Thursday, September 1, 2011

കുടകെന്ന മടിക്കേരി...

1985 മുതല്‍ ഒരു പാരലല്‍ കോളേജില്‍ ഒന്നിച്ചു കൂടിയ 6 സുഹൃത്തുക്കള്‍... വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഒന്നിച്ചു തന്നെ മുന്നേറുന്നു.. ഞങ്ങളുടെ ജീവിതത്തില്‍ സഹയാത്രികരായി എത്തിയവരും ആ കൂട്ടായ്മയുടെ ഭാഗമായി.. പല തവണ ഞങ്ങള്‍ 6 കുടുംബങ്ങള്‍ ഒന്നിച്ചു യാത്രകള്‍ നടത്തിയിട്ടുണ്ട്..

അതില്‍ ഒരു  യാത്രയായിരുന്നു കുടകിലെക്കുള്ളത്.. എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഏപ്രില്‍ മാസത്തിലായിരുന്നു യാത്ര.. കൃത്യമായി പറഞ്ഞാല്‍ 2007 ഏപ്രില്‍ 7 നു.. കുടകിലെ വസന്തത്തെ കുറിച്ചും മഞ്ഞു നിറഞ്ഞ മാമലകളെ കുറിച്ചും കേട്ടറിഞ്ഞ വിവരങ്ങളും അതിലേറെ സങ്കല്പങ്ങളുമായിട്ടാണ് യാത്ര.. "ചന്ദ്രബിംബം നെഞ്ചിലേറ്റും ...." എന്ന ഗാനത്തിലെ "കുടകിലെ വസന്തമായി..." എന്ന വര്‍ണ്ണനയും എല്ലാം നെഞ്ചിലേറ്റിയുള്ള യാത്ര മലപ്പുറത്ത്‌ നിന്ന് കാലത്ത് 6 മണിക്ക് തുടങ്ങി.. ഒരു മിനി ബസ്സില്‍.. കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍..  ബസ്സിന്റെ അവസ്ഥ തൃപ്തികരമായിരുന്നില്ല.. മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-വയനാട് വഴിയായിരുന്നു പോയത്.. വയനാട് ചുരത്തില്‍ കുരിശു ചുമന്നു ഒട്ടേറെ വിശ്വാസികള്‍ കാല്‍നടയായി കയറുന്നുണ്ടായിരുന്നു..
വയനാടിന്റെ ഓരത്ത്കൂടി ബസ്സ്‌ നിരങ്ങി നീങ്ങി.. ഉച്ചഭക്ഷണം വയനാട്ടില്‍ നിന്ന്.. തുടര്‍ന്ന് വയനാടന്‍ കാടുകളുടെ ഭാഗത്ത്‌ കൂടി.. ഉണങ്ങി വരണ്ടിരുന്നെങ്കിലും ഏതാനും മാനുകളെ വഴിയരികില്‍ കണ്ടു.. അരുവികള്‍ എല്ലാം മെലിഞ്ഞിരുന്നു.. ആരോ വലിച്ചു കൊണ്ടുപോകുന്നത് പോലെയുള്ള വണ്ടി കുടക് ടൌണില്‍ എത്തുമ്പോള്‍ 5 മണിയോട് അടുത്തിരുന്നു.. ഒപ്പം എല്ലാവര്ക്കും മടുത്തിരുന്നു.. നേരത്തെ ബുക്ക് ചെയ്ത ഹോട്ടലില്‍ കയറി fresh ആയി.. അന്ന് പൂര്‍ണ്ണ വിശ്രമം..

അടുത്ത ദിവസം രാവിലെ തലക്കാവേരി... കാവേരി നദിയുടെ ഉത്ഭവം അവിടെയാണ്.. ഒരു മണിക്കൂറിലധികം യാത്ര.. ഒരു കുന്നിന്‍ മുകളില്‍... അതുമായി ബന്ധപ്പെടുത്തി ഒരു ക്ഷേത്രവും അവിടെ ഉണ്ട്.. പൊള്ളുന്ന വെയില്‍... സങ്കല്പത്തിലെ കുടക് പൂര്‍ണ്ണമായും മായ്ച്ചു കളയുന്ന അനുഭവം.. ഉത്ഭവ സ്ഥാനത്ത് കാര്യമായ ഉറവയോന്നും കാണുന്നുണ്ടായിരുന്നില്ല.. അവിടെ നിന്ന് കുന്നിന്‍ മുകളിലെക്ക് പോകാന്‍ കുറെ പടവുകള്‍ ഉണ്ട്.. പലരും കയറുന്നുണ്ടായിരുന്നെങ്കിലും, ആ വെയിലില്‍ ഞങ്ങള്‍ ആരും അവിടെ പോകാന്‍ തുനിഞ്ഞില്ല.. അവിടെ നിന്ന് പെട്ടെന്നു മടങ്ങി..

വൈകുന്നേരം തൊട്ടടുത്തുള്ള രാജാസ് സീറ്റ് കാണാന്‍... Rajas Tomb ഉം അവിടെ തന്നെ.. ഒരു കൊച്ചു പാര്‍ക്ക്.. കുട്ടികള്‍ സജീവമായി.. തണുപ്പ് ചെറുതായി അരിച്ചു കയറുന്ന കാലാവസ്ഥയും.. കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ അവിടെ സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്.. അവിടെ കുറെ ആളുകള്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നു.. തൊട്ടടുത്ത്‌ തന്നെ നടന്നു പോകാന്‍ കഴിയുന്ന ഒരു മുനമ്പ്‌.. അറ്റത്ത്‌ കുറച്ചു പാറക്കൂട്ടങ്ങളും.. ഇരുട്ട് പറക്കുന്നത് വരെ അവിടെ തങ്ങി.. തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു..

അടുത്ത ദിവസം നേരത്തെ പുറപ്പെട്ടു.. ബൈലക്കുപ്പയായിരുന്നു ലക്‌ഷ്യം.. ഒരു ടിബറ്റന്‍ മൊണാസ്ട്രി.. അതായിരുന്നു ശരിക്കും ഗുണകരമായത്.. സ്വര്‍ണ്ണ നിറത്തിലുള്ള സ്തൂപങ്ങളും കമാനങ്ങളും നിര്‍മ്മിതികളും ടിബറ്റന്‍ ജനതയും എല്ലാം ചേര്‍ന്ന് ഒരു പുതുമയുള്ള നഗരം സൃഷ്ടിച്ചിരിക്കുന്നു.. കുഞ്ഞു സന്യാസിമാരും വലിയ സന്യാസിമാരും വളരെ ശാന്തരായി അവരവരുടെ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നു.. അതിനകത്ത് ആര്‍ക്കും കയറാം.. അവിടെ നിശ്ശബ്ദരായി ഇരിക്കാം.. ധാരാളം പ്രതിമകള്‍.. വൈവിധ്യമാര്‍ന്ന തോരണങ്ങള്‍.. വര്‍ണ്ണ പ്രപഞ്ചം തന്നെ.. പ്രാര്‍ത്ഥനകളില്‍ അല്ലെങ്കില്‍ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന വലിയ Drums മൂന്നെണ്ണം തൂക്കിയിട്ടിരിക്കുന്നു.. അവിടെ കുറച്ചു ദിവസം നില്‍ക്കാന്‍ തോന്നിപ്പോകുന്ന അന്തരീക്ഷം .. ഒരു കുഞ്ഞു സന്യാസിയുടെ(ലാമ) കൂടെ എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്തു.. അവിടെ നിന്ന് മടങ്ങുന്ന വഴി ഒരു സ്ഥലം കൂടെ കാണാന്‍ പോയി..

അബ്ബി വെള്ളച്ചാട്ടം... റോഡില്‍ നിന്ന് കുറച്ചു നടക്കണം.. വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത്‌ ഒരു തൂക്കു പാലം ഉണ്ട്.. അതില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തില്‍ നിന്നുണ്ടാകുന്ന water spray ഉണ്ടാകേണ്ടതാണ് .. അതും നിരാശപ്പെടുത്തി.. ഒരു നീരുറവ പോലെ ഒഴുകുന്ന ആ വെള്ള രേഖയെ വെള്ളച്ചാട്ടം എന്ന് വിളിക്കുന്നത്‌ കുറച്ചു കടന്ന കയ്യാകും.. ഫോട്ടോകളില്‍ ബോധ്യമാകും..

അന്ന് ഭക്ഷണവും കഴിഞ്ഞു മടക്ക യാത്ര.. രാത്രി വൈകി വീടുകളില്‍.. (എന്റെ സുഹൃത്തുക്കള്‍ പോകുന്നുവെങ്കില്‍ കാലാവസ്ഥ കൂടി നോക്കി പോകുക.. ഇല്ലെങ്കില്‍ കുടക് മടുപ്പിക്കും..)


പോകുന്ന വഴി-വയനാട്..

തലക്കാവേരി...

രാജാസ് സീറ്റ്..

ടിബറ്റന്‍ മൊണാസ്ട്രി.. പ്രവേശന കവാടം..

ടിബറ്റന്‍ മൊണാസ്ട്രി.. അകത്തളം..

കൊച്ചു ലാമയുടെ കൂടെ ...

അബ്ബി വെള്ളച്ചാട്ടം..

7 comments:

dilshad raihan said...

mashe photosum vivaranavum ellam nannayirikkunnu

ashamsakal
raihan7.blogspot.com

Unknown said...

വളരെ നന്ദി... വിശദമായി എഴുതിയിട്ടില്ല.. കുറിപ്പ് ദീര്‍ഘമായാല്‍ ഭൂരിഭാഗം വായനക്കാര്‍ക്കും മടുക്കും .. അതുകൊണ്ട് എല്ലാം കുറിപ്പുകളും ചെറുതാക്കി..

നാമൂസ് said...

ഓരോ യാത്രകളും നമ്മെ കൂടുതല്‍ ജിജ്ഞാസുവാക്കുന്നു. അത്തരം യാത്രികരില്‍ ദാര്‍ശനികന്‍ ജനിക്കുന്നുവെന്നാണ് അഭിപ്രായം.
ഇക്കാടെ... ഈ യാത്രാ വിവരണത്തിലും അത്തരമൊരു സൂചന നല്‍കുന്നുണ്ട്. ബുദ്ധിസ്റ്റുകളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതല്ലാതെയാവാന്‍ മറ്റു കാരണമൊന്നുമില്ല.കൂടെ, പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്ന ആര്‍ത്തിപൂണ്ട മനുഷ്യരുടെ ചെയ്തികളില്‍ വല്ലാത്ത അമര്‍ഷവും വരികളില്‍ കാണുന്നു.
എങ്കിലും, വേഗത്തില്‍ പറഞ്ഞവസാനിപ്പിച്ചത് പോലെ ഒരു തോന്നല്‍. അതിലെനിക്കല്പം നിരാശയുള്ളതിനെ മറച്ചു വെക്കുന്നില്ല. തുടര്‍ ലക്കങ്ങളുടെ വായനയില്‍ എന്റെ സാന്നിധ്യവും വാഗ്ദത്തം ചെയ്യുന്നു.
ആശംസകളോടെ,
സ്നേഹപൂര്‍വ്വം,
നാമൂസ്.

കൊമ്പന്‍ said...

മനോഹരമായ വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു

ആചാര്യന്‍ said...

നല്ല വിവരണം ..ഞാനും പൊയരുന്നു ഇ സ്ഥലത്ത് നല്ല സ്ഥലം അല്ലെ..

Unknown said...

നാമൂസ്.. ഇത് ഫെസ്ബുക്കിനു വേണ്ടി തയ്യാറാക്കിയ കുറിപ്പാണ് ..അത് തിരക്കുകള്‍ക്കിടയില്‍ വായിക്കുന്നവര്‍ക്ക് വേണ്ടി എഴുതിയതാണ്.. കൂടുതല്‍ കണ്ടാല്‍ പിന്നീട് വായിക്കാമെന്നു കരുതി മാറ്റിവെയ്ക്കും.. Readability ക്ക് വേണ്ടി ചുരുക്കുകയായിരുന്നു.. ഇനി നല്‍കുന്നത് വിശദമാക്കാം
..

Unknown said...

കൊമ്പന്‍ & ആചാര്യന്‍ ..
പ്രതികരണത്തിന് നന്ദി.. സന്തോഷം.. തുടര്‍ന്നും വായിക്കുക ..