Tuesday, October 12, 2010

പച്ചപ്പരവതാനിയിലൂടെ മേപ്പാടിയിലേക്ക്...



വേറിട്ട വഴിയിലൂടെ വയനാട്ടിലെ മേപ്പാടിയിലേക്ക്.. മലപ്പുറത്തുനിന്നു രാവിലെ 9നു കുടുംബത്തോടൊപ്പം യാത്ര തിരിച്ചു.. ഞാനും ഫൈറോസും രണ്ടു മക്കളും..നിലമ്പൂരില് മറ്റൊരു കുടുംബം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.. ഡോ.ബിജുവും ഡോ.ചിത്രയും മകന്‍ കണ്ണനും.. അവിടെ നിന്നു അവരുടെ വാഹനത്തിലായി യാത്ര.. എന്റെ ചെറിയ മോള്‍ക്ക് (ഇച്ചു) ഞങ്ങളുടെ വണ്ടിയല്ലെങ്കില്‍ ഛര്‍ദ്ദിക്കാനുള്ള സാധ്യത കൂടുതലാണ്.. കൂടാതെ ഹൈറേഞ്ച് യാത്രയും.. പോകുന്നത് നാടുകാണി വഴിയായിരുന്നു.. ചുരത്തില്‍ ഹെയര്‍പിന്‍ വളവുകള്‍ താമരശ്ശേരി ചുരം പോലെ ഇല്ലെന്നു തന്നെ പറയാം.. എങ്കിലും വളഞ്ഞും തിരിഞ്ഞുമുള്ള റോഡ് ബി.എം & എ.സി (നാട്ടുകാര്‍ പറയുന്ന റബ്ബറൈസ്) ചെയ്തതായതിനാല്‍ യാ‍ത്ര സുഖകരമായിരുന്നു.. നാടുകാണി പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ എന്റെ ഇച്ചു ഛര്‍ദ്ദിച്ചു.. കാടിന്റെ തണലിലും കുളിര്‍മയിലും ഉള്ള യാത്രയുടെ സുഖം അനുഭവിച്ചു കൊണ്ടിരുന്നു.. തമിഴ് നാട് അതിര്‍ത്തി കടന്നു 2 കി.മീ. കഴിഞ്ഞാല്‍ വയനാട്ടിലേക്കും (ഇടത്തോട്ട്) ഗൂഢല്ലൂരിലേക്കുമായി (വലത്തോട്ട്) റോഡ് വഴിപിരിയുന്നു..

വീണ്ടും കേരള അതിര്‍ത്തി എത്തുന്നതിനു മുന്‍പ് പന്തല്ലൂര്‍ ചേലമ്പാടി തുടങ്ങി ചെറിയ അങ്ങാടികള്‍ കാണാം.. ചേലമ്പാടിയാണു കുറച്ചു വലിയ ജംഗ്ഷന്‍.. പെട്രോള്‍ പമ്പ് അവിടെയാണുള്ളത്.. ഹോട്ടലും.. പോകുന്ന വഴിയിലെല്ലാം നീലമലനിരകളും പച്ചപ്പുതപ്പുകളായ തേയിലത്തോട്ടങ്ങളും കണ്ണിനെ ആനന്ദിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും കൊണ്ടു സമ്പന്നമാണ്‍.. ഓരോ കാഴ്ചയും വണ്ടി നിര്‍ത്തി ആസ്വദിച്ചു കൊണ്ടാണ്‍ യാത്ര.. ഇച്ചുവും കണ്ണനും മലനിരകളില്‍ നിന്നു അരിച്ചെത്തുന്ന നീരുറവകള്‍ എവിടെ കണ്ടാലും അവിടെ ഇറങ്ങാന്‍ തയ്യാറെടുക്കും.. തിരക്കൊഴിഞ്ഞ ഒരിടത്തുള്ള ഉറവയില്‍ കുട്ടികള്‍ക്കു കളിക്കാന്‍ വേണ്ടി ഇറങ്ങി.. അവര്‍ രണ്ടും ചെറിയ തോതില്‍ ആ തണുത്ത ശുദ്ധമായ വെള്ളത്തില്‍ കളിച്ചു.. ആ കുഞ്ഞു വെള്ളച്ചാട്ടത്തില്‍ നിന്നും പൈപ്പ് ഇട്ട് ഉപയോഗിക്കുന്ന തമിഴ്നാട് രീതി ശ്രദ്ധേയമാണ്‍.. കൃത്യമായി കുളിക്കുകയില്ലെങ്കിലും കൃഷിക്കു വേണ്ടി കുടിക്കുന്നതിനു വേണ്ടി അവര്‍ ആ വെള്ളത്തെ ഉപയുക്തമാക്കുന്നുണ്ട്.. ഏതായാലും തലയും വസ്ത്രങ്ങളും നനഞ്ഞുകൊണ്ടാണു കുട്ടികള്‍ കയറിയത്.. കാറില്‍ കയറുന്നതിനു മുന്‍പ് മക്കളുടെ കാലില്‍ അട്ടയെ കണ്ടു.. അതിനെ പറിച്ചു എറിഞ്ഞതിനു ശേഷം യാത്ര തുടര്‍ന്നു.. എന്റെയും ഫൈറോസിന്റേയും കാലില്‍ ഒഴികെ ബാക്കിയെല്ലാവരുടേയും കാലില്‍ അട്ട കടിച്ചു.. വഴിയില്‍ വീണ്ടും നീരുറവകള്‍ കണ്ടെങ്കിലും ആര്‍ക്കും പിന്നീട് ഇറങ്ങാന്‍ താല്പര്യം ഇല്ലാതായി.. അട്ടയെ പേടിച്ചിട്ടു തന്നെ..

കാറില്‍ ഇരുന്നു തന്നെ നല്ല വഴിയോരക്കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു.. വൈവിധ്യമാര്‍ന്ന പച്ചനിറങ്ങള്‍ പ്രകൃതിയുടെ കാന്‍വാസില്‍ തീര്‍ത്ത തേയിലത്തോട്ടങ്ങള്‍ മനസ്സിനെ വല്ലാതെ ഭ്രമിപ്പിക്കുന്നതായിരുന്നു.. പച്ചപ്പുകള്‍ക്കിടയിലൂടെ ഞങ്ങളുടെ കാര്‍ വളരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.. പുറകിലെ വാഹനങ്ങളെയെല്ലാം പോകാന്‍ അനുവദിച്ചുകൊണ്ട്..

ഒരു മണി കഴിഞ്ഞതോടെ വയറിനുള്ളില്‍ നിന്നു കരിഞ്ഞ മണം വരാന്‍ തുടങ്ങിയിരുന്നു.. മീന്മുട്ടി വെള്ളച്ചാട്ടം കാണാന്‍ തിരിയുന്ന ഭാഗത്ത് രണ്ടു വീടുകളില്‍ ഭക്ഷണം നല്‍കുന്നുണ്ട്.. ഒരു ഭാഗത്തു നിന്നു ഞങ്ങള്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു.. സുഭിക്ഷമല്ലെങ്കിലും നല്ല സ്വാദിഷ്ടമായ ഭക്ഷണം.. ശരിക്കും ആശ്വാസമായി.. കുട്ടികള്‍ ആദ്യമായി നിര്‍ബന്ധമേതുമില്ലാതെ വഴക്കു കൂടാതെ താല്പര്യത്തോടെ ഭക്ഷണം കഴിച്ചു..

ഇനി മീന്മുട്ടി വെള്ളച്ചാട്ടം..

ഭക്ഷണം കഴിച്ച വീട്ടിലെ ആളുകള്‍ മുന്നറിയിപ്പായി പറഞ്ഞു.. "കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവിടേക്കു ഇറങ്ങാനും കയറാനും ബുദ്ധിമുട്ടാകും.. അതുകൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്”.. പല കുടുംബങ്ങളും പോയിവരുന്നതു കണ്ടതിനാല്‍ ഒരു പരീക്ഷണത്തിനു തയ്യാറായി.. ആവേശത്തോടെ ഇച്ചുവും കണ്ണനും മുന്നില്‍.. സ്ത്രീജനങ്ങള്‍ അര്‍ധമനസ്സോടെ ഏറ്റവും പുറകില്‍.. പകുതി നടന്നപ്പോള്‍ ഒരു വീട്ടില്‍ ഒരു ചേച്ചി.. നിലമ്പൂരുകാരിയാണെന്നു പറഞ്ഞു.. ഫൈറോസും ചിത്രയും എന്റെ മൂത്ത മോളും ആ വീട്ടില്‍ തങ്ങാമെന്നും ഞങ്ങളോടു പോയി കണ്ടു വരാനും പറഞ്ഞു.. ഏതായാലും ഞങ്ങള്‍ നടന്നു.. വഴിയില്‍ ഒരു നല്ല തോട്ടം.. അവിടെ ഒരു പ്രത്യേക പൂവ് കണ്ടു.. അരങ്ങു കെട്ടിയതു പോലെ തൂങ്ങിക്കിടക്കുന്നു.. ഇരുണ്ട ചുവപ്പു നിറത്തില്‍.. അവിടെ കയറി അതു കണ്ടു.. ഫോട്ടോയും എടുത്തു.. അവിടത്തെ പയ്യന്‍ (പ്രിന്‍സ്) ഇവിടെ വരെ വന്നു വെള്ളച്ചാട്ടം കാണാതിരിക്കുന്നത് നഷ്ടമാണെന്നും എന്തായാലും പോകണമെന്നും പറഞ്ഞു.. വീണ്ടും വഴിയില്‍ തങ്ങിയവരെക്കൂടി കൂട്ടാന്‍ മടങ്ങിപ്പോയി.. ആവേശത്തോടെ വെള്ളച്ചാട്ടം കാണാന്‍ മുന്നേറുകയാണ്‍.. വഴിയില്‍ അവിടെ നിന്നു മടങ്ങുന്ന യുവാക്കളുടെ സംഘം വണ്ടി നിര്‍ത്തി പറഞ്ഞു.. “അങ്ങോട്ടു പോകേണ്ട.. ദുരിതത്തിലാകും.. നഷ്ടമായിരിക്കും.. തിരിച്ചുപൊയ്ക്കൊള്ളൂ”.. തമാശ പറഞ്ഞതാവും.. ഞങ്ങള്‍ മുന്നോട്ടു തന്നെ.. അടുത്തത് ഒരു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം.. അവരും പറഞ്ഞു.. "ഒരുപാടു നടക്കണം, കുത്തനെ ഇറക്കവും കയറ്റവും ഉണ്ട്.. ആകെ കുടുങ്ങിപ്പോയി..” അതോടെ നടത്തം സ്പീഡ് കുറഞ്ഞു.. അടുത്ത ഇന്നോവ കാറില്‍ ബിജുവിന്റെ സുഹൃത്തുക്കളായിരുന്നു.. അവര്‍ നല്ല ഭാഷയില്‍ ഉപദേശിച്ചത്, കുട്ടികളേയും സ്ത്രീകളേയും കൊണ്ടു അവിടെ നിന്നു കയറി വരുമ്പോള്‍ സ്വര്‍ഗ്ഗവും നരകവും ഒപ്പം കാണുമെന്നായിരുന്നു.. ഞങ്ങള്‍ കണ്ട സ്വകാര്യ തോട്ടത്തിലെ പൂക്കളും കൃഷിയും അവരെ എല്ലാവരേയും കാണിച്ചു അവിടെ നിന്നു വെള്ളവും കുടിച്ചു മെയിന്‍ റോഡിലേക്കു മടങ്ങി.. വീണ്ടും കാറില്‍.. മേപ്പാടി ലക്ഷ്യം വെച്ചു യാത്ര തുടര്‍ന്നു.. ഒരു ക്ഷേത്രത്തിന്റെ അടുത്തു നിന്നു ഇടത്തോട്ടു തിരിഞ്ഞു അത്ര നല്ലതല്ലാത്ത വീതി കുറഞ്ഞ റോഡിലൂടെ രണ്ടു ജംഗ്ഷനുകള്‍ കടന്നു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഉദ്ദേശിച്ച സ്ഥലമെത്തി.. സമയം നാലുമണി.. കുന്നിന്‍ മുകളില്‍ ഒരു റിസോര്‍ട്ട്.. വേറെയും റിസോര്‍ട്ടുകള്‍ അവിടെയുണ്ടെന്നറിഞ്ഞു.. അതില്‍ ഒന്നു വിദേശികള്‍ക്കു മാത്രമായി ഉള്ളതാണെന്നു പറയപ്പെടുന്നു.. ഞങ്ങള്‍ കാണാന്‍ പോയത് ഒരു ഒറ്റപ്പെട്ടതാണു.. രണ്ടു റൂമുകള്‍ മാത്രമുള്ള ഒറ്റ കോട്ടേജ്.. അതിന്റെ പുറകു വശത്തു നിന്നുള്ള കാഴ്ച മനം മയക്കുന്നതായിരുന്നു.. ചാലിയാര്‍പ്പുഴയുടെ ഉത്ഭവം ഒരു വിദൂരദൃശ്യമായി കാണുന്നു.. ഫോട്ടോയില്‍ ഒരു വെള്ളിരേഖയായി മാത്രം പതിയുന്ന കാഴ്ച.. പാറക്കെട്ടുകളുടേയും മലയിടുക്കുകളുടേയും പിടിയില്‍ ഒതുങ്ങാതെ തെന്നി മാറി തട്ടിക്കളിച്ചും ചിന്നിച്ചിതറിയും താഴ്വാരത്തിലേക്കു മലിനമാകാതെയെത്തുന്ന ചാലിയാറിന്റെ ദൃശ്യം കണ്ടിട്ടും കണ്ടിട്ടും മതി വരാതെ പുറകിലെ കരിങ്കല്‍ സ്റ്റെപ്പില്‍ ഇരുന്നു ആസ്വദിച്ചു.. ഒരു വല്ലാത്ത അനുഭവം.. വയനാട്ടില്‍ ഇത്തരം ഒട്ടേറെ കാഴ്ചകള്‍ ഉണ്ടാവാം.. ഉണ്ടാവും.. പ്രകൃതിയുടെ വരദാനമായ വയനാട് കാണാതെ മലയാളി ഊട്ടിയിലേക്കു യാത്രപോകുന്നതിന്റെ മണ്ടത്തരം ബോധ്യമകാന്‍ ഈ ഒരു കാഴ്ച മതി.. ഒറ്റപ്പെട്ട റിസോര്‍ട്ട് ആണെന്ന ഒരു ന്യൂനത മാത്രം.. താഴെ നിന്നു കോടമഞ്ഞ് അരിച്ചത്താറുണ്ടെന്നു കൈകാര്യകര്‍ത്താവ് ഉമ്മര്‍ പറഞ്ഞു.. വയനാ‍ടന്‍ മലനിരകളും കുടകു മലകളും മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുകയായിരുന്നു അപ്പോള്‍.. ഒരു മലയില്‍ നിന്നു കോട മാഞ്ഞു കൊണ്ടിരുന്നു.. ആ മലയുടെ പേര്‍ റാണി മലയാണെന്നാണു ഉമ്മര്‍ പറഞ്ഞത്.. ഒരു റാണി മുടി അഴിച്ചിട്ട് കിടക്കുന്നതു പോലെയാണു തോന്നുക.. ഉമ്മറിനെ ബിജുവിനു പരിചയമുണ്ടായിരുന്നു.. ഇനിയൊരിക്കല്‍ വരാമെന്നു പറഞ്ഞു മടക്കയാത്ര തുടങ്ങി.. രാത്രി 9മണിയോടെ വീട്ടില്‍ തിരിച്ചെത്തി..

No comments: