Thursday, November 11, 2010

ഗ്ലെന്‍മോര്‍ഗന്‍...

ഊട്ടി യാത്രയില്‍ ബെന്നിയും കുടുംബവുമായിരുന്നു ഞങ്ങളോടൊപ്പം..

ഊട്ടിയില്‍ നിന്നു മടങ്ങിവരുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ വലത്തോട്ടു തിരിഞ്ഞുപോകുന്ന ഒരു ഡൈവേര്‍ഷന്‍ റോഡ് കാണാം.. പൈക്കാറ ഡാം സൈറ്റ് കഴിഞ്ഞ് വീണ്ടും മുന്നോട്ടു പോകുമ്പോള്‍ 'ഗ്ലെന്‍മോര്‍ഗന്‍ 9.5 കി.മീ' എന്ന സൈന്‍ ബോര്‍ഡ് വലതു ഭാഗത്തു കാണാം.. ആ വഴി പൊതുവില്‍ വിജനമാണ്.. വീടുകള്‍, ഷോപ്പുകള്‍ എന്നിവ കാണില്ല.. ആളുകളെ വിരളമായി കാണാം.. വരണ്ടുണങ്ങിയ കാട്..

പെട്ടെന്നു ഒരു കൂട്ടം "കാട്ടുപോത്തുകള്‍".. വണ്ടിയൊന്നു സ്ലോ ആയി.. അടുത്തെത്തിയപ്പോള്‍ എല്ലാം നാട്ടുപോത്തുകളായിരുന്നു.. വഴിയെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാതിരുന്നതിനാല്‍ മനുഷ്യവാസ സാധ്യതയുള്ള ഒരു കവാടം കണ്ടപ്പോള്‍ ഇറങ്ങിച്ചെന്നു നോക്കി.. അതൊരു ആശ്രമമായിരുന്നു.. അവിടെ ജോലി ചെയ്യുന്നവരോടു ചോദിച്ചപ്പോള്‍ കുറച്ചു കൂടി പോയാല്‍ ഡാം സൈറ്റില്‍ എത്തുമെന്നു പറഞ്ഞു.. അത്ര വലിയ കാര്യമൊന്നുമില്ലാത്ത ഏതോ ഒരിടം എന്ന മട്ടിലാണ് അവര്‍ പറഞ്ഞത്.. അതുകൊണ്ടു രണ്ടു മനസ്സായിരുന്നു.. മടങ്ങണോ വേണ്ടയോ..

പകുതിയിലധികം ദൂരം താണ്ടിയാല്‍പിന്നെ തേയില തോട്ടങ്ങളുടെ ഭംഗിയാണ്.. അതു യാത്രയുടെ വിരസത മാറ്റും.. പോകുന്ന വഴിയില്‍ ഒരു ചെറിയ പെട്ടിക്കട.. പൈന്‍ മരങ്ങളും ധാരാളം..

ഏതായാലും ഒരു കാര്‍ തിരിച്ചു വരുന്നതു കണ്ടു.. കൈകാണിച്ചു വിവരം അന്വേഷിച്ചു.. കുറച്ചു പോയാല്‍ മതി ഒരു ഡാമിന്റെ കാഴ്ചയാണുള്ളത് എന്നും പറഞ്ഞു.. എന്തായാലും മുന്നോട്ടു തന്നെ പോകാന്‍ തീരുമാനിച്ചു.. 9.5 കി.മീ ആണെങ്കിലും പല ഭാഗത്തും റോഡ് തന്നെയില്ല.. ചിലയിടങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയുടെ അടിഭാഗം തട്ടും.. ഏകദേശം 25 മിനുട്ട് എടുത്തു ഡാം സൈറ്റില്‍ എത്താന്‍..

ചുറ്റും തേയില തോട്ടം.. ഡാമിനു ചുറ്റും പച്ചപ്പിന്റെ ഭംഗി.. തണലുകളില്‍ കുളിരുള്ള അന്തരീക്ഷം.. അതുകൊണ്ടു തണല്‍ നോക്കി നിന്നു.. ഡാമിന്റെഭാഗത്തേക്കു ഇറങ്ങാന്‍ കോണ്‍ക്രീറ്റ് വരമ്പ് കെട്ടിയിട്ടുണ്ട്.. മക്കളും ആ വരമ്പിലൂടെ ഇറങ്ങി.. അതിനിടയില്‍ തമിഴ്നാട് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ വന്നു അവിടെ ഇറങ്ങുന്നത് അപകടമാണ്.. അതിനു അനുവാദമില്ലെന്നു അറിയിച്ചതിനാല്‍ പെട്ടെന്നു കയറിപ്പോന്നു.. കുറച്ചു നടന്നാല്‍ ഗ്ലെന്‍മോര്‍ഗന്‍ പോയിന്റ് ആണ്.. എന്താണ് ഗ്ലെന്‍മോര്‍ഗന്‍..? അറിയില്ല..


ഇലക്ട്രിസിറ്റിക്കാരോടു ചോദിച്ചപ്പോള്‍ അവിടെ ഒരു "വ്യൂ പോയിന്റ്" ഉണ്ടെന്നും അവിടേക്കു കുറച്ചു കയറ്റം ഉണ്ടെന്നും പറഞ്ഞു.. അതുകൊണ്ടു പവര്‍പ്രോജക്റ്റിന്റെ ഭാഗം കാണാന്‍ പോകുന്നതാണു നല്ലതെന്ന ഉപദേശവും.. അവിടേക്കു കയറാന്‍ അനുവാദം കിട്ടുമോന്നറിയില്ലെന്നും പറഞ്ഞു.. ജീവനക്കാരെ പരിചയമുണ്ടെങ്കില്‍ പാസ്സ് ലഭിക്കുമെന്നും പറഞ്ഞു.. ശ്രീലങ്കന്‍ തമിഴ് പുലി പ്രശ്നം കത്തി നില്ക്കുന്ന സമയം ആയിരുന്നതിനാല്‍ അവിടെ ബ്ലാക്ക് കമാന്‍ഡോകളുടെ കാവലിലായിരുന്നു.. കൂടെയുണ്ടായിരുന്ന ജീവനക്കാരുടെ പിന്തുണയും സര്‍ക്കാര്‍ ജീവനക്കാരനാണെന്ന ഐഡന്റിറ്റി കാര്‍ഡും ബെന്നിയുടെ പത്രപ്രവര്‍ത്തകന്റെ ഐഡന്റിറ്റി കാര്‍ഡും എല്ലാം പ്രയോഗിച്ചു അകത്തു കയറി.. വെയിലിന്റെ ചൂടില്‍ മെല്ലെ പവര്‍ പ്രോജക്റ്റിന്റെ അടുത്തുള്ള വ്യൂ പോയിന്റിലേക്ക്.. അവിടെ ഒരു വിഞ്ച് (ട്രോളി) ഉണ്ടായിരുന്നു.. ഇരുമ്പിന്റെ റോപ്പിലൂടെ താഴേക്കു ഇറങ്ങിപ്പോകുന്നതിനുള്ളതാണ്.. അതാണു ജീവനക്കാര്‍ താഴേക്കു പോകാന്‍ ഉപയോഗിക്കുന്നത്.. ആ ട്രോളിയില്‍ താഴേക്കു പോകുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ആയുസ്സു കുറയാന്‍ സാധ്യതയുണ്ട്.. അത്രയും സാഹസികമായിരിക്കും ആ യാത്ര..

അവിടെ നിന്നുള്ള കാഴ്ച അതിമനോഹരവും വന്യവുമാണ്.. ആഴത്തിന്റെ വന്യത.. ഉയരത്തിന്റെ രാജകീയത.. താഴെ വിദൂരമായ വഴികള്‍/റോഡുകള്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്നതു കാണാം.. വ്യൂ പോയിന്റിന്റെ ഭാഗത്ത് വീഴാതിരിക്കാന്‍ ഇരുമ്പു പൈപ്പ് കൊണ്ടു കെട്ടിയ ഒരു പ്ലാറ്റ്ഫോം ഉണ്ട്.. അതില്‍ നിന്നുള്ള കാഴ്ച അപാരം.. വായുവില്‍ നില്ക്കുന്ന പ്രതീതിയാണുണ്ടാവുക.. വല്ലാത്തൊരു കാറ്റും.. ഭ്രമിപ്പിക്കുന്ന അനുഭവം.. അവിടെ കാണാതെ പോയിരുന്നെങ്കില്‍ അതു വലിയൊരു നഷ്ടമാകുമായിരുന്നു.. വലതു വശത്തു മുകള്‍ഭാഗത്ത് വേറൊരു വ്യൂ പോയിന്റ് ഉണ്ട്.. അതാണ് കയറിപ്പോകണമെന്നു ജീവനക്കാര്‍ പറഞ്ഞതെന്നു മനസ്സിലായി.. ഉയര്‍ന്നു നില്കുന്ന മലനിരകള്‍ ഒരു വശത്ത്.. മറുവശത്ത് അഗാധ ഗര്‍ത്തം.. താഴേക്കുവീണാല്‍ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍..

ഫോട്ടോകള്‍ ഏകദേശ അനുഭവം പ്രദാനം ചെയ്യും.. സാധ്യതയുള്ളവര്‍ ഊട്ടിയില്‍ പോകുമ്പോള്‍ കാണാന്‍ മറക്കരുത്.. വരുമ്പോഴുള്ള ആശങ്കകള്‍ക്കു പകരം മടങ്ങുമ്പോള്‍ കാഴ്ചയുടെ അനുഭവം കൊണ്ടു മനസ്സു നിറഞ്ഞിരുന്നു..

ഇനിയും ഒരിക്കാല്‍കൂടി പോകണമെന്നമോഹം ബാക്കിവച്ച്.....