും മറുവശത്തേക്കു ഇറങ്ങുകയും ചെയ്ത് പെരുവണ്ണമുഴി റിസര്‍വോയറിന്റെ മേല്‍ഭാഗമായ കരിയാത്തന്‍പാറയിലെത്തി.. മലകളും പുഴയും താഴ്വാരവും പുല്‍മേടും കൊച്ചുകൊച്ചു ഉരുളന്‍ പാറകളും..പിന്നെ ഒരു ചങ്ങാടവും.. ആകെ ഒന്നു ഉരുണ്ടു മറിയാന്‍ തോന്നുന്ന പ്രകൃതിദൃശ്യങ്ങള്‍.. വയലാര്‍ രാമവര്‍മ്മയായിരുന്നെങ്കില്‍ ഇവയെല്ലാം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍ എന്നു വീണ്ടും പാടുമായിരുന്നു.. ഏതു പാടാത്തവനും പാടിപ്പോകും.. ആദ്യമായി കാണുന്ന ഞങ്ങള്‍ക്കു അതിസുന്ദരകഴ്ചയുടെ വാതായനങ്ങള്‍ തുറന്നു തന്നതുപോലെയായിരുന്നു.. എന്നാല്‍ ഇതിനേക്കാള്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതും വ്യത്യസ്ത തലങ്ങളിലും ഈ പ്രദേശം പല തവണ വീക്ഷിച്ച ബഷീറും സാഹിലും പറഞ്ഞത് കുറച്ചു കൂടി വെള്ളം നിറഞ്ഞു നില്‍ക്കുമ്പോഴാണ് കൂടുതല്‍ സൌന്ദര്യമെന്നാണ്.. എന്നാല്‍ ഈ കാഴ്ച തന്നെ ഞങ്ങളുടെ യാത്ര സഫലമാക്കി.. ആഴമില്ലാത്ത വെള്ളത്തില്‍ വഴുക്കലുള്ള ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ തെന്നി നടന്നു‍.. കുട്ടികള്‍ക്കു അവിടെ നിന്നു കയറാന്‍ മടിയായിരുന്നു.. പ്രത്യേകിച്ചും ബഷീറിന്റെ കുഞ്ഞുമോള്‍ക്ക്(ഫെമി).. ഒന്നര മണിക്കൂറിലധികം അവിടെ ചെലവഴിച്ചിട്ടും സമയം പോയതറിഞ്ഞില്ല..




 

അവിടെ നിന്നു അടുത്ത ലക്ഷ്യത്തിലേക്ക്.. കക്കയം ഡാം.. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം..ഡാമിലേക്കുള്ള വഴി മറ്റൊരു മലകയറ്റമാണ്.. പക്ഷേ ഹെയര്‍ പിന്‍ വളവുകള്‍ സാധാരണ ചുരങ്ങള്‍ക്കുള്ളതു പോലെ ഇല്ല.. ആകെ രണ്ടെണ്ണം.. എന്നാലും മല കയറുന്നത് നമുക്ക് അനുഭവവേദ്യമാകും.. ചെവി അടഞ്ഞു പോകുന്നതിലൂടെ സമുദ്രനിരപ്പില്‍ നിന്നു പൊങ്ങുന്നത് മനസ്സിലാകും.. പച്ചപ്പുതപ്പുകൊണ്ടു പുതച്ചു ഭൂമിയുടെ ഒരു തുണ്ടു പോലും കാണാതെ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍.. 


ഈ കടുത്ത വേനലിലും ഒരു ഇല പോലും അവിടെ ഉണങ്ങിക്കണ്ടില്ല.. അവിടേക്കു പോകുന്ന വഴിയിലും ചില view points ഉണ്ട്..



അവിടെയെല്ലാം നിര്‍ത്തി കാഴ്ചകള്‍ ഒപ്പിയെടുത്തു.. അതിലേറെ അപ്പൂപ്പന്‍ താടി പോലെ പറക്കാന്‍ തോന്നുന്ന താഴ്ച ഒരു ഉള്വിളിയുണ്ടാക്കും.. ഇടതുഭാഗം കൊക്ക.. വലതുഭാഗം മലനിരകള്‍.. മലകളാല്‍ സംരക്ഷിക്കപ്പെട്ട പെരുവണ്ണാമുഴി ഡാമിന്റെ റിസര്‍വോയറിന്റെ വളരെ ഭംഗിയുള്ള വിദൂരദൃശ്യം.. കരിയാത്തന്‍പാറ കാഴ്ചകളെ പിന്തള്ളിപ്പോയ മനോഹരദൃശ്യങ്ങള്‍.. അനിര്‍വചനീയം.. വാക്കുകള്‍ക്കതീതം.. 



എന്തായാലും മലയാളത്തില്‍ ഇത്തരം അനുഭവങ്ങള്‍ക്കും കാഴ്ചകള്‍ക്കും പുതിയ പദങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.. കക്കയം ഡാമില്‍ നിന്നുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപദൃശ്യവും വിദൂര ദൃശ്യവും കാണാം.. (ഊട്ടി ഗ്ലെന്മോര്‍ഗനെ അനുസ്മരിപ്പിക്കുന്ന ദൃശ്യം). അസ്തമയത്തിന്റെ ഒരു അപൂര്‍വ്വ കാഴ്ച അവിടെ നിന്നു ലഭിച്ചു. സൂര്യന്റെ പ്രതിബിംബം അങ്ങുദൂരെ എത്രയോ അകലെയുള്ള റിസര്‍വോയറില്‍ പ്രതിഫലിക്കുന്നതു നല്ലൊരു അനുഭവമേകി.. സാഹിലിന്റെ ക്യാമറ ആ ദൃശ്യം പകര്‍ത്തിയിരിക്കും.. 7 മണിക്കും അവിടെ ഇരുള്‍ പരന്നിരുന്നില്ല.. ആറു മണിക്കു ശേഷം കക്കയം ഡാമിനകത്തേക്കു പ്രവേശനമില്ലാത്തതിനാലും ഡാമുകള്‍ മുന്‍പു കണ്ടതിനാലും അതൊഴിവാക്കി.. മടങ്ങുമ്പോള്‍ മനസ്സു നിറയുക മാത്രമല്ല over-flow അവസ്ഥയിലായിരുന്നു.. ബഷീറിനും കുടുംബത്തിനും പ്രത്യേകം നന്ദി.. സാഹിലിനും.. (കുറച്ചു ഫോട്ടോകള്‍ ഇതോടൊപ്പം)






ഒരു കായല്‍ യാത്ര.. A jouney through Alleppey..

2011 മെയ് 7 പകല്‍ 11 മണി..
ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍..
ഞാനും ഫൈറോസും മക്കളും ഞങ്ങളുടെ സുഹൃത്തുക്കളായ മറ്റൊരു കുടുംബവും..
ഇടയ്ക്ക് ചെറിയ തിരുവനന്തപുരം യാത്രകള്‍ (ഫൈറോസും മക്കളും എന്റെ കൂടെ നില്‍ക്കാന്‍ വരുന്നത്) അല്ലാതെയുള്ള ഈ വര്‍ഷത്തെ ആദ്യ ടൂര്‍ ആയിരുന്നു ഇത്.. വളരെ കാലമായുള്ള ഒരു സ്വപ്നമായിരുന്നു ഹൌസ് ബോട്ടില്‍ ഒരു കായല്‍ യാത്ര..
റെയില്‍വെ സ്റ്റേഷനില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ വണ്ടി ഞങ്ങളെ എടുക്കാന്‍ വന്നിരുന്നു.. 10 മിനുട്ട് യാത്ര.. പിന്നീട് ഒരു മോട്ടോര്‍ ബോട്ടിലൂടെ കനാല്‍ വഴി വിശാലമായ കായലിലേയ്ക്ക്.. പുന്നമടക്കായല്‍...


അതിനോട് തൊട്ടുരുമ്മി ലേക്ക് പാലസ് റിസോര്‍ട്ട്.. അതു കാണുമ്പോള്‍ തന്നെ മനസ്സ് പകുതി നിറഞ്ഞു.. ബോട്ടില്‍ നിന്നിറങ്ങി 10 മീറ്റര്‍ നടന്നാല്‍ റിസപ്ഷന്‍ & റെസ്റ്റൊറന്റ്.. കയറിച്ചെല്ലുമ്പോള്‍ ഒരു വെല്‍കം ഡ്രിങ്ക്.. അവിടെ നിന്നു അവരുടെ കോമ്പൌണ്ട് കാണാന്‍ ഒരു ഇലക്ട്രിക് കാറില്‍.. ഒന്നു ചുറ്റിക്കറങ്ങി വന്നു റൂമിലേക്ക്.. ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച തന്നെ അപാരമാണ്.. ഇതെല്ലാം നമ്മുടെ കേരളം തന്നെയാണല്ലോയെന്നു അത്ഭുതപ്പെടും..


നല്ല ഫ്രഷ് മീന്‍ പൊരിച്ചതും മീന്‍ കറിയും കൂട്ടിയുള്ള ഉച്ചഭക്ഷണം വല്ലാതെയങ്ങിഷ്ടപ്പെട്ടു.. 3 മണിക്ക് ഞങ്ങള്‍ക്കു മാത്രമയി ഒരു ഹൌസ് ബോട്ട്.. രണ്ടു ബെഡ് റൂം, ഒരു സിറ്റിംഗ് ഹാള്‍, കിച്ചണ്‍, മുകള്‍ത്തട്ടില്‍ ഒരു സിറ്റിംഗ് റൂം.. ഇത്രയും സൌകര്യങ്ങള്‍.. പുന്നമടക്കായലില്‍ നിന്നു മൂന്നു മണിക്കു തുടങ്ങിയ യാത്ര വിശാലമായ കായല്‍പ്പരപ്പിലൂടെ.. 20 മിനുട്ട് യാത്രക്കു ശേഷം മറ്റൊരു വലിയ കായലിലേക്കു കടന്നു.. പമ്പയാര്‍.. പഴയ മലയാളപ്പാട്ടുകളില്‍ ചിലത് ഓര്‍മ്മ വന്നു.. അകത്തോട്ടു പോകുന്തോറും വീതി കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. വെള്ളത്തിന്റെ ഇളക്കവും ഓളവും കൂടുന്നുണ്ടായിരുന്നു.. വീണ്ടും മുന്നോട്ട്.. ചില ഭാഗങ്ങളില്‍ വെള്ളം കലങ്ങിയിരുന്നു.. പമ്പയാറില്‍ നിന്നു വേമ്പനാട്ടു കായലിലേക്ക്.. 


കുട്ടനാടന്‍ കൃഷിയിടങ്ങളുടെ ഓരത്തുകൂടിയാണ് യാത്ര.. നല്ല സുന്ദരമായ പ്രകൃതിയുടെ കാഴ്ചകളെ വീക്ഷിക്കുകയും, ക്യാമറയില്‍ ഫൈറോസ് പകര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കു മുകളില്‍ കയറി കാഴ്ചകളുടെ വ്യത്യസ്ത കോണിലുള്ള ദൃശ്യമനോഹാരിത നുകരും.. സാധാരണ ജലയാത്രയില്‍ പേടിയുണ്ടാകുന്നവര്‍ക്കു പോലും ഈ യാത്ര ഭയമുണ്ടാക്കില്ലയെന്നു മാത്രമല്ല, നന്നായി ആസ്വദിക്കുകയും ചെയ്യുമെന്നു ഞങ്ങളുടെ കൂട്ടത്തിലുള്ള അനുഭവസ്ഥര്‍ പറഞ്ഞു.. ബോട്ടിന്റെ ഗതിക്കനുസരിച്ച് സൂര്യന്‍ വ്യത്യസ്ത ദിശകളില്‍ മാറി മാറി വരുന്നുണ്ടായിരുന്നു.. സുന്ദരമായ അസ്തമയവും കാണാനായി.. അതിന്റെ നല്ലൊരു ദൃശ്യം ഫൈറോസ് അവളുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ചായയും സ്നാക്ക്സും ബോട്ടില്‍ സപ്ലൈ ചെയ്തു. രണ്ടു ക്രൂസ്, ഒരു കുക്ക് എന്നിവര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.. ടിഷ്യൂ പേപ്പറുകള്‍ ഇച്ചുവിന്റെ കരവിരുതില്‍ കടലാസ് വഞ്ചികളായി കായലില്‍ ഒഴുകി.. 6.15നു ഞങ്ങള്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി..


ഹൌസ് ബോട്ടിലെ ആദ്യ യാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവവുമായി കോമ്പൌണ്ടില്‍ കറങ്ങി.. അവിടത്തെ പൂളില്‍ ചില ടൂറിസ്റ്റുകള്‍ ചൂണ്ടയിടുന്നുണ്ടായിരുന്നു.. മീന്‍ കിട്ടുന്നുമുണ്ടായിരുന്നു.. ചില കോട്ടേജുകള്‍ ആ പൂളിലായിട്ടാണ് നിലകൊള്ളുന്നത്.. എന്തായാലും വളരെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരിടം.. ഭക്ഷണവും സൂപ്പര്‍.. സാധാരണ ടൂറുകളില്‍ ചിക്കണ്‍ ആയിരിക്കും പ്രധാന ഇനം.. എന്നാല്‍ ഇവിടെ മീനായിരുന്നു മുഖ്യ ഇനം.. രാത്രി വരാന്തയില്‍ ഇരുന്നാല്‍ കായലിന്റെ നേര്‍ത്ത ഇരമ്പലും സുഖകരമായ കാറ്റും.. അനിര്‍വചനീയമായ സവിശേഷമായ ഒരു മൂഡ് സൃഷ്ടിക്കപ്പെടും.. നിലാവു കൂടിയുണ്ടായിരുന്നെങ്കില്‍ ഒരു പ്രത്യേക ഭ്രാന്താകുമന്നാണ് ഫൈറോസ് പറയുന്നത്.. സുഖകരമയ ഉറക്കം..

മെയ് 8..
കാലത്തു സൂര്യനുണരുന്നതിനു മുന്‍പേ ഉണരണമെന്നു ഓരോരുത്തരും ഉറങ്ങുന്നതിനു മുന്‍പേ തീരുമാനിച്ചിരുന്നെങ്കിലും ഉണരാന്‍ വൈകി.. കാലത്തു സൂര്യന്റെ വെളിച്ചം കായലിനെ കൂടുതല്‍ സുന്ദരമാക്കി.. ഫൈറോസ് അപ്പോഴും ക്യാമറയുമായി നടക്കുകയായിരുന്നു.. 52 ഏക്കറിനടുത്ത് സ്ഥലമുണ്ടെന്നാണ് അതിന്റെ മാനാജര്‍ പറഞ്ഞത്.. അതിനകത്തെ പൂളില്‍ പെഢല്‍ ബോട്ടില്‍ ഒരു കറക്കം.. പിന്നെ എവിടേയും പോയില്ല.. ബോട്ടിലെ ജീവനക്കാര്‍ കായലില്‍ നിന്നു ഒരു കൊഞ്ചിനെ പിടിച്ചു ഇച്ചുവിനു നല്‍കി..കോമ്പൌണ്ടിലെ ചെടികളും പൂക്കളും കണ്ടു നടന്നു.. പ്രാതല്‍ ബുഫേയായിരുന്നു.. അതിനെ പാചകം ചെയ്യാന്‍ നിന്നാല്‍ ഞങ്ങളുടെ ട്രെയിന്‍ കിട്ടില്ലെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.. ഉച്ചഭക്ഷണത്തിനു ശേഷം വിടവാങ്ങി.. വീണ്ടും ബോട്ടില്‍.. കനാലിലൂടെ റോഡിനടുത്തേക്ക്.. അവിടെ നിന്നു റെയില്‍വേ സ്റ്റേഷന്‍..

തികച്ചും മനസ്സു നിറഞ്ഞ ഒരു പുതിയ യാത്രാനുഭവവുമായി വീട്ടിലേക്ക്...