Monday, October 17, 2011

ഹൈദരാബാദ് - ചരിത്രവും ശില്പഭംഗിയും.. (ഭാഗം-1 )

2008 ഏപ്രില്‍ 6 .. ഞങ്ങള്‍ അഞ്ചു കുടുംബങ്ങള്‍ ഹൈദരാബാദിലെക്ക്..ഒരു conducted tour .. ഞങ്ങളുടെ സുഹൃത്ത്‌ ഫൈസലിന്റെ സ്ഥാപനം..(താമസം,ഭക്ഷണം,കാഴ്ചകള്‍ എല്ലാം അവര്‍ arrange ചെയ്തു)..
എന്റെ മുന്‍ യാത്രാ കുറിപ്പില്‍ പരാമര്‍ശിച്ച ആറ് സുഹൃത്തുക്കളില്‍ ഒരു കുടുംബം ഇല്ലായിരുന്നു..
അങ്ങാടിപ്പുറത്ത് നിന്ന് ഉച്ചക്ക് 1 മണിക്ക് തീവണ്ടിയില്‍ ഷോര്‍ണൂര്‍ വരെ.. അവിടെ നിന്ന് 2.20 നു ഹൈദരാബാദിലേക്ക് ശബരി എക്സ്പ്രസില്‍.. ശീതീകരിച്ച കോച്ച് വെയിലിന്റെ കത്തുന്ന ചൂടിനു രക്ഷയായി.. അടുത്ത ദിവസം (7-4-08) ഉച്ചക്ക് 1 മണിക്ക് ഹൈദരാബാദില്‍ ട്രെയിന്‍ ഇറങ്ങി. നേരെ ഹോട്ടലില്‍..
കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം, കാഴ്ചകളുടെ പൂരങ്ങള്‍ക്കായി ഒരു മിനി ബസ്സില്‍ യാത്ര തുടങ്ങി. ചന്ദ്രബാബു നായിഡു എന്ന മുഖ്യമന്ത്രിയുടെ "നേട്ടമായി" പറയുന്ന ഐ.ടി. സിറ്റിയുടെ നിറവിലൂടെ സാവകാശം.. ഇടത്തും വലത്തും നിരനിരയായി വിവിധ ഐ.ടി. കമ്പനികളുടെ പളപളപ്പാര്‍ന്ന സൌധങ്ങള്‍.. ചില്ലുകൂടാരങ്ങള്‍.. (ഇത്രയൊക്കെ 'ഹൈടെക് വികസനം' കൊണ്ട് വന്നിട്ടും അദ്ദേഹം പരാജയപ്പെട്ടത് കൂടുതല്‍ വോട്ടുള്ള സാധാരണക്കാരന് ഭക്ഷണത്തിനുള്ള വക ഉണ്ടായില്ല എന്നതാണ്).. അവിടെ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക്..
ശില്പാരാമം.. 4 മണിയോടെ അവിടെയെത്തി.. കുറച്ചു നിര്‍മ്മിതികള്‍, മണ്‍ശില്പങ്ങള്‍, ജീവന്‍ തുടിക്കുന്ന മെഴുകു ശില്പങ്ങള്‍, കൊച്ചു പാര്‍ക്ക്, അരയന്നങ്ങള്‍ നീന്തുന്ന ഒരു ചെറിയ തടാകം.. വെറുതെ കണ്ടു നടക്കാം.. അത്രമാത്രം.. ആകെ ഒരു അത്ഭുതമായത് ഒരു കൌതുകത്തിന് അവിടെ നിര്‍ത്തിയിരിക്കുന്ന അപാര ഉയരമുള്ള ഒരു മനുഷ്യന്‍..രണ്ടു മണിക്കൂര്‍ കറക്കത്തിന്‌ ശേഷം അവിടെ നിന്ന് NTR പാര്‍ക്കിലേക്ക്.. പാര്‍ക്ക് കുട്ടികള്‍ക്ക് കൂടുതല്‍ രസകരം ആകുമായിരുന്നു. ജലത്തിന്റെ വിവിധ സാധ്യതകള്‍ ഉപയോഗിച്ചു പ്രകാശ വര്‍ണ്ണങ്ങള്‍ കലര്‍ത്തി ഉണ്ടാക്കിയ വ്യത്യസ്ത രൂപങ്ങള്‍.. പക്ഷെ ഞങ്ങള്‍ എത്തിയപ്പോള്‍ കൂടുതല്‍ ഇരുട്ടിയിരുന്നു. അതിനകത്ത് ചില കാഴ്ചകള്‍ക്ക് പ്രത്യേക ടിക്കറ്റ് വേണം.. പേടിപ്പിക്കുന്ന ഗുഹകള്‍, ബാറ്ററി വെഹിക്കിള്‍സ് എന്നിവ.
അവിടെ നിന്നും തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക്.. കുറച്ചു സാധനങ്ങള്‍ വാങ്ങി. കൂടാതെ അവിടെയുള്ള ഒരു 3D ഷോ കാണാനും കയറി. പിന്നെ ഒരു കണ്ണാടിക്കൂട്ടില്‍.. അകത്തു കയറിയാല്‍ പുറത്തിറങ്ങാന്‍ കുറച്ചു പാടുപെടും.. ഓരോന്നിനും പ്രത്യേകം ടിക്കറ്റ് വേണം..

