Friday, January 4, 2013

Gavi (Pathanamthitta)

  















ഗവിയില്‍ 24 മണിക്കൂര്‍..
22-10-2012 തിങ്കള്‍..
കുറെ നാളത്തെ സ്വപ്ന സാഫല്യമായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന്റെ ഗവി യാത്ര.. 5 കുടുംബങ്ങള്‍.. 17 അംഗങ്ങള്‍..
പത്തനംതിട്ട ജില്ലയില്‍ സീതത്തോട്‌ പഞ്ചായത്തിലെ റാന്നി റിസര്‍വ് ഫോറസ്റ്റിനുള്ളിലാണ് ഈ പ്രദേശം. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ് ഗവി. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, വിവിധയിനം മാനുകള്‍, കാട്ടുപന്നി, സിംഹവാലന്‍ കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയവയ്ക്ക് പുറമേ 250 ഇനം പക്ഷിവര്‍ഗ്ഗങ്ങളും കൊണ്ട് സമ്പന്നമാണ് ഗവി. സമുദ്രനിരപ്പില്‍ നിന്നും 3399 അടി മുകളിലാണ് ഗവി. ഇടുക്കി ജില്ലയില്‍നിന്നും ഇവിടേയ്ക്ക് എത്തിച്ചേരാം. പത്തനംതിട്ടയില്‍ നിന്നുള്ള വഴി കൂടുതല്‍ ആസ്വാദ്യകരമായ കാഴ്ചകള്‍ ലഭിക്കുന്നതാണെങ്കിലും ഞങ്ങള്‍ കുമിളി വഴിയാണു പോയത്. (കുമിളിയില്‍ നിന്നും പത്തനംതിട്ടയിലേക്കും, പത്തനംതിട്ടയില്‍ നിന്നും കുമിളിയിലേക്കും അതിരാവിലെ ഓരോ ബസ്സുണ്ട്. ഉച്ചയോടെ ആ ബസുകള്‍ തിരിച്ചും..ബസ്സില്‍ വരുന്നവര്‍ക്ക് വൈകുന്നേരം വരെ തങ്ങി ബസ്സില്‍ മടങ്ങാം..)ദൂരം കുറവ് ആണെങ്കിലും കാടിനകത്തു കൂടിയുള്ള റോഡ്‌ വീതി കുറവും വളവുകള്‍ ഉള്ളതും ആയിരുന്നതിനാല്‍ യാത്രക്ക് സമയം എടുത്തു. വള്ളക്കടവിലെ ചെക്ക് പോസ്റ്റില്‍ പരിശോധനക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.. കാരണം ഒരു ദിവസം ഗവിയിലേക്കു പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍ മുന്‍‌കൂര്‍ ആയി ബുക്ക് ചെയ്തതിനാല്‍ തടസ്സം ഉണ്ടായില്ല. ഹരിത ഭംഗി നിറഞ്ഞ വഴിയോര കാഴ്ചകള്‍ തന്നെ നല്ലൊരു അനുഭവം ആയിരുന്നു. 3 മണിയോടെ ഗവിയിലെ ഫോറസ്റ്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ മാന്‍ഷനില്‍ (അവിടെ ലഭ്യമായ ഏക താമസസ്ഥലം, ഭക്ഷണത്തിനും അതുതന്നെ ആശ്രയം..) എത്തി. ഗ്രീന്‍ മാന്‍ഷനു മുന്നില്‍ നിന്നാല്‍ തന്നെ അവര്‍ണ്ണനീയമായ കാനനഭംഗി ആസ്വദിക്കാം. തൊട്ടു മുന്നില്‍ ഗവി തടാകം. അതിനപ്പുറം സൂര്യസ്പര്‍ശം ഏല്‍ക്കാത്ത ഇടതൂര്‍ന്ന വനം.. 1100 ഏക്കറില്‍ അധികം വിസ്തൃതിയുള്ള വനപ്രദേശം ആയതിനാല്‍ മൃഗങ്ങള്‍ കാടിന് പുറത്തേക്ക് വരുന്നത് പതിവ് കാഴ്ചയല്ല എന്ന് ഗൈഡ് പറഞ്ഞു. 


ഞങ്ങള്‌ എത്തിയപ്പോള്‍ മുതല്‍ മൂന്നു ഗൈഡുകള്‍ ഞങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. അവിടത്തെ ഭോജനശാലയില്‍ നിന്നും ലഭിച്ച ചായയും സ്നാക്സും കഴിച്ചു തടാകത്തിലൂടെ ഒരു ബോട്ട് യാത്ര. തുഴയുന്ന ബോട്ടില്‍ ലൈഫ് ജാക്കറ്റും ധരിച്ചു ഗൈഡുമാരുടെ നേതൃത്വത്തില്‍ തടാകത്തിനക്കരെയുള്ള വെള്ളച്ചാട്ടം കാണാന്‍.. ശക്തമാല്ലെങ്കിലും മഴ ഉണ്ടായിരുന്ന സമയമായതിനാല്‍ വെള്ളച്ചാട്ടം അതിന്റെ മുഴുവന്‍ സൌന്ദര്യത്തോടെ കാണാനായി. കാടിന്റെ ഉള്‍ഭാഗത്ത്‌ നിന്ന് ഉത്ഭവിച്ചു കാടിന്റെ ശുദ്ധിയും ഔഷധമൂല്യവും ഒത്തുചേര്‍ന്നു ഒഴുകിയെത്തുന്ന തെളിനീര്‍ മനസ്സും ശരീരവും തണുപ്പിച്ചു. ഇരുട്ട് പരന്നതോടെ എല്ലാവരും റൂമിലെത്തി. പിന്നീട് ഭക്ഷണം വിശ്രമം. അന്തരീക്ഷം അപ്പോഴേക്കും നന്നായി തണുത്തിരുന്നു. കമ്പിളി ജാക്കറ്റുകള്‍ ശരിക്കും ഗുണകരമായി..
23-10-12 ചൊവ്വ..
രാവിലെ ആറു മണിക്കു ജംഗിള്‍ സഫാരി. മൃഗങ്ങളെ തേടിയുള്ള യാത്ര. 6 പേര്‍ക്ക് ഒരു ജീപ്പ്. ഞങ്ങള്‍ മൂന്നു ജീപ്പുകളിലായി യാത്ര തുടങ്ങി. മൃഗങ്ങളെ കാണുക എന്നതാണു ലക്‌ഷ്യം. കുമിളിയില്‍ നിന്ന് പത്തനംത്തിട്ടയിലേക്കുള്ള KSRTC ബസ് എത്തുന്നതിനു മുന്‍പേ പോയില്ലെങ്കില്‍ റോഡിനു സമീപമുള്ള മൃഗങ്ങള്‍ കാടിനുള്ളിലേക്ക്‌ കയറും എന്നാണു അവര്‍ പറഞ്ഞത്. ഒരു ചായ പോലും കഴിക്കാതെ നടത്തിയ മൂന്നു മണിക്കൂര്‍ ഓട്ട പ്രദക്ഷിണത്തില്‍ ആന, കുറച്ചു മാന്‍, കാട്ടു പോത്ത്, കാട്ടു പന്നി, മലയണ്ണാന്‍ എന്നിവയെ മാത്രമാണു കാണാനായത്. ഗംഭീര പ്രാതലിനു ശേഷം ട്രക്കിംഗ്.. രണ്ടു കുടുംബങ്ങള്‍ വന്നില്ല. ബാക്കി മൂന്നു കുടുംബങ്ങള്‍ (കുട്ടികള്‍ ഉള്‍പ്പെടെ) രണ്ടു ഗൈഡുമാരുടെ (അജിയും ബേസിലും) കൂടെ കാടിനുള്ളിലേക്ക്‌. ഒമ്പതര മണിക്കു പുറപ്പെട്ടു. മേഘാവൃതമായ അന്തരീക്ഷം.. രണ്ടു കിലോമീറ്റര്‍ റോഡിലൂടെ.. അതിനു ശേഷം കാട്ടിലേക്ക് പ്രവേശിച്ചു. അവര്‍ നല്‍കിയ റെയിന്‍ കോട്ട് ചാറ്റല്‍ മഴയെ പ്രതിരോധിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. ആദ്യം പുല്ലുകള്‍ മാത്രമുള്ള കുന്നിന്‍ ചരിവിലൂടെ.. അതിന്റെ മുകളില്‍ നിന്ന് ശബരിമല സന്നിധാനത്ത്തിന്റെ വിദൂര ദൃശ്യം കാണാം. പിന്നീട് കുന്നിറങ്ങി കൊടും കാട്ടിനുള്ളിലേക്ക്‌.. അതിനിടയില്‍ മൂന്നു കാട്ടുപോത്തുകളെ കണ്ടു. കുന്നും മലകളും താണ്ടി കൊടും വനത്തിലൂടെയുള്ള യാത്രയില്‍ എല്ലാവരും അത്യാവശ്യം നനഞ്ഞു. കാട്ടിനുള്ളില്‍ നടക്കാനുള്ള വഴി മാത്രം ഉണ്ട്. ഒരു വരിയായി മുന്നിലും പിന്നിലും ഗൈഡുമാര്‍. അട്ടയില്‍ നിന്ന് രക്ഷ നേടാന്‍ നല്‍കിയ കാലുറകള്‍ ഭൂരിഭാഗം പേര്‍ക്കും ഗുണം ചെയ്തു. സ്വന്തം സോക്സ് കൊണ്ട് തൃപ്തിപ്പെട്ടവര്‍ക്ക് അട്ടകള്‍ ശല്യമായി. ഒരു സെക്കന്റ് നിന്നാല്‍ അട്ടകള്‍ കൂട്ടമായി കാലുറയിലേക്ക് കയറും. ഗൈഡുമാരുടെ കയ്യില്‍ കരുതിയ ഉപ്പ് ഉടന്‍ പ്രയോഗിക്കും. നടക്കുന്ന വഴിയില്‍ ഒരു അണലി. ആന മുറിച്ചു കടക്കുന്ന വഴി. മറ്റു മൃഗങ്ങള്‍ കടന്നു പോകുന്ന വഴികള്‍. കുന്തിരിക്കം ഉണ്ടാകാന്‍ ഉപയോഗിക്കുന്ന മരം. കാടിനകത്ത് ചുറ്റും കിടങ്ങ് കുഴിച്ചു നിര്‍മ്മിച്ച ഇടത്താവളം. പിന്നെ ഒരു അരുവി. പരന്ന ഒരു വെള്ളച്ചാട്ടവും. അട്ടകളെ തട്ടിക്കളഞ്ഞു വീണ്ടും മുന്നോട്ട്. കുത്തനെയുള്ള മലകയറ്റം അവസാനിക്കുമ്പോള്‍ അഗാധമായ താഴ്ചയില്‍ ഒരു താഴ്വാരം. അപ്പോഴും ചാറ്റല്‍ മഴ ഉണ്ടായിരുന്നു. കുറച്ചു കൂടി മുന്നോട്ട് എത്തിയപ്പോള്‍ ജീപ്പ് പോകുന്ന വഴിയില്‍ എത്തി. അവിടെ വെച്ച് ഒരു പ്രത്യേക എട്ടുകാലിയെ കാണിച്ചു തന്നു. Widow Spider എന്നാണു അവര്‍ പറഞ്ഞത്. ഭയങ്കര വിഷം ഉള്ളതാണെന്നും അണലിയുടെ കടിയേറ്റാല്‍ ഉള്ള അതെ അവസ്ഥയാകുമെന്നും അജി പറഞ്ഞു. വീണ്ടും ഒരു കുന്നിന്‍ ചെരുവിലൂടെ കയറി മെയിന്‍ റോഡില്‍.. നാല് മണിക്കൂര്‍ യാത്ര ചെയ്തത് ആരും അറിഞ്ഞില്ല. പറയത്തക്ക ക്ഷീണവും തോന്നിയില്ല.
ഉച്ചഭക്ഷണവും കഴിഞ്ഞു ഗവിയോടു യാത്ര പറഞ്ഞു. 24 മണിക്കൂര്‍ താമസത്തിനു മുതിര്‍ന്നവര്‍ക്ക് 2200 രൂപയും പന്ത്രണ്ടു വയസിനു താഴെ ഉള്ളവര്‍ക്ക് 1100 രൂപയും ആണ്. താമസം, ഭക്ഷണം, ബോട്ട് യാത്ര, സഫാരി, ട്രക്കിംഗ്, ഗൈഡ് എല്ലാം അതില്‍ ഉള്‍പ്പെടും.

3 comments:

Pisharody Krishnakumar said...

നല്ല വിവരണം, നല്ല ഫോട്ടോസ്. കുറച്ചു കൂടി ഗവിയിലെ അനുഭവങ്ങള്‍ ചേര്‍ക്കാമായിരുന്നു

ഗവിയിലേക്ക് എങ്ങിനെയാണ് ബുക്ക് ചെയ്യേണ്ടത്. എത്ര നാള്‍ മുന്‍പ്‌ ബുക്ക് ചെയ്യണം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ പറഞ്ഞു തരാമോ ?

Unknown said...

Phone number to contact (collected from website)
Tel: +91 4869 223270
Mob: +91 99474 92399

Unknown said...

കാനനയാത്രയുടെ ആസ്വാദനക്കുറിപ്പും ഫോട്ടോയും നന്നായി ....ഗവിയുടെ ഭംഗി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്‌്‌്