ഒരു ഒഴിവുദിനം..
മലപ്പുറത്ത് നിന്ന് രാവിലെ 10 മണിക്ക് ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ യാത്ര തുടങ്ങി.. നിലമ്പൂര്‍, വഴിക്കടവ്, നാടുകാണി വഴി..
നാടുകാണി ചുരത്തിലൂടെയുള്ള യാത്ര എന്നും രസകരമാണ്. ഇരുട്ട് പരക്കാന്‍ തുടങ്ങിയാല്‍ ഈ ചുരത്തില്‍ ആനകള്‍ ഇറങ്ങുന്നതു ഇപ്പോള്‍ പതിവാണ്. ഹെയര്‍പിന്‍ വളവുകള്‍ ഇല്ലാത്ത ഈ ചുരത്തിലെ കാഴ്ചകള്‍ വയനാടന്‍ ചുരത്തിന്റെ അത്ര ഭംഗിയുള്ളതല്ല എന്നാണ് എന്റെ അനുഭവം. നാടുകാണിയില്‍ നിന്ന് വലത്തോട്ടു തിരഞ്ഞാല്‍ ഗൂഡല്ലൂര്‍-മൈസൂര്‍ ഭാഗത്തേക്കും ഇടത്തോട്ടു തിരിഞ്ഞാല്‍ മേപ്പാടി-വയനാട് ഭാഗത്തേക്കും എത്താം. മേപ്പാടി റൂട്ടില്‍ 4 കി.മീ. യാത്ര ചെയ്തു 12.30 നു ദേവാലയെത്തി. (രണ്ടര മണിക്കൂര്‍ യാത്ര).. അവിടെ റിസോര്‍ട്ടുകാരുടെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം അവരുടെ വാഹനത്തില്‍ (4 wheel) തുടര്‍യാത്ര. 6 കി.മീ. ദൂരത്തില്‍ രണ്ടു കി.മീ. മാത്രമാണ് ടാര്‍ ചെയ്തത്, ബാക്കിയെല്ലാം മണ്ണും ചെളിയും കുഴിയും നിറഞ്ഞ വഴി മാത്രം (റോഡെന്ന് പറയാനാവില്ല). 6 കി.മീ. ദൂരം പൂര്‍ത്തീകരിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ എടുത്തുവെന്നത് വഴിയുടെ അവസ്ഥയെ ബോധ്യപ്പെടുത്തും.
ഞങ്ങള്‍ എത്തിയപ്പോള്‍ ദേവാലയില്‍ മഴയായിരുന്നു. Wild Planet റിസോര്‍ട്ടില്‍ എത്തുമ്പോഴേക്കും മഴ കുറവായി. കോടമഞ്ഞ് മൂടിയ അന്തരീക്ഷം, എല്ലാ കാഴ്ചകളും മറയ്ക്കുന്ന വിധം മഞ്ഞു നിറഞ്ഞിരുന്നു. കൈയ്യെത്തും ദൂരത്ത് പോലും ഒന്നും കാണാത്ത അവസ്ഥ. തികച്ചും പുതിയ ഒരനുഭവമായിരുന്നു.
ഇടയ്ക്ക് ഒന്ന് തെളിയും.. വീണ്ടും മഞ്ഞു മൂടും.. ഇതായിരുന്നു അന്തരീക്ഷം. ഉച്ചഭക്ഷണം കഴിഞ്ഞു ആ മഞ്ഞിലൂടെ നടന്നു. കുട്ടികള്‍ക്കും അതിയായ താല്പര്യം. തണുപ്പ് അസഹനീയമായിരുന്നില്ല. കിട്ടിയ ഇടവേളകളില്‍ ക്യാമറ ഉപയോഗിച്ച് കൊണ്ടിരുന്നു. താമസിച്ച കോട്ടേജിന്റെ താഴെ ഭാഗം തേയില തോട്ടം. ഏതാനും മീറ്റര്‍ അകലെ കാടാണ്. വനമേഖലയിലെ കുന്നുകളും അവിടെ നിന്ന് കാണാം. ആ ഭാഗത്ത് ആനകളെ കാണാമെന്നു പറഞ്ഞെങ്കിലും ഒരെണ്ണത്തെ പോലും കാണാനായില്ല. അന്ന് സൂര്യന്റെ ചെറിയ കണിക പോലും കാണുകയുണ്ടായില്ല. പക്ഷെ നല്ല സുഖകരമായ കാലാവസ്ഥ..
അടുത്ത ദിവസം കാലത്ത് 6 മണിക്ക് എണീക്കുമ്പോള്‍ മഞ്ഞെല്ലാം മാറിയിരുന്നു. റൂമിലിരുന്നു കാണുന്ന കാഴ്ച പോലും അതിമനോഹരമായിരുന്നു. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള എന്റെ സുഹൃത്ത് ക്യാമറയും കൊണ്ട് നേരത്തെ ഇറങ്ങിയിരുന്നു. മഞ്ഞു മൂടുന്നതിനു മുന്പ് എല്ലാം പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു. പ്രാതലിനു ശേഷം ഒരു മണിക്കൂര്‍ Jungle Walk.. കുറച്ചു മലയണ്ണാനെ മാത്രം കണ്ടു. ചില പക്ഷികളെയും. തേയില നുള്ളുന്ന തൊഴിലാളികളും. അട്ടകള്‍ കടിക്കാതിരിക്കാന്‍ പുകയില, Detol എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം തൊഴിലാളികള്‍ കാലുകളില്‍ പുരട്ടുന്നുണ്ട്. അത് വളരെ നല്ല പ്രതിരോധമാണ്. നാടന്‍ മരുന്നുകളുടെ സാധ്യതകള്‍ നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ഇത്തരം അനുഭവങ്ങള്‍ സഹായിക്കും. അട്ടകളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് മടങ്ങിയെത്തിയപ്പോള്‍ ബോധ്യമായി. മൂന്നു മണിയോടെ അവിടെ നിന്ന് മടങ്ങി. ഗാഡ്ഗില്‍ വേണോ കസ്തൂരിരംഗന്‍ വേണോ എന്ന് തീരുമാനം ആകുമ്പോഴേക്കും കാടുകളും പ്രകൃതിയും ഇനിയും കോട്ടം തട്ടാതെ നിലനില്‍ക്കുന്നതിനു ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവി തലമുറയ്ക്ക് കാണാന്‍ കാടുകളുടെയും പ്രകൃതി ഭംഗിയുടെയും ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രമാകും ബാക്കിയുണ്ടാവുക..(ഫോട്ടോകള്‍ കാണുക.. Last Photo taken by my friend Rajeev)