ഏപ്രില്‍ 8  (രണ്ടാം ദിനം)..
രാമോജി ഫിലിം സിറ്റി.. ടിക്കറ്റെടുത്ത് വസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു അകത്തേക്ക്.. അതൊരു പ്രത്യേക ലോകം തന്നെ..വൈകുന്നേരം വരെ കണ്ടാലും തീരാത്ത അത്രയും വിസ്തൃതം.. ഒരു സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാം അവിടെ ഉണ്ട്.. ഉദയനാണ് താരം എന്ന ചിത്രം അവിടെയാണ് ഷൂട്ട് ചെയ്തത്.. ആദ്യം അവരുടെ ബസ്സില്‍ (ഉദയനാണ് താരം എന്ന സിനിമയില്‍ കാണുന്ന ബസ്) പ്രധാന ഭാഗങ്ങളിലൂടെ ഒരു പ്രദക്ഷിണം.. കൊട്ടാരങ്ങള്‍, നഗരങ്ങള്‍, ഗ്രാമം, ചരിത്ര സ്മാരകങ്ങളെ അനുസ്മരിപ്പിക്കുന്ന നിര്‍മ്മിതികള്‍, വിവിധ കെട്ടിടങ്ങള്‍, ഉദ്യാനങ്ങള്‍, അജന്ത എല്ലോറ ഗുഹകളുടെ മാതൃക, ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള ലോകാത്ഭുതങ്ങളുടെ ചെറു രൂപങ്ങള്‍ (ക്യാമറ വിരുതിലൂടെ യഥാര്‍ത്ഥമെന്നു തോന്നിക്കാന്‍ കഴിയുന്നവ), ജലധാരകള്‍, തീവണ്ടി, വിമാനം തുടങ്ങി എല്ലാം ..നാല് വശങ്ങള്‍ ഉള്ള  ഒരു കെട്ടിടം ഗൈഡ് കാണിച്ചു തന്നു. ഒരു വശം ലൈബ്രറി, മറ്റൊരു വശം ക്ഷേത്രം, മൂന്നാമത്തേത്‌ എയര്‍പോര്‍ട്ട്, നാലാമത്തേത് ആശുപത്രി. (നായകനും നായികയും ലൈബ്രറിയില്‍ പ്രണയം, സ്വകാര്യമായി ക്ഷേത്രത്തില്‍ കല്യാണം, രക്ഷപ്പെടാന്‍ എയര്‍പോര്‍ട്ട്, പിന്നെ പ്രസവത്തിനു ആശുപത്രി എല്ലാം ഒരൊറ്റ സ്പോട്ടില്‍ ചിത്രീകരിക്കാം എന്നാണു ഗൈഡ് പറഞ്ഞത്..) അവിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ലൈവ് ഷോ ഉണ്ടായിരുന്നു. ഒരു ചെറു രംഗം ഷൂട്ട് ചെയ്തു സിനിമയാക്കി കാണിച്ചു തന്നു സിനിമാ ഷൂട്ടിങ്ങിന്റെ സാങ്കേതികത ബോധ്യപ്പെടുത്തി. ചില സര്‍ക്കസ് രംഗങ്ങളുടെ പ്രദര്‍ശനം, "അജന്ത-എല്ലോറ" ഗുഹയിലൂടെ യാത്ര.. എന്തായാലും ഞങ്ങള്‍ക്ക് ഒരു പാട് ലക്ഷ്യങ്ങള്‍ ബാക്കിയുള്ളതിനാല്‍ കുട്ടികളുടെ പ്രതിഷേധം വകവയ്ക്കാതെ 4 മണിയോടെ മടങ്ങി..ചുട്ടു പൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ വിരളമായ തണലുകളിലേക്ക് രക്ഷ തേടുന്നവര്‍ ആയിരുന്നു അധികവും..
അടുത്ത ലക്‌ഷ്യം ചരിത പ്രാധാന്യമുള്ള ചാര്‍മിനാര്‍..മെക്കാ മസ്ജിദിലും ലുംബിനി പാര്‍ക്കിലും സ്ഫോടനം നടന്ന സമയമായതിനാല്‍, ശില്പ കലയുടെ ചാരുത വേണ്ടുവോളം ഉള്ള ഈ ചരിത്ര സൌധത്തിന്റെ അകത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.. എങ്കിലും അതിന്റെ പകല്‍ രൂപവും, പ്രകാശപൂരിതമായ രാത്രി രൂപവും കണ്ടു.. അതിനിടയില്‍ തൊട്ടടുത്ത മെക്ക മസ്ജിദും കണ്ടു. മസ്ജിദിന്റെ മുറ്റത്ത്‌ ധാരാളം പ്രാവുകള്‍ (അമ്പല പ്രാവുകള്‍ എന്ന് മലപ്പുറത്തുകാര്‍ പറയുന്ന) ഉണ്ടായിരുന്നു. ആളുകളുടെ സാമീപ്യം അവ ശ്രദ്ധിക്കുന്നില്ലായിരുന്നു. അവിടെ ഒരു മഖാം (ഖബറിടം) ഉണ്ട്. അപ്പോഴേക്കും ഇരുട്ട് പരന്നു കഴിഞ്ഞു. തൊട്ടടുത്തുള്ള pearl shop ല്‍ പ്രസിദ്ധമായ ഹൈദരാബാദ് പേള്‍സ്.. എല്ലാവരും ബന്ധുക്കള്‍ക്ക് വിതരണം ചെയ്യാനുള്ള തോത് കണക്കാക്കി വാങ്ങി. പരിശുദ്ധി ബോധ്യപ്പെടുത്താന്‍ കത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു. (അവിടത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തുന്നതാണ്‌ ഷോപ്പുകള്‍.. ഒന്നുകില്‍ തെരുവ് കച്ചവടം, അല്ലെങ്കില്‍ Branded items ..) മധ്യവര്‍ഗ്ഗം എന്ന വിഭാഗം കുറവാണെന്ന് അവിടത്തെ ആളുകള്‍ പറയുന്നു. ഭക്ഷണ ശേഷം വീണ്ടും ഹോട്ടലില്‍..


ഐ.ടി.സിറ്റിയിലൂടെ..

ശില്പാരാമം..

NTR പാര്‍ക്ക്..

രാമോജി പ്രവേശനകവാടം..

രാമോജിക്കകത്തെ നിര്‍മ്മിതികള്‍..

രാമോജി ദൃശ്യം..


ചാര്‍മിനാര്‍.. പകല്‍ ദൃശ്യം..

ചാര്‍മിനാര്‍... രാത്രിയില്‍ പ്രകാശപൂരിതമായി ജനങ്ങളുടെ തിരക്കിനു നടുവില്‍ ..

മെക്ക മസ്ജിദിനു മുന്നിലെ പ്രാവുകള്‍..

No comments: