Saturday, May 21, 2011

ഒരു കായല്‍ യാത്ര.. A jouney through Alleppey..

2011 മെയ് 7 പകല്‍ 11 മണി..
ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍..
ഞാനും ഫൈറോസും മക്കളും ഞങ്ങളുടെ സുഹൃത്തുക്കളായ മറ്റൊരു കുടുംബവും..
ഇടയ്ക്ക് ചെറിയ തിരുവനന്തപുരം യാത്രകള്‍ (ഫൈറോസും മക്കളും എന്റെ കൂടെ നില്‍ക്കാന്‍ വരുന്നത്) അല്ലാതെയുള്ള ഈ വര്‍ഷത്തെ ആദ്യ ടൂര്‍ ആയിരുന്നു ഇത്.. വളരെ കാലമായുള്ള ഒരു സ്വപ്നമായിരുന്നു ഹൌസ് ബോട്ടില്‍ ഒരു കായല്‍ യാത്ര..
റെയില്‍വെ സ്റ്റേഷനില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ വണ്ടി ഞങ്ങളെ എടുക്കാന്‍ വന്നിരുന്നു.. 10 മിനുട്ട് യാത്ര.. പിന്നീട് ഒരു മോട്ടോര്‍ ബോട്ടിലൂടെ കനാല്‍ വഴി വിശാലമായ കായലിലേയ്ക്ക്.. പുന്നമടക്കായല്‍...


അതിനോട് തൊട്ടുരുമ്മി ലേക്ക് പാലസ് റിസോര്‍ട്ട്.. അതു കാണുമ്പോള്‍ തന്നെ മനസ്സ് പകുതി നിറഞ്ഞു.. ബോട്ടില്‍ നിന്നിറങ്ങി 10 മീറ്റര്‍ നടന്നാല്‍ റിസപ്ഷന്‍ & റെസ്റ്റൊറന്റ്.. കയറിച്ചെല്ലുമ്പോള്‍ ഒരു വെല്‍കം ഡ്രിങ്ക്.. അവിടെ നിന്നു അവരുടെ കോമ്പൌണ്ട് കാണാന്‍ ഒരു ഇലക്ട്രിക് കാറില്‍.. ഒന്നു ചുറ്റിക്കറങ്ങി വന്നു റൂമിലേക്ക്.. ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച തന്നെ അപാരമാണ്.. ഇതെല്ലാം നമ്മുടെ കേരളം തന്നെയാണല്ലോയെന്നു അത്ഭുതപ്പെടും..


നല്ല ഫ്രഷ് മീന്‍ പൊരിച്ചതും മീന്‍ കറിയും കൂട്ടിയുള്ള ഉച്ചഭക്ഷണം വല്ലാതെയങ്ങിഷ്ടപ്പെട്ടു.. 3 മണിക്ക് ഞങ്ങള്‍ക്കു മാത്രമയി ഒരു ഹൌസ് ബോട്ട്.. രണ്ടു ബെഡ് റൂം, ഒരു സിറ്റിംഗ് ഹാള്‍, കിച്ചണ്‍, മുകള്‍ത്തട്ടില്‍ ഒരു സിറ്റിംഗ് റൂം.. ഇത്രയും സൌകര്യങ്ങള്‍.. പുന്നമടക്കായലില്‍ നിന്നു മൂന്നു മണിക്കു തുടങ്ങിയ യാത്ര വിശാലമായ കായല്‍പ്പരപ്പിലൂടെ.. 20 മിനുട്ട് യാത്രക്കു ശേഷം മറ്റൊരു വലിയ കായലിലേക്കു കടന്നു.. പമ്പയാര്‍.. പഴയ മലയാളപ്പാട്ടുകളില്‍ ചിലത് ഓര്‍മ്മ വന്നു.. അകത്തോട്ടു പോകുന്തോറും വീതി കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. വെള്ളത്തിന്റെ ഇളക്കവും ഓളവും കൂടുന്നുണ്ടായിരുന്നു.. വീണ്ടും മുന്നോട്ട്.. ചില ഭാഗങ്ങളില്‍ വെള്ളം കലങ്ങിയിരുന്നു.. പമ്പയാറില്‍ നിന്നു വേമ്പനാട്ടു കായലിലേക്ക്.. 


കുട്ടനാടന്‍ കൃഷിയിടങ്ങളുടെ ഓരത്തുകൂടിയാണ് യാത്ര.. നല്ല സുന്ദരമായ പ്രകൃതിയുടെ കാഴ്ചകളെ വീക്ഷിക്കുകയും, ക്യാമറയില്‍ ഫൈറോസ് പകര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കു മുകളില്‍ കയറി കാഴ്ചകളുടെ വ്യത്യസ്ത കോണിലുള്ള ദൃശ്യമനോഹാരിത നുകരും.. സാധാരണ ജലയാത്രയില്‍ പേടിയുണ്ടാകുന്നവര്‍ക്കു പോലും ഈ യാത്ര ഭയമുണ്ടാക്കില്ലയെന്നു മാത്രമല്ല, നന്നായി ആസ്വദിക്കുകയും ചെയ്യുമെന്നു ഞങ്ങളുടെ കൂട്ടത്തിലുള്ള അനുഭവസ്ഥര്‍ പറഞ്ഞു.. ബോട്ടിന്റെ ഗതിക്കനുസരിച്ച് സൂര്യന്‍ വ്യത്യസ്ത ദിശകളില്‍ മാറി മാറി വരുന്നുണ്ടായിരുന്നു.. സുന്ദരമായ അസ്തമയവും കാണാനായി.. അതിന്റെ നല്ലൊരു ദൃശ്യം ഫൈറോസ് അവളുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ചായയും സ്നാക്ക്സും ബോട്ടില്‍ സപ്ലൈ ചെയ്തു. രണ്ടു ക്രൂസ്, ഒരു കുക്ക് എന്നിവര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.. ടിഷ്യൂ പേപ്പറുകള്‍ ഇച്ചുവിന്റെ കരവിരുതില്‍ കടലാസ് വഞ്ചികളായി കായലില്‍ ഒഴുകി.. 6.15നു ഞങ്ങള്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി..


ഹൌസ് ബോട്ടിലെ ആദ്യ യാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവവുമായി കോമ്പൌണ്ടില്‍ കറങ്ങി.. അവിടത്തെ പൂളില്‍ ചില ടൂറിസ്റ്റുകള്‍ ചൂണ്ടയിടുന്നുണ്ടായിരുന്നു.. മീന്‍ കിട്ടുന്നുമുണ്ടായിരുന്നു.. ചില കോട്ടേജുകള്‍ ആ പൂളിലായിട്ടാണ് നിലകൊള്ളുന്നത്.. എന്തായാലും വളരെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരിടം.. ഭക്ഷണവും സൂപ്പര്‍.. സാധാരണ ടൂറുകളില്‍ ചിക്കണ്‍ ആയിരിക്കും പ്രധാന ഇനം.. എന്നാല്‍ ഇവിടെ മീനായിരുന്നു മുഖ്യ ഇനം.. രാത്രി വരാന്തയില്‍ ഇരുന്നാല്‍ കായലിന്റെ നേര്‍ത്ത ഇരമ്പലും സുഖകരമായ കാറ്റും.. അനിര്‍വചനീയമായ സവിശേഷമായ ഒരു മൂഡ് സൃഷ്ടിക്കപ്പെടും.. നിലാവു കൂടിയുണ്ടായിരുന്നെങ്കില്‍ ഒരു പ്രത്യേക ഭ്രാന്താകുമന്നാണ് ഫൈറോസ് പറയുന്നത്.. സുഖകരമയ ഉറക്കം..

മെയ് 8..
കാലത്തു സൂര്യനുണരുന്നതിനു മുന്‍പേ ഉണരണമെന്നു ഓരോരുത്തരും ഉറങ്ങുന്നതിനു മുന്‍പേ തീരുമാനിച്ചിരുന്നെങ്കിലും ഉണരാന്‍ വൈകി.. കാലത്തു സൂര്യന്റെ വെളിച്ചം കായലിനെ കൂടുതല്‍ സുന്ദരമാക്കി.. ഫൈറോസ് അപ്പോഴും ക്യാമറയുമായി നടക്കുകയായിരുന്നു.. 52 ഏക്കറിനടുത്ത് സ്ഥലമുണ്ടെന്നാണ് അതിന്റെ മാനാജര്‍ പറഞ്ഞത്.. അതിനകത്തെ പൂളില്‍ പെഢല്‍ ബോട്ടില്‍ ഒരു കറക്കം.. പിന്നെ എവിടേയും പോയില്ല.. ബോട്ടിലെ ജീവനക്കാര്‍ കായലില്‍ നിന്നു ഒരു കൊഞ്ചിനെ പിടിച്ചു ഇച്ചുവിനു നല്‍കി..കോമ്പൌണ്ടിലെ ചെടികളും പൂക്കളും കണ്ടു നടന്നു.. പ്രാതല്‍ ബുഫേയായിരുന്നു.. അതിനെ പാചകം ചെയ്യാന്‍ നിന്നാല്‍ ഞങ്ങളുടെ ട്രെയിന്‍ കിട്ടില്ലെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.. ഉച്ചഭക്ഷണത്തിനു ശേഷം വിടവാങ്ങി.. വീണ്ടും ബോട്ടില്‍.. കനാലിലൂടെ റോഡിനടുത്തേക്ക്.. അവിടെ നിന്നു റെയില്‍വേ സ്റ്റേഷന്‍..

തികച്ചും മനസ്സു നിറഞ്ഞ ഒരു പുതിയ യാത്രാനുഭവവുമായി വീട്ടിലേക്ക്...







No comments